എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (KVK) വികസിപ്പിച്ച മീൻവളം വനിതാസംരംഭകരിലൂടെ വിപണിയിലേക്ക്. കെവികെയുടെ സാങ്കേതികവിദ്യ സ്വീകരിച്ച് മീൻവള നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചാണ് വീട്ടമ്മമാരായ സിനി ഷായും ഐവി ജോസും ഉൽപ്പന്നം വിപണിയിൽ എത്തിക്കുന്നത്. വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതൊടൊപ്പം മീൻവളം ആവശ്യക്കാരിലെത്തിച്ച് ജില്ലയിൽ അടുക്കളത്തോട്ടങ്ങൾ സമ്പുഷ്ടമാക്കുകയാണ് കെവികെയുടെ ലക്ഷ്യം.
കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്ന് ലഭിച്ച പരിശീലനത്തിന് ശേഷമാണ് മീൻവള നിർമ്മാണ രംഗത്ത് സ്റ്റാർട്ടപ്പ് സംരംഭം തുടങ്ങാൻ വീട്ടമ്മമാർ മുന്നിട്ടിറങ്ങിയത്. ചെറായി സ്വദേശിയായ സിനി ഷായും മുനമ്പം സ്വദേശി ഐവി ജോസും യഥാക്രമം 'ലച്ചൂസ് മൽസ്യവളം', 'ഐവീസ് അഗ്രോ ഹബ്' എന്നീ പേരുകളിൽ വ്യത്യസ്‌ത സ്റ്റാർട്ടപ്പ് യൂണിറ്റുകൾക്ക് തുടക്കമിട്ടത്. തപാൽ വഴിയും ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയുമാണ് ആദ്യഘട്ടത്തിൽ മീൻവളം ആവശ്യക്കാരിലെത്തിക്കുന്നത്.
തൃശൂര്‍ കെ.വി.കെ -കര്‍ഷകര്‍ക്കൊരു കൈത്താങ്ങ്
മീൻ മാർക്കറ്റുകളിലും മറ്റും വരുന്ന അവശിഷ്ടങ്ങൾ അത്രതന്നെ അളവിൽ ചകിരിച്ചോറുമായി കലർത്തി സൂക്ഷ്മാണു മിശ്രിതം ഉപയോഗിച്ചാണ് 'ഫിഷ്‌ലൈസർ' എന്ന പേരിൽ മീൻവളം തയ്യാറാക്കിയിരിക്കുന്നത്. എയ്‌റോബിക് കമ്പോസ്റ്റിംഗ് പ്രക്രിയയിലൂടെ ഉണ്ടാക്കുന്ന ഈ മൽസ്യവളത്തിൽ പോഷകങ്ങളോടൊപ്പം മണ്ണിന് ഗുണകരമായ ധാരാളം സൂക്ഷ്മ ജീവികളുമുണ്ട്. സൂക്ഷ്മാണു മിശ്രിതം ഉപയോഗിക്കുന്നതിനാൽ അൽപം പോലും ദുർഗന്ധവും ഉണ്ടാവില്ല. ജലാംശം പൂർണമായും ചകിരിച്ചോർ ആഗിരണം ചെയ്യുന്നതിനാൽ മീനിലെ പോഷകങ്ങൾ നഷ്ടപ്പെടാതെ പൂർണമായും ചെടികൾക്ക് ലഭ്യമാകും എന്ന പ്രത്യേകതയുമുണ്ട്.
മീൻവളം, വിളകൾക്ക് പ്രത്യേകിച്ഛ് പച്ചക്കറികൾക്ക് അത്യുത്തമമാണ്. വൃക്ഷായുർവേദത്തിൽ പോലും മീൻ വളത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. കടൽ മത്സ്യങ്ങളിൽ നൈട്രജന്റെയും സൂക്ഷ്മ മൂലകങ്ങുളുടെയും അളവ് കൂടുതലായതിനാൽ പച്ചക്കറി തൈകൾ തഴച്ചു വളരുന്നതിനും പൂവിടുന്നതിനും കായ്ക്കുന്നതിനും നല്ലതാണ്. മീൻ വളം നൽകുന്നുണ്ടെങ്കിൽ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കുവാനും സാധിക്കും.
സെപ്റ്റംബർ മാസം തെങ്ങിന് ഈ വളം നൽകിയാൽ നൂറിരട്ടി വിളവ്
കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായാണ് മീൻ അവശിഷ്ടങ്ങളുപയോഗിച്ച് കെവികെ മീൻവള സാങ്കേതികവിദ്യ വികസിപ്പിച്ചത്. പച്ചക്കറികൾക്ക് 100 ഗ്രാം എന്ന തോതിൽ അടിവളമായും 15 ദിവസം ഇടവേളകളിൽ 50 ഗ്രാം വീതം മേൽവളമായും ചുവട്ടിൽ ഇളക്കി ചേർത്തു കൊടുക്കാം. ഒരു കിലോയുടെ പായ്ക്കറ്റിന് 60 രൂപയാണ് വില.
തപാലിൽ ലഭിക്കാൻ കെവികെയുടെ വനിതാ സംരംഭകരെ ബന്ധപ്പെടുക: ഐവീസ് അഗ്രോ ഹബ് - 9349257562, ലച്ചൂസ് മൽസ്യവളം - 9249203197.
Share your comments