കൃഷി വകുപ്പ് ഓണക്കാലത്ത് നടത്തിയ ഓണസമൃദ്ധി കർഷകച്ചന്തകൾ ജനങ്ങൾക്ക് ആശ്വാസമായി. ഒപ്പം സർക്കാരിന്റെ ഈ വിപണി ഇടപെടൽ പൊതുവിപണിയിൽ ഉത്സവകാലത്ത് അനിയന്ത്രിതമായി വില കൂടുന്നത് തടയാനും സഹായമായി.
ഓണം സീസണിൽ പഴം പച്ചക്കറികൾക്ക് അധിക വില ഈടാക്കുന്ന പ്രവണത തടയാനും കർഷകർക്ക് ന്യായവില ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഉത്പന്നങ്ങൾ ലഭ്യമാക്കാനുമാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഓണസമൃദ്ധി പദ്ധതി ആരംഭിച്ചത്. ഇത്തവണയും പദ്ധതി വിജയകരമായി നടപ്പാക്കാനായി.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ഹോർട്ടികോർപ്പ് ,വി എഫ് പി സി കെ എന്നിവയുടെയും നേതൃത്വത്തിൽ 2000 കർഷക ചന്തകളാണ് സംസ്ഥാനമൊട്ടാകെ ആഗസ്ത് 17 മുതൽ 20 വരെ നാല് ദിവസങ്ങളിലായി സംഘടിപ്പിച്ചത്.
ഏകദേശം 1390 ടൺ പഴം-പച്ചക്കറികൾ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നേരിട്ടും 2230 ടൺ പഴം-പച്ചക്കറി ഹോർട്ടികോർപ്പ് മുഖേനയും 600 ടൺ പഴം-പച്ചക്കറി വി.എഫ്.പി.സി.കെയും നേരിട്ട് കേരളത്തിലെ കർഷകരിൽ നിന്നും സംഭരിച്ചിരുന്നു. ഇത്തരത്തിൽ പ്രാഥമിക കണക്കനുസരിച്ച് 4220 ടൺ പഴം-പച്ചക്കറികളാണ് പ്രാദേശിക കർഷകരിൽ നിന്നും നേരിട്ടുള്ള സംഭരണം.
വിപണികളിൽ ഉൽപ്പന്നങ്ങൾ കർഷകർക്ക് പൊതുവിപണിയിൽ ലഭിക്കുന്ന സംഭരണ വിലയേക്കാൾ 10 ശതമാനം വില അധികം നൽകി സംഭരിച്ച് ഉപഭോക്താക്കൾക്ക് പൊതുവിപണിയിൽ നിന്നും ലഭിക്കുന്ന വിലയേക്കാൾ പരമാവധി 30 ശതമാനം വരെ വിലക്കുറവിലാണ് വിറ്റഴിക്കപ്പെട്ടത്. സർക്കാരിന്റെ ഈ ഇടപെടൽകൊണ്ട് ഓണം സീസണിൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്ന കൃത്രിമ വിലവർദ്ധനവ് പഴം - പച്ചക്കറികൾക്ക് ഉണ്ടായില്ല.
തിരുവനന്തപുരത്ത് ഹോർട്ടികോർപ്പ് വിപണിയിൽ 27 രൂപയ്ക്ക് തക്കാളി വിൽപ്പന നടത്തിയപ്പോൾ പൊതുവിപണിയിൽ 30 രൂപ ആയിരുന്നു കഴിഞ്ഞ ദിവസം വില. ഇഞ്ചി 30 (60), ബീറ്റ്‌റൂട്ട് 43 (50) ,ഏത്തക്കായ് 42 (50), ഉള്ളി 48 (50), വെള്ളരി 12 (15), ചേന 29 (30), മത്തൻ 20 (21), ബീൻസ് 42 (49), ക്യാബേജ് 10 (33), ക്യാരറ്റ് 25 (75), മുരിങ്ങ 54 (60), പയർ 49 (55), പച്ചമുളക് 98 (120), പടവലം 24 (27), വഴുതന 52 (54), കോവയ്ക്ക 45 (55) എന്നിങ്ങനെയായിരുന്നു വ്യാഴാഴ്ചത്തെ കൃഷിവകുപ്പ് വിപണികളിലെ വില (ബ്രാക്കറ്റിനുള്ളിൽ പൊതുവിപണിയിലെ വില).
കൊല്ലത്ത് 70 രൂപയ്ക്ക് പൊതുവിപണിയിൽ വിറ്റു കൊണ്ടിരുന്ന പച്ചക്കറി കിറ്റ് ഓണസമൃദ്ധി കർഷക ചന്ത തുടങ്ങിയതോടുകൂടി 49 രൂപയായി വില കുറഞ്ഞു. ഇത്തരത്തിൽ എല്ലാ ജില്ലകളിലും പൊതുവിപണിയിലെ വില മണിക്കൂറുകൾക്കകം പല ഇനങ്ങൾക്കും കുറയ്ക്കാനുമായതാണ് ഓണസമൃദ്ധി കർഷക ചന്തകളുടെ നേട്ടമെന്ന് കൃഷി വകുപ്പ് വ്യക്തമാക്കി.
Share your comments