വീടുകളിൽ വല്ലപ്പോഴും പാകം ചെയ്യുന്നതു കൊണ്ട് തന്നെ കൂൺ വിഭവങ്ങൾക്ക് പ്രത്യേക രൂചിയാണല്ലേ! പണ്ട് നാട്ടുവരമ്പുകളിൽ കണ്ടു വന്നിരുന്ന ഭക്ഷ്യയോഗ്യമായ കൂണുകൾ ഇപ്പോൾ പാക്കറ്റുകളിലും ലഭിക്കാറുണ്ട്. കൂൺ കറിയോ, തോരനോ ആയിട്ടാണ് ഇന്നുവരെയും നമ്മുടെ വീടുകളിൽ ഉണ്ടാക്കിയിരുന്നത്. എന്നാൽ കൂൺ ഉപയോഗിച്ച് ഹെൽത്തിയും രുചികരവുമായ സ്നാക്സ് വിഭവങ്ങൾ തയ്യാറാക്കി നോക്കിയാലോ...
കൂടുതൽ വാർത്തകൾ: പാചകത്തിനായി കൂൺ എങ്ങനെ തിരഞ്ഞെടുക്കാം? അവ എങ്ങനെ സംഭരിച്ചുവെക്കാം?
കൂണ്‍ വട (Mushroom Vada)
ആവശ്യമുള്ള ചേരുവകൾ..
ചിപ്പിക്കൂണ്‍ - 200 ഗ്രാം, കടലപ്പരിപ്പ് - 100 ഗ്രാം, ചുവന്നുള്ളി - 50 ഗ്രാം, മുളകുപൊടി - 2 ടീസ്പൂണ്‍, ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍, കായപ്പൊടി - 1 ടീസ്പൂണ്‍, ഉപ്പ് ആവശ്യത്തിന്, എണ്ണ - 200 മി.ലി.
തയ്യാറാക്കുന്ന വിധം..
കടലപ്പരിപ്പ് 6 മണിക്കൂര്‍ വെള്ളത്തിൽ കുതിര്‍ത്ത് എടുക്കുക. കഴുകി വൃത്തിയാക്കിയ ചിപ്പിക്കൂണ്‍ തണ്ടില്‍ നിന്നും അടര്‍ത്തിയെടുക്കുക. കടലപ്പരിപ്പ്, ചുവന്നുള്ളി, ഇഞ്ചി എന്നിവ അരച്ചെടുക്കുക. ഇതില്‍ കായപ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. കടലപ്പരിപ്പ് മിശ്രിതത്തിൽ ചിപ്പിക്കൂൺ നന്നായി മുക്കി എടുത്ത ശേഷം എണ്ണയില്‍ വറുത്ത് കോരിയാൽ മതി.
കൂണ്‍ കട്ലറ്റ് (Mushroom cutlet)
ആവശ്യമുള്ള ചേരുവകൾ..
കൂണ്‍ - 250 ഗ്രാം, ഉരുളക്കിഴങ്ങ് - 200 ഗ്രാം, സവാള - 2 എണ്ണം, ഗ്രീന്‍പീസ് - 100 ഗ്രാം, ഇഞ്ചി ചെറുതായി അരിഞ്ഞത് - 1 ടീസ്പൂണ്‍ , മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍, മല്ലിപ്പൊടി - 2 ടീസ്പൂണ്‍, മസാലപ്പൊടി - 2 ടീസ്പൂണ്‍ (പട്ട, ഗ്രാമ്പു, ഏലയ്ക്ക), വെളിച്ചെണ്ണ - 200 മി.ലി, ഉപ്പ് പാകത്തിന്, മുട്ട - 2 എണ്ണം, വറുത്ത റൊട്ടിപ്പൊടി - 100 ഗ്രാം.
തയ്യാറാക്കുന്ന വിധം..
ചെറിയ കഷണങ്ങളാക്കി കട്ട് ചെയ്ത കൂൺ, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മസാലപ്പൊടി, ഉപ്പ്, അല്‍പ്പം വെള്ളം എന്നിവ ചേര്‍ത്ത് വേവിച്ചു മാറ്റിവയ്ക്കുക. വേവിച്ചെടുത്ത ഉരുളക്കിഴങ്ങും ഗ്രീന്‍ബീസും, പച്ചമുളക്, ഇഞ്ചി, സവാള, കറിവേപ്പില എന്നിവയും വറുത്ത് വേവിച്ച കൂണിലേക്ക് ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം ചെറിയ ഉണ്ടകളായി ഉരുട്ടിയെടുക്കണം. ഈ ഉരുളകൾ മുട്ടയുടെ വെള്ള പതപ്പിച്ചതില്‍ മുക്കിയശേഷം റൊട്ടിപ്പൊടിയില്‍ നന്നായി മുക്കി എണ്ണയില്‍ വറുത്ത് കോരുക.
കൂണ്‍ അട (Mushroom Masala Stuffed Snack)
ആവശ്യമുള്ള ചേരുവകൾ..
കൂണ്‍ - 100 ഗ്രാം, സവാള - 1 എണ്ണം, പച്ചമുളക് - 2 എണ്ണം, ഇഞ്ചി ചെറുതായി അരിഞ്ഞത് - അര ടീസ്പൂണ്‍, ഏലയ്ക്ക, ഗ്രാമ്പു -1 , ഒരു നുള്ള് മഞ്ഞപ്പൊടി, അരിമാവ് വറുത്തത് - 4 ടീസ്പൂണ്‍, എണ്ണ 50 മി.ലി
തയ്യാറാക്കുന്ന വിധം..
കൂണ്‍ വൃത്തിയായി കഴുകി ചെറുതായി അരിഞ്ഞ് മാറ്റിവയ്ക്കുക. ചൂടാക്കിയ എണ്ണയില്‍ കടുക്, സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക. കൂണ്‍ നുറുക്കിയതും, ഏലയ്ക്ക, ഗ്രാമ്പു, മഞ്ഞള്‍പൊടി എന്നിവയും ചേര്‍ത്ത് ഇളക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് അല്‍പം വെള്ളം തളിച്ച് അടച്ച് വച്ച് 10 മിനിട്ട് വേവിക്കുക. അരിമാവ് ചെറിയ ചൂടുവെള്ളത്തില്‍ ഉപ്പും ചേര്‍ത്ത് കുഴച്ച് വാഴയിലയില്‍ പരത്തുക. നടുവില്‍ കൂണ്‍ മിശ്രിതം വെച്ച് ഇല മടക്കി അറ്റം രണ്ടും യോജിപ്പിച്ചശേഷം കല്ലിൽ വെച്ച് ചുട്ടെടുക്കാം.
Share your comments