മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് തസ്തികയിലേയ്ക്കുള്ള പരീക്ഷ ഓഗസ്റ്റ് 29ന് നടത്തും.
നേരിട്ടും തസ്തികമാറ്റം വഴിയും നിയമനത്തിന് അപേക്ഷ സമർപ്പിച്ചവർക്കായി (കാറ്റഗറി നമ്പർ: 41/20 & 42/20) എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒരു ഒ.എം.ആർ പരീക്ഷയാണ് നടത്തുക. അഡ്മിഷൻ ടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതുന്നതിനായി സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാതിയതിയ്ക്ക് ഏഴു ദിവസം മുൻപെങ്കിലും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ അറിയിക്കണം. പരിക്ഷയുടെ അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റിനൊപ്പം ‘എഴുതുവാൻ ബുദ്ധിമുട്ടുണ്ട്’ എന്ന് കാണിച്ച് ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ്, ഇവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാർക്ക് മാത്രമേ സ്‌ക്രൈബിനെ അനുവദിക്കുകയുള്ളൂ.
കോവിഡ് ബാധിതരോ, ക്വാറന്റീനിൽ കഴിയുന്നവരോ കണ്ടെയിൻമെന്റ് സോണിൽ നിന്നുള്ളവരോ അന്യസംസ്ഥാനത്തു നിന്നോ വിദേശത്തു നിന്നോ വന്നവരോ, പരീക്ഷയിൽ പങ്കെടുക്കുന്നവരിൽ ഉണ്ടെങ്കിൽ വിവരം പരീക്ഷയ്ക്ക് രണ്ടു ദിവസം മുൻപ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിലോ (kdrbtvm@gmail.com) ഫോണോ വഴി അറിയിക്കേണ്ടതാണ്.
കൊവിഡ് പോസിറ്റീവായ ഉദ്യോഗാർഥികൾ പ്രത്യേക വാഹനത്തിൽ എത്തിയാലേ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളൂ. ഇ-മെയിലിൽ ഉൾപ്പെടുത്തേണ്ട രേഖകൾ, കോവിഡ് പോസിറ്റീവ് ആയവർക്കുള്ള നിർദ്ദേശങ്ങൾ ഇവ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ ലഭ്യമാണ്.
Share your comments