ഇന്ത്യക്കാരായ അധ്യാപകർക്ക് യുകെയിൽ തൊഴിലവസരം. കണക്ക്, സയൻസ്, ഭാഷാ അധ്യാപകർക്കാണ് അവസരം. ഇവരുടെ ഡിമാൻഡ് യുകെയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇന്റർനാഷണൽ റീലൊക്കേഷൻ പേയ്‌മെന്റ് (IRP)) സ്കീമിന് കീഴിൽ, ഈ വിഷയങ്ങൾ പഠിപ്പിക്കുന്ന നൂറുകണക്കിന് അധ്യാപകരെ റിക്രൂട്ട് ചെയ്യാനാണ് യുകെ ഗവൺമെന്റിന്റെ പദ്ധതി. ഇംഗ്ലണ്ടിലെ അധ്യാപക ഒഴിവുകൾ നികത്തുന്നതിനായി പത്തു ലക്ഷത്തിലധികം രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണിത്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/05/2023)
“ലോകമെമ്പാടുമുള്ള, നാനൂറിലധികം അധ്യാപകർക്ക് ഞങ്ങളുടെ സ്‌കൂളുകളിൽ പഠിപ്പിക്കാനുള്ള അവസരം നൽകുന്ന ഒരു വർഷത്തെ ട്രയൽ പദ്ധതി കഴിഞ്ഞ മാർച്ചിലാണ് ഞങ്ങൾ ആരംഭിച്ചത്. രാജ്യത്തെ എല്ലാ കുട്ടികൾക്കും മികച്ച അധ്യാപകരെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ കണ്ടെത്തുന്ന നിരവധി മാർഗങ്ങളിൽ ഒന്നാണിത്,” യുകെ വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ) പ്രസ്താവനയിൽ പറഞ്ഞു.
ഇന്റർനാഷണൽ റീലൊക്കേഷൻ പേയ്‌മെന്റ് (IRP) സ്കീമിനെ കുറിച്ച്
2023 മുതൽ 2024 വരെയുള്ള അധ്യയന വർഷത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഇന്റർനാഷണൽ റീലൊക്കേഷൻ പേയ്‌മെന്റ് (ഐആർപി), യുകെയിൽ നടപ്പിലാക്കുന്നത്. വിദേശ രാജ്യങ്ങളിലെ അധ്യാപകർക്ക് രാജ്യത്ത് ജോലി വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. അവരുടെ വിസ, ഇമിഗ്രേഷൻ ചാർജ്, ഹെൽത്ത് ചാർജ്, റീലൊക്കേഷൻ ചെലവുകൾ എന്നിവയെല്ലാം ഈ സ്കീം വഹിക്കും.
ഇന്ത്യ, ഘാന, സിംഗപ്പൂർ, ജമൈക്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നുള്ള കണക്ക്, സയൻസ്, ഭാഷാ അധ്യാപകരെയാണ് ഈ പദ്ധതിക്കു കീഴിൽ യുകെ സർക്കാർ അന്വേഷിക്കുന്നത്. ഇതിനായി റിക്രൂട്ട്മെന്റ് നടപടികളും സർക്കാർ ആരംഭിച്ചു കഴിഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ഡിഎഫ്സിസിഐഎല്ലിലെ 535 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
യോഗ്യരായ അധ്യാപകർ ബിരുദവും ഏതെങ്കിലുമൊരു അംഗീകൃത സ്ഥാപനത്തിൽ നിന്നും അധ്യാപക പരിശീലനവും പൂർത്തിയാക്കിയിരിക്കണം. ഇവർക്ക് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. കൂടാതെ, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രതിവർഷം ഏകദേശം 27 ലക്ഷം രൂപ ആയിരിക്കും ഇവർക്ക് ശമ്പളം ലഭിക്കുക.
അടുത്ത അധ്യയന വർഷത്തിൽ നാനൂറോളം അധ്യാപകർക്ക് ഇന്റർനാഷണൽ റീലൊക്കേഷൻ പേയ്‌മെന്റ് സ്കീം വഴി രാജ്യത്ത് ജോലി ലഭിക്കുമെന്ന് അധികൃതർ പറയുന്നു. പദ്ധതി വിജയിച്ചാൽ, സാവധാനം മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെയും ഈ പദ്ധതിക്കു കീഴിൽ റിക്രൂട്ട് ചെയ്യുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ജില്ലാ ശുചിത്വമിഷൻ ഓഫീസുകളിൽ ഡെപ്യൂട്ടേഷൻ നിയമനം
Share your comments