കണ്ണൂർ: മഞ്ഞൾ കൃഷിക്ക് പേരുകേട്ട മലപ്പട്ടം ഗ്രാമത്തിലെ കർഷകർക്ക് സുവർണ്ണ കാലം. വിപണിയിൽ 90 രൂപ വിലയുള്ള മഞ്ഞൾ 110 രൂപ നൽകിയാണ് കർഷക കൂട്ടായ്മയായ മലപ്പട്ടം സ്പൈസസ് കമ്പനി കർഷകരിൽ നിന്ന് സംഭരിച്ചത്. കർഷകരിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി മൂല്യവർധിത ഉൽപന്നമാക്കി വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മലപ്പട്ടം സ്പൈസസ് കമ്പനി ഓണത്തിന് വിപണിയിൽ എത്തിക്കുന്നത് 20 കിന്റൽ മഞ്ഞൾ.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ കൃഷി ചെയ്ത് ലാഭം നേടാം
മഞ്ഞൾ കർഷകരെ പ്രോത്സാഹിപ്പിക്കാൻ മലപ്പട്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിലൂടെ 250 പേർ പദ്ധതിയുടെ ഭാഗമായി കൃഷി തുടങ്ങി. ഇവർ ഉൽപ്പാദിപ്പിക്കുന്ന മഞ്ഞൾ സംഭരിച്ച്, സംസ്‌കരിച്ച് വിപണിയിലെത്തിക്കുകയാണ് മലപ്പട്ടം സ്പൈസസ് കമ്പനി. മഞ്ഞൾ പൊടി, വിത്ത്, ഉണക്കിയ മഞ്ഞൾ എന്നിങ്ങനെയാണ് വിൽപ്പന.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ കൃഷി: പോളിഹൗസിൽ മഞ്ഞൾ വളരാനുള്ള പ്രധാന കാരണങ്ങൾ
ഓണത്തിന് 20 ക്വിന്റൽ മഞ്ഞൾ ആവശ്യക്കാരിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി 12 ക്വിന്റൽ ഉണക്കിയതും അഞ്ച് ക്വിന്റൽ പച്ച മഞ്ഞളും സംഭരിച്ചു കഴിഞ്ഞു. ബാക്കി സംഭരണം തുടരും. സഹകരണ ബാങ്കുകളുടെ ഓണകിറ്റുകൾ, ഓണച്ചന്ത, വിപണനമേളകൾ എന്നിവ വഴി അഞ്ച് ക്വിന്റൽ ഇതിനകം വിറ്റഴിച്ചു. പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരാണ് ഉൽപ്പന്നങ്ങളുടെ പാക്കിംഗ് നടത്തുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കസ്തൂരി മഞ്ഞള്‍ - ലാഭം നേടിത്തരും ഔഷധവിള
കർഷകരിൽ നിന്ന് ശേഖരിച്ച കുരുമുളക്, തേൻ, വെളിച്ചെണ്ണ, പച്ചക്കറി, മുത്താറി, വയനാടൻ സ്പൈസസ് തുടങ്ങിയവയും വിപണന കേന്ദ്രങ്ങളിൽ ലഭ്യമാണ്. ഓണത്തിന് മുന്നോടിയായി കമ്പനിയുടെ പുതിയ ഓഫീസും വിൽപ്പന കേന്ദ്രവും മലപ്പട്ടത്ത് പ്രവർത്തനം തുടങ്ങി. കൃഷി വകുപ്പിന് കീഴിലെ എസ്എഫ്എസിയുടെ സഹായത്താൽ സംസ്ഥാനത്ത് ആരംഭിച്ച 32 കമ്പനികളിൽ ഒന്നാണ് രണ്ട് വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ മലപ്പട്ടം സ്പൈസസ്. അടുത്ത വർഷം കേരളത്തിന് പുറത്തേക്ക് കയറ്റുമതി ആരംഭിക്കുന്നതോടെ കൂടുതൽ വരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലപ്പട്ടത്തെ മഞ്ഞൾ കർഷകർ.
Share your comments