കോവിഡ് മൂലം പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ബാങ്ക് വായ്പയിൽ പലിശ സബ്സിഡി അനുവദിക്കുന്നു. വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന വ്യവസായ ഭദ്രത പദ്ധതി പ്രകാരം 2020 ഏപ്രിൽ 1 മുതൽ 2020 ഡിസംബർ 31 വരെ ബാങ്കിൽനിന്ന് എടുത്തിട്ടുള്ള അധിക പ്രവർത്തന മൂലധന വായ്പയ്ക്കോ അധിക ടേം ലോണിനോ ആണ് പലിശ സബ്സിഡി ലഭിക്കുക.
ഇത്തരം വായ്പകൾ ലഭിച്ചിട്ടുള്ള ഉൽപാദന മേഖലയിലെ അല്ലെങ്കിൽ ജോബ് വർക്ക്/സർവ്വീസ് മേഖലയിൽ പ്രവർത്തിക്കുന്ന എംഎസ്എംഇ യൂണിറ്റുകൾക്ക് ആറുമാസത്തെ പലിശയുടെ 50 ശതമാനം പലിശ സബ്സിഡിയായി ലഭിക്കും.
ഒരു വായ്പയ്ക്ക് പരമാവധി 30,000 രൂപയാണ് സബ്സിഡി. ടേം ലോൺ ആൻ്റ് വർക്കിംഗ് ക്യാപിറ്റൽ ലോൺ എന്നിവ എടുത്തിട്ടുള്ള യൂണിറ്റിന് പരമാവധി 60,000 രൂപയുമാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക. ഇത്തരം യൂണിറ്റുകൾ 01/01/2020 മുതൽ 15/03/2020 വരെ പ്രവർത്തിച്ചിട്ടുള്ള യൂണിറ്റുകൾ ആയിരിക്കണം.
ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം ഇസിഎൽജിഎസ് (എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരൻ്റീ സ്കീം) പദ്ധതി പ്രകാരം വായ്പ ലഭിച്ചിട്ടുള്ള ഉത്പാദന/സർവ്വീസ് മേഖലയിലെ എം എസ് എം ഇ യൂണിറ്റുകൾക്കും ഈ പലിശ സബ്സിഡിയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
വ്യവസായ വകുപ്പിൻ്റെ വെബ് സൈറ്റ് ആയ www.industry.kerala.gov.in എന്ന വെബ്സൈറ്റ് വഴി വ്യവസായ ഭദ്രത പാക്കേജിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് വ്യവസായ ഓഫീസുകളിലോ, ബ്ലോക്ക്/മുൻസിപ്പാലിറ്റി വ്യവസായ വികസന ഓഫീസുമായോ ജില്ലാ വ്യവസായകേന്ദ്രത്തിലോ ബന്ധപ്പെടേണ്ടതാണ്. ഫോൺ : 04872361945, 2360847
Share your comments