ഇതൊക്കെ അറിഞ്ഞാൽ ചക്കക്കുരു കളയാൻ പറ്റുമോ ?
അതിവിദൂരമല്ലാത്ത ഭാവിയിൽ ചക്കക്കുരുവും ബ്രസീൽ നട്ടിനൊപ്പമെത്താൻ സാധ്യതയുണ്ട്. അത്രയ്ക്കു വലിയ കുതിച്ചു ചാട്ടമാണ് ചക്കക്കുരുവിന്റെ വിലയിലുണ്ടായിരിക്കുന്നത്. കിലോഗ്രാമിന് 80–100 രൂപയാണു ചക്കക്കുരുവിന് ഇപ്പോൾ വില. ചക്കക്കുരുവിന്റെ ഗുണങ്ങൾ തന്നെയാണ് ഈ വിലവർധയ്ക്കു കാരണം.
കാൻസർ സാധ്യത അറിയാൻ ചക്കക്കുരുവിനു സാധിക്കും, ചക്കക്കുരു നാരുകളുടെ കലവറയാണ്, മുഖത്തു തിളക്കുമുണ്ടാക്കാൻ സഹായിക്കും തുടങ്ങിയ ചക്കക്കുരു മാഹാത്മ്യങ്ങൾ ഓരോന്നായി പുറത്തുവന്നതോടെയാണ് വിപണിയിൽ കുതിപ്പുണ്ടായത്.
ജാക്ക് സീഡ് മസാല, പോട്ട് റോസ്റ്റഡ് ജാക്ക് സീഡ്, സ്വീറ്റി ജാക് സീഡ് തുടങ്ങി സ്റ്റാർ ഹോട്ടലിലെ മെനുവിൽ മുൻനിരയിലുള്ള ചക്കക്കുരുവിനു വിലയിൽ മാറ്റമുണ്ടാകുന്നത് സ്വാഭാവികം മാത്രം. ചക്ക ഇഷ്ടപ്പെടുന്നവർ പോലും ചക്കക്കുരുവിനെ പുറന്തള്ളിക്കളയുകയായിരുന്നു സമീപകാലം വരെ.
ചക്കയ്‌ക്ക് സ്വാദും ആരോഗ്യഗുണങ്ങളുമുണ്ടെങ്കിലും ചക്കക്കുരുവിന് ഇതൊന്നും തന്നെയില്ലെന്നു കരുതുന്നവരായിരുന്നു പലരും. ധാരാളം ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളുമെല്ലാം ചക്കക്കുരുവിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം, സിങ്ക്, ഫോസ്‌ഫറസ് തുടങ്ങിയവയെല്ലാം ചക്കക്കുരുവിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷണങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്.
കപ്പ ചക്കക്കുരു മിക്‌സ്, ചക്കക്കുരു ഉപ്പേരി, അവിയൽ തുടങ്ങി രുചിയേറുന്ന ചക്കക്കുരു വിഭവങ്ങളുമേറെ. ചക്കകുരു കാൻസറിനെ തടഞ്ഞു നിർത്താൻ കഴിയുന്നവയാണെന്നു രാജീവ്ഗാന്ധി ബയോടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങൾ വിശദമാക്കിയിരുന്നു. ചക്കക്കുരു പ്രതിരോധ ശക്തിയും വർധിപ്പിക്കുന്നുണ്ട്. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുഘടകം ഭക്ഷണത്തിലെ പഞ്ചസാര തന്മാത്രകളുടെയും കൊഴുപ്പു ഘടകങ്ങളുടെയും ആഗിരണം കുറയ്ക്കുന്നുവത്രേ.
ചക്കക്കുരു അരച്ച് പാൽ, തേൻ എന്നിവ ചേർത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ പാടുകൾ അകറ്റാൻ സഹായിക്കുമെന്നാണിപ്പോൾ ഗവേഷകർ പറയുന്നത്. സ്‌ട്രെസ് കുറയ്‌ക്കാനും മുടി വളർച്ചയ്‌ക്കും സഹായിക്കുമെന്ന കണ്ടെത്തലുമുണ്ട്. അനീമിയയുള്ളവർക്കുള്ള നല്ലൊരു പരിഹാരമായും ചക്കക്കുരു നിർദേശിക്കപ്പെടുന്നു.
നാട്ടിലെ പറമ്പുകളിൽ ആർക്കും വേണ്ടാതെ കിടന്നിരുന്ന ചക്കക്കുരു കൂട്ടി ഒരു വിഭവം കിട്ടണമെങ്കിൽ ഇപ്പോൾ സ്റ്റാർ ഹോട്ടലിൽ പോകണമെന്ന അവസ്ഥയാണ്.
Share your comments