മത്സ്യത്തൊഴിലാളി വനിതകൾക്ക് ഹൈജീനിക് റഫ്രിജറേറ്റഡ് മൊബൈൽ ഫിഷ് വെൻഡിംഗ് കിയോസ്‌ക് സംവിധാനം നൽകുന്നു. മിതമായ നിരക്കിൽ ഗുണമേന്മയുള്ള മത്സ്യം ഉപഭോക്താക്കൾക്ക് എത്തിക്കാനും മത്സ്യത്തൊഴിലാളി വനിതകളുടെ വ്യാപാരം മെച്ചപ്പെടുത്താനും ശീതീകരണ സംവിധാനത്തോടു കൂടിയ ഫിഷ് വെൻഡിംഗ് കിയോസ്‌ക് സംവിധാനം ഫിഷറീസ് വകുപ്പ് സാഫ് വഴിയാണ് നടപ്പിലാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഗൃഹനാഥരായ വനിതകളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം
ഒപ്പം വനിതകൾക്ക് പരിശീലനവും
ഉപഭോക്താവിന് ഗുണമേന്മയുള്ള മത്സ്യം എത്തിക്കുക, നല്ല മത്സ്യം കൈകാര്യം ചെയ്യുക, സംസ്‌കരിക്കുക, ശുചിത്വ രീതികൾ എന്നിവയിൽ പരിശീലനം നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 2019 സെപ്തംബറിൽ ഫിഷറീസ് വകുപ്പും ഐസിഎആർ-സിഐഎഫ്ടിയും സാഫുമായി ഒപ്പുവെച്ച കരാർ അനുസരിച്ച് മത്സ്യത്തൊഴിലാളി വനിതകളുടെ സഹായത്തിനായി 20 യൂണിറ്റ് ശീതീകരിച്ച മൊബൈൽ കിയോസ്‌കുകൾ നിർമിച്ച് വിവിധ ജില്ലകളിലെ തീരമൈത്രി പദ്ധതിയ്ക്ക് കീഴിലുള്ള സംഘങ്ങൾക്ക് വിതരണം ചെയ്തിരുന്നു. ഇതിനായി 16 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
ആദ്യഘട്ടത്തിൽ 20 കിയോസ്‌കുകൾ
കിയോസ്‌കുകൾക്ക് 100 കിലോ മത്സ്യം വരെ ശുചിത്വമുള്ള ശീതീകരിച്ച അറകളിൽ സൂക്ഷിക്കാൻ ശേഷിയുണ്ട്. മാത്രമല്ല വിൽപന നടത്തുന്ന പ്രദേശങ്ങളിലെ ദുർഗന്ധം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നും 44 ഗുണഭോക്താക്കളെ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ സിഐഎഫ്ടി മുഖേന നിർമിച്ച 20 കിയോസ്‌കുകൾ (തിരുവനന്തപുരം-1, കൊല്ലം-6, കോട്ടയം-2, ആലപ്പുഴ-2, എറണാകുളം-4, തൃശൂർ-1, കോഴിക്കോട്-4) വിതരണം ചെയ്തു.
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സിഐഎഫ്ടി രൂപകൽപന ചെയ്ത 26 ഹൈജീനിക് റഫ്രിജറേറ്റഡ് മൊബൈൽ ഫിഷ് വെന്റിംഗ് കിയോസ്‌കുകൾ സാഫിന്റെ ഗുണഭോക്ത്യ ഗ്രൂപ്പുകൾക്ക് വിതരണം ചെയ്യുന്നു.
രണ്ട് പേരടങ്ങുന്ന മത്സ്യത്തൊഴിലാളി വനിതകൾക്കാണ് കിയോസ്‌കുകൾ വിതരണം ചെയ്യുന്നത്. ഇതിനായുള്ള ഗുണഭോക്തൃ ഗ്രൂപ്പുകളെയും വിവിധ ജില്ലകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പദ്ധതിയിൽ ഒരു കിയോസ്‌ക് ലഭിക്കാനായി 11,900 രൂപയാണ് ഗുണഭോക്തൃ വിഹിതമായി നൽകേണ്ടത്. ഇതിൽ 14 കിയോസ്‌കുകൾ വിതരണം ചെയ്തിട്ടുണ്ട്. ബാക്കി 11 എണ്ണം വിതരണം ചെയ്യും.
Share your comments