കോട്ടയം: നൂറ്റാണ്ടുകൾക്ക് മുമ്പേ വിദേശികളെ മോഹിപ്പിച്ച കറുത്ത പൊന്നിന്റെ ഗ്രാമമാകാനൊരുങ്ങി കോട്ടയം ഗ്രാമപഞ്ചായത്ത്. മുഴുവൻ വീടുകളിലും കുരുമുളക് കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. നേരത്തെയുണ്ടായിരുന്ന കുരുമുളക് ഗ്രാമമെന്ന പെരുമ നിലനിർത്തുകയാണ് ലക്ഷ്യം.
ബന്ധപ്പെട്ട വാർത്തകൾ: കുരുമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കുരുമുളകിൻറെ 11 രോഗങ്ങളും , നിയന്ത്രണ രീതികളും
14 വാർഡുള്ള പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സൗജന്യമായി തൈകൾ എത്തിക്കും. പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ ഇതിനായി നീക്കിവെച്ചു. രോഗപ്രതിരോധ ശേഷിയും ഉൽപ്പാദന ക്ഷമതയും കൂടുതലുള്ള പന്നിയൂർ ഇനത്തിലെ തൈകളാണ് നൽകുക. ഇവ മൂന്ന് വർഷം കൊണ്ട് കായ്ക്കും. സ്ഥലപരിമിതിയുള്ളവർക്കും പദ്ധതിയുടെ ഭാഗമാകാൻ കഴിയുന്ന കൃഷി രീതിയാണ് അവലംബിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കുറ്റി കുരുമുളക് കൃഷി ആരംഭിക്കൂ.. കറുത്തപൊന്നിൽ നിന്ന് പൊന്ന് വിളയിക്കാം...
ജൂൺ 22 മുതൽ ജൂലൈ ആറ് വരെ നീളുന്ന തിരുവാതിര ഞാറ്റുവേലയാണ് കുരുമുളകിന്റെ നടീൽകാലം. ഈ സമയം നടീൽ വസ്തുക്കൾ വിതരണം ചെയ്യും. വിവിധ ഘട്ടങ്ങളിൽ ആവശ്യമായ സഹായങ്ങൾ കൃഷിഭവൻ മുഖേന ലഭ്യമാക്കും.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിഭവൻ നൽകുന്ന സേവനങ്ങൾ എന്തെല്ലാം? കൃഷി ഓഫീസർ പറയുന്നു
കൃഷിയിൽ സ്വയം പര്യാപ്തത കൈവരിച്ചു കഴിഞ്ഞാൽ കോട്ടയതനിമ എന്ന പേരിൽ മുല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കും. പദ്ധതി അതിവേഗത്തിൽ ലക്ഷ്യത്തിലെത്തുമെന്നും കോട്ടയത്തെ കുരുമുളക് ഗ്രാമമാക്കി മാറ്റുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് സി രാജീവൻ പറഞ്ഞു. വീട്ടാവശ്യം കഴിഞ്ഞുള്ളവ വിപണിയിൽ വിറ്റഴിക്കാനുള്ള സൗകര്യവും പഞ്ചായത്ത് ഒരുക്കും.
Share your comments