കർഷകരുടെ സാമ്പത്തിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും യുവതലമുറയെ കാർഷിക വൃത്തിയിലേക്ക് ആകർഷിക്കാനുമായി രൂപീകരിച്ച കേരള കർഷക ക്ഷേമ നിധി ബോർഡിൽ ഈ മാസം രണ്ടാം വാരം മുതൽ കർഷകർക്ക് അംഗത്വം എടുക്കാം. ക്ഷേമനിധി ബോർഡിൽ അംഗമാകുന്ന കർഷകർക്ക് 60 വയസ്സിനു ശേഷം പെൻഷനായി പ്രതിമാസം 5,000 രൂപ വീതം സർക്കാർ നൽകും.
കർഷക ക്ഷേമനിധി ബോർഡിൽ അംഗത്വമെടുക്കാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെ? അപേക്ഷിക്കേണ്ടത് എങ്ങനെ? ആർക്കൊക്കെ അംഗമാകാം?
18 വയസ്സു തികഞ്ഞതും 55 വയസ്സ് പിന്നിടാത്തതുമായ ഏതൊരു കർഷകനും കേരള കർഷക ക്ഷേമ നിധി ബോർഡിൽ അംഗമാകാം. കേരള കർഷക ക്ഷേമനിധി ആക്ട് നിലവിൽ വന്ന പ്രാരംഭ തീയതിയിൽ (2019 ഡിസംബർ 20) 56 വയസ്സ് പൂർത്തിയായ ഏതൊരു കർഷകനും 65 വയസ്സു വരെ ക്ഷേമനിധിയിൽ അംഗമാകുന്നതിന് അർഹതയുണ്ട്.
കൃഷി, അനുബന്ധ മേഖലകളായ മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യകൃഷി, പട്ടുനൂൽപ്പുഴു കൃഷി, തേനീച്ച വളർത്തൽ, അലങ്കാര മത്സ്യകൃഷി, കൂൺ കൃഷി, കാട കൃഷി തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അംഗമാകാം. അംശദായം അംഗമാകുന്ന ഓരോ കർഷകനും പ്രതിമാസം കുറഞ്ഞത് 100 രൂപ വീതം ക്ഷേമനിധിയിലേക്ക് അംശദായമായി നൽകണം. അംഗങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രതിമാസ വിഹിതം ഉയർന്ന നിരക്കിൽ അടയ്ക്കാം. ഉയർന്ന നിരക്കിന് പരിധി നിശ്ചയിച്ചിട്ടില്ല.
അംശദായം വാർഷികമായോ അർദ്ധ വാർഷികമായോ ഒരുമിച്ച് അടയ്ക്കാം. അംഗങ്ങൾ, ക്ഷേമനിധിയിലേക്ക് അംശാദായമായി നൽകുന്ന തുകയുടെ തുല്യമായ തുക പരമാവധി പ്രതിമാസം 250 രൂപ എന്ന നിരക്കിൽ സർക്കാർ അംശാദായമായി നൽകും. പെൻഷൻ ആനുകൂല്യങ്ങൾ 5 വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശികയില്ലാതെ 60 വയസ്സു പൂർത്തീകരിക്കുകയും ചെയ്യുന്ന കർഷകന്, ഒടുക്കിയ അംശദായത്തിന്റെയും കാലയളവിന്റെയും ആനുപാതികമായി സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന തുക പ്രതിമാസ പെൻഷനായി ലഭിക്കും.
നിലവിൽ 5000 രൂപ പ്രതിമാസ പെൻഷനായി നൽകാനാണ് തീരുമാനം. എന്നാണോ 60 വയസ്സ് പൂർത്തീകരിക്കുന്നത്, അതിന്റെ തൊട്ടടുത്ത മാസം മുതൽ പെൻഷന് അർഹതയുണ്ടായിരിക്കും. 5 സെന്റിൽ കുറയരുത്, 15 ഏക്കറിൽ കൂടരുത് 5 സെന്റിൽ കുറയാതെയും, 15 ഏക്കറിൽ കവിയാതെയും വിസ്തീർണമുള്ള ഭൂമി കൈവശം വച്ചിരിക്കുകയും 3 വർഷത്തിൽ കുറയാത്ത കാലയളവിൽ കൃഷി–കൃഷി അനുബന്ധ പ്രവർത്തനങ്ങൾ പ്രധാന ഉപജീവന മാർഗമായി സ്വീകരിക്കുകയും വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയാത്തതുമായ ഏതൊരു വ്യക്തിക്കും കർഷകക്ഷേമ നിധി ബോർഡിൽ അംഗമാകാം.
മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്ത കർഷകർക്കും ഇതിൽ ചേരാം. എന്നാൽ, ഏലം, റബർ, കാപ്പി, തേയില എന്നീ തോട്ടവിള കൃഷിയിൽ ഏഴര ഏക്കറിൽ കൂടുതൽ ഭൂമി ഏതെങ്കിലും വിധത്തിൽ കൈവശം വയ്ക്കുന്നവർക്ക് അംഗമാകാൻ കഴിയില്ല. അപേക്ഷ ഓൺലൈനിലൂടെ കേരള കർഷക ക്ഷേമനിധി ബോർഡിന്റെ വെബ് പോർട്ടൽ വഴിയാണ് അംഗത്വത്തിനായി അപേക്ഷിക്കേണ്ടത്.
വിശദാംശങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. കർഷകർ നൽകേണ്ട രേഖകളും വിവരങ്ങളും കർഷകന്റെ പേരും വിലാസവും, ഭൂമി സംബന്ധമായ വിവരങ്ങൾ, വരുമാനം, കൃഷിയിൽ നിന്നുള്ള ആദായം, കരമൊടുക്കിയതിന്റെ രസീത്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കുടുംബാംഗങ്ങളുടെ വിവരങ്ങൾ, ബിസിനസ്, നോമിനി തുടങ്ങിയ വിവരങ്ങൾ, സാക്ഷ്യപത്രം, പാസ്പോർട്ട് സൈസ് ഫോട്ടോ. 6 പേജുള്ള അപേക്ഷയുടെ മാതൃക ഡൗൺ ലോഡ് ചെയ്ത ശേഷം വിവരങ്ങൾ ഉൾപ്പെടുത്തി അപ്‍ലോഡ് ചെയ്യുമ്പോൾ, റജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാകും. കർഷകന് താൽക്കാലിക ഐഡിയും പാസ്‍ വേഡും എസ്എംഎസായി ലഭിക്കും.
Share your comments