കോട്ടയം: കനത്ത മഴയെ തുടർന്ന് മടവീഴ്ചയുണ്ടായി കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ തട്ടേപ്പാടം വട്ടക്കായല് പാടശേഖരത്തെ കൃഷി മുങ്ങി. അഞ്ച് ദിവസത്തോളം പൂര്ണ്ണമായി വെള്ളത്തില് മുങ്ങിക്കിടന്ന നെല്ച്ചെടികള് നിലംപൊത്തിയ നിലയിലാണിപ്പോൾ. നെല്ല് നശിച്ചു വീണ്ടും കൃഷിയിറക്കേണ്ടി വന്നാല് ഇവർക്കുണ്ടാകുന്ന നഷ്ടം ലക്ഷങ്ങളാണ്. If the paddy is destroyed and they have to cultivate again, they will lose lakhs
205 ഏക്കര്‍ വിസ്തൃതിയുള്ള തട്ടേപ്പാടം വട്ടക്കായല്‍ പാടശേഖരത്ത് മൂന്നാഴ്ച മുമ്പാണ് വിത്തിറക്കിയത്. ഏക്കറിന് ഇരുപത്തിഅയ്യായിരം രൂപയോളമാണ് ചെലവ്. കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് പാടത്ത് മടവീഴ്ചയുണ്ടാവുകയും കൃഷി അപ്പാടെ വെള്ളത്തിലാവുകയുമായിരുന്നു. ഒരു നെൽച്ചെടിനാമ്പുപോലും കാണാനാവാതെ കായൽപോലെ 205 ഏക്കറിലും വെള്ളം കയറി നശിച്ചു.
വാടകയ്‌ക്കെടുത്ത പമ്പുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കുവാന്‍ കര്‍ഷകര്‍ കഠിന പ്രയത്‌നം നടത്തിയപ്പോൾ വൈദ്യുതി മുടക്കം വില്ലനായി അവതരിച്ചു. തുടര്‍ന്ന് ജനറേറ്റര്‍ സംവിധാനം ഉള്‍പ്പടെ എത്തിച്ച് 5 ദിവസത്തോളം തുടര്‍ച്ചയായി പമ്പിംഗ് നടത്തിയാണ് പാടത്തെ വെള്ളം വറ്റിച്ചത്. ഇതോടെ ഇതേവരെ ഇവിടെ വിരിപ്പു കൃഷിക്കായി ചിലവാക്കിയ തുക പിന്നെയും ഉയര്‍ന്നു. കൃഷി തുടങ്ങും മുമ്പ് ബണ്ട് നിര്‍മ്മാണത്തിനായി കര്‍ഷകര്‍ ചെലവാക്കിയ ലക്ഷങ്ങളുടെ കണക്കുകൾ വേറെയുമുണ്ട്.
ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന നെല്‍ച്ചെടികളില്‍ 50 ശതമാനത്തോളം നശിക്കാനാണ് സാധ്യതയെന്ന് പാടശേഖര സമിതി പ്രസിഡന്റ് കെ.വി കേശവന്‍ പറയുന്നു. ഇനിയുള്ള ദിവസങ്ങളില്‍ നല്ല വെയില്‍ കിട്ടിയാല്‍ മാത്രം കൂടുതല്‍ ചെടികള്‍ അതിജീവിച്ചേക്കാം എന്നൊരു പ്രതീക്ഷ മാത്രമാണുള്ളതെന്നും ഇവർ പറയുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് വെച്ചൂരില്‍ നശിച്ചത് ഒരുലക്ഷം വാഴകള്‍
Share your comments