കേരളത്തിലെ വൈദ്യുതി നിരക്കിൽ ശരാശരി 6.6 ശതമാനം വർധനവ്. 2022-23 വർഷത്തേക്കാണ് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചതെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് അറിയിച്ചു. പുതുക്കിയ നിരക്ക് 2022 ജൂൺ 26 മുതൽ പ്രാബല്യത്തിൽ വന്നു. വൈദ്യുതി നിരക്ക് പരിഷ്കരണം സാധാരണക്കാരന് സംരക്ഷണം ഉറപ്പാക്കുന്നതിനാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ജനങ്ങൾക്ക് മേലുള്ള ബാധ്യത ഒഴിവാക്കി കെഎസ്ഇബിയുടെ നിലനിൽപ്പ് മുന്നിൽ കണ്ടാണ് പുതിയ നിരക്ക് നിശ്ചയിച്ചത്. ദുർബല വിഭാഗങ്ങൾ, കാർഷിക ഉപഭോക്താക്കൾ, ചെറുകിട വ്യവസായങ്ങൾ, ചെറുകിട കർഷകർ എന്നിവർക്ക് നിരക്ക് ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിറ്റ് | നിലവിലെ നിരക്ക് (Rs) | പുതുക്കിയ നിരക്ക് (Rs) |
50 | 193 | 193 |
100 | 388 | 410 |
250 | 638 | 675 |
200 | 973 | 1045 |
250 | 1363 | 1455 |
300 | 1850 | 1990 |
350 | 2420 | 2600 |
400 | 2880 | 3115 |
500 | 4495 | 4000 |
പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളെയും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവുമുള്ള ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഗാർഹിക ഉപഭോക്താക്കളെയും നിരക്ക് വർധനവിൽ നിന്ന് ഒഴിവാക്കി. ഏകദേശം 25 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.
അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അംഗൻവാടികൾ തുടങ്ങിയ വിഭാഗങ്ങളെ വർധനവ് ബാധിക്കില്ല. ഏകദേശം 35,200 ഉപഭോക്താക്കൾ ഈ വിഭാഗത്തിലുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: 5 ലക്ഷം രൂപ വരെ സൗജന്യ ഫാമിലി ഇൻഷുറൻസ്; അറിയേണ്ടതെല്ലാം
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും 1,000 വാട്ട് വരെ കണറ്റഡ് ലോഡ് ഉള്ളതുമായ കുടുംബങ്ങളിൽ ക്യാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉള്ളവർക്കും വർധനവ് ബാധകമല്ല. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സൗജന്യ നിരക്ക് തുടരും. ചെറിയ പെട്ടിക്കടകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1,000 വാട്ടിൽ നിന്ന് 2,000 വാട്ടായി വർധിപ്പിച്ചു. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
10 കിലോവാട്ട് വരെ കണക്റ്റഡ് ലോഡുള്ള ചെറുകിട വ്യവസായങ്ങളായ അരിപൊടിക്കുന്ന മില്ലുകൾ, തയ്യൽ ജോലി ചെയ്യുന്നവർ, തുണിതേച്ച് കൊടുക്കുന്നവർ തുടങ്ങിയവർക്ക് വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം തുടരും. ഇവർക്ക് ശരാശരി 15 പൈസയുടെ വർധനവ് വരുത്തിയിട്ടുണ്ട്. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധന യൂണിറ്റിന് 25 പൈസയിൽ താഴെയാണ്. 88 ലക്ഷം ഉപഭോക്താക്കൾ ഈ വിഭാഗത്തിലുണ്ട്.
ധാന്യം പൊടിക്കുന്ന മില്ലുകൾ, വെൽഡിങ് വർക്ഷോപ്പുകൾ, മറ്റു ചെറുകിട സംരംഭങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ചെറുകിട വ്യാവസായിക വിഭാഗത്തിൽ കണക്റ്റഡ് ലോഡ് 10 കിലോവാട്ട് വരെയുള്ള ഉപഭോക്താക്കൾ ഫിക്സഡ് ചാർജ് ഇനത്തിൽ പ്രതിമാസം 120 രൂപയാണ് ഇപ്പോൾ നൽകുന്നത്. ഇത് 120 രൂപയായിത്തന്നെ തുടരും. കണക്റ്റഡ് ലോഡ് 10 മുതൽ 20 വരെ പ്രതിമാസം 75 രൂപയായിരുന്നത് 80 രൂപയായും, 20 കിലോവാട്ടിന് മുകളിൽ 170 രൂപയായിരുന്നത് 185 രൂപയായും മാറി. എനർജി ചാർജ് ഇനത്തിൽ 20 കിലോവാട്ട് വരെ നിലവിൽ യൂണിറ്റിന് 5.65 രൂപയായിരുന്നത് 5.80 രൂപയായും, 20 കിലോവാട്ടിന് മുകളിൽ 5.75 രൂപയിൽ നിന്ന് 5.85 രൂപയായും മാറി.
Share your comments