1. News

ഓർമ്മകളിലെ ആ നല്ലകാലം ഇനി തിരിച്ചു വരുമോ.?

ഒരിക്കൽപോലും നാമാരും സ്വപ്നത്തിൽപോലും വിചാരിക്കാത്ത ഒരു ലോക്ഡൗണിൽ എല്ലാത്തിനും അവധി നല്കി വീട്ടിൽ ഇരിക്കുമ്പോൾ നമുക്ക് നമ്മുടെ ചെറുപ്പകാലത്തേക്ക് ഒന്ന് തിരിച്ചുപോയാലോ. 1960-1970 - 1980 കളിൽ വരെ ജനിച്ചവർക്കെ ഇത് മനസ്സിലാകൂ.കാരണം മറ്റുള്ളവർക്കു ചിലപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല.

Arun T
ഓർമ്മകളിലെ ആ നല്ലകാലം
ഓർമ്മകളിലെ ആ നല്ലകാലം

ഓർമ്മകളിലെ ആ നല്ലകാലം ഇനി തിരിച്ചു വരുമോ.?
ഒരിക്കൽപോലും നാമാരും സ്വപ്നത്തിൽപോലും വിചാരിക്കാത്ത ഒരു ലോക്ഡൗണിൽ എല്ലാത്തിനും അവധി നല്കി വീട്ടിൽ ഇരിക്കുമ്പോൾ നമുക്ക് നമ്മുടെ ചെറുപ്പകാലത്തേക്ക് ഒന്ന് തിരിച്ചുപോയാലോ. 1960-1970 -
1980 കളിൽ വരെ ജനിച്ചവർക്കെ ഇത് മനസ്സിലാകൂ.കാരണം മറ്റുള്ളവർക്കു ചിലപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല.

നാം പിന്നിട്ട വഴികൾ, നമ്മുടെ കൊച്ചു കേരളം എത്ര മനോഹരമായിരുന്നു.
യഥാർത്ഥത്തിൽ അന്നായിരുന്നു "ദൈവത്തിന്റെ സ്വന്തം നാട്."

നിങ്ങൾക്കാ പഴയ കാലം ഓർക്കണോ? ഇതൊന്ന് വായിക്കുക

തെങ്ങുകൾക്കെല്ലാം തടമെടുത്തു വളം ചെയ്യുമായിരുന്നു വർഷാവർഷം. അതിന്റെ നന്ദിയെന്നവണ്ണം തലപ്പിലേക്ക് കയറാൻ പോലുമാവാത്തവിധം തിങ്ങിക്കായ്ച്ചു പ്രസാദിക്കുമായിരുന്നു അവ.
പത്തു സെന്റിൽ നിന്ന് കിട്ടിയ തേങ്ങയിൽ വീട്ടാവശ്യത്തിനുള്ളത് എടുത്ത്‌ ബാക്കി ഉണക്കികൊപ്രയാക്കി ആട്ടിയ വെളിച്ചെണ്ണ കൊണ്ടുവരുമ്പോൾ ആ പ്രദേശം മുഴുവൻ അറിയുമായിരുന്നു നാളികേര സുഗന്ധം.

തൊഴുത്തിലെപ്പോഴും ഒരു പശുവിനെങ്കിലും കറവ ഉണ്ടാവുമായിരുന്നു.
പാലും മോരും തൈരും വെണ്ണയും നെയ്യും അടുക്കളയിലെപ്പോഴും നിറഞ്ഞു നിൽക്കുമായിരുന്നു.

നെല്ലും പയറും മുതിരയും ഉഴുന്നും ഊഴം പോലെ മുറ്റത്തുകിടന്ന് ഉണങ്ങുമായിരുന്നു.

പുരയിടങ്ങളില്‍ അമ്മ നടുന്ന പച്ചക്കറിക്ക് വെള്ളമൊഴിക്കാനായി ഓടിനടക്കുന്ന അച്ഛൻ.
ചെറിയ മൺപാത്രങ്ങളിൽ വെള്ളം തൂക്കി നിര നിരയായി ഞങ്ങൾ കുട്ടികൾ ചീരയെയും,
കയ്പയെയും, വെണ്ടയെയും നനച്ചിരുന്നു.
ഇടയ്ക്കൊക്കെ മൂക്കാത്ത വെള്ളരിയും വെണ്ടയും അമ്മ കാണാതെ പൊട്ടിച്ചുവായിലാക്കിയിരിക്കും .

വൈകുന്നേരം ഒരു പ്രധാന ജോലിയുണ്ട്.
തലേന്ന് കത്തിച്ചു വെച്ച കരിപിടിച്ച കറുത്ത മണ്ണെണ്ണ വിളക്ക് തുടച്ചുമിനുക്കി വയ്ക്കണം.....
അതുകഴിഞ്ഞു കിണറ്റിൻ കരയിൽ ചെന്ന് വെള്ളമെടുത്തു ലൈഫ്ബോയ് സോപ്പും ചകിരിയുമുപയോഗിച്ചുള്ള കുളി.

വൈകുന്നേരം ചായ കുടിക്കാനെന്നും പറഞ്ഞ്‌ കടയില്‍ലൊക്കെ പോയിട്ട് സന്ധ്യക്ക് വീട്ടിലേക്ക് വരുന്ന അച്ഛന്റെ കൈയില്‍ കാണും ഒരു പൊതിയും എവറെടി ടോർച്ചും . കണ്ണിലും മനസ്സിലും അത് തെളിയിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുടെ...., ആത്മബന്ധത്തിന്റെ കരുതൽ സുഖം.

മണ്ണെണ്ണപ്പുക വലിച്ചു കയറ്റികൊണ്ട് അമ്മ ചോറ് തിന്നാൻ വിളിക്കും വരെയുള്ള പുസ്തകവായന. കൂട്ടിനു വയലിൽ നിന്നുമുള്ള പേക്രോം തവളകളുടെ മേളം.....
ഉറങ്ങാനുള്ള തിരക്ക്കൂട്ടൽ.

കാലത്തെണീറ്റാലുടനെ ഉണക്കയിലകൾ കൂട്ടിയിട്ടു കത്തിച്ചു വട്ടം കൂടിയിരുന്നു "തീ കായൽ ."

ആ സമയത്തു മഞ്ഞു വീണു നനഞ്ഞ വൈക്കോൽക്കൂനയിൽ നിന്നും വെളുത്ത പുക ഉയരുന്നുണ്ടാകും.

കുളീം ചായ കുടീം കഴിഞ്ഞു . ഒൻപതു മണി എന്ന കണക്കിൽ പുസ്തക ക്കെട്ടിനു ഇലാസ്റ്റിക്കും വലിച്ചിട്ട് ബട്ടൺ പൊട്ടിയ ട്രൗസറും പിടിച്ചു ഒറ്റ ഓട്ടം സ്കൂളിലേക്ക്.

സ്കൂളീന്ന് തിരിച്ചുവരുമ്പോൾ അടുക്കളയുടെ ഓടിനിടയിൽ നിന്ന് പുകയുയരുന്നത് ദൂരെനിന്ന് കാണുമ്പോഴേ ഉത്സാഹമാണ്.
അമ്മ എന്തെങ്കിലും പലഹാരമുണ്ടാക്കുകയോ ഉണക്ക കപ്പയോ, ചേമ്പോ പുഴുങ്ങുകയോ ആവും എന്ന്.

അതുംകഴിച്ചു കണ്ടത്തിലേക്കോ അടുത്തുളള പറമ്പിലേക്കാ ഒരോട്ടമാണ്.!
പന്ത് കളി, ഗോലി കളി, കിളി കളി, മുതൽ അങ്ങോട്ട് പലതരം കളികളും അഭ്യാസങ്ങളുമായി നേരമിരുണ്ടു വീട്ടിൽനിന്നു വിളി വരുന്നതുവരെ.

പലതരം കച്ചവടക്കാർ, എല്ലാവരും വർഷങ്ങളായി വീടുകളുമായി ബന്ധമുള്ളവർ.

ഓട്ടുപാത്രങ്ങൾ തലയിലേറ്റി കൊണ്ടുവരുന്ന ആളുകളും. വിഷു ആവുമ്പോഴേക്കും മൺപാത്രങ്ങൾ വലിയ കൊട്ടകളിൽ കൊണ്ടുനടന്ന് വിറ്റ് പകരം നെല്ലോ പയറോ വാങ്ങി പോകുന്ന സ്ത്രീകളും.

തഴപ്പായ നെയ്ത് വർഷാവർഷം പറയാതെ തന്നെ വീട്ടിൽ കൊണ്ടു തന്നിരുന്ന അമ്മൂമ്മയും.

കുട്ടനിറയെ കുപ്പിവളകളും കണ്മഷിയും മറ്റുമായി വന്നിരുന്ന വളക്കച്ചവടക്കാരും.

കല്ല് കൊത്താനുണ്ടോ എന്നും വിളിച്ചു കൊണ്ട്‌ വരുന്ന കല്ല് കൊത്തികള്‍.
പിന്നെയും ഉണ്ട് ഒരുപാട്‌.
പാത്ര കച്ചവടക്കാര്‍, തുണി അലക്കുന്നവർ, തലയ്ക്ക് ഉഴിയാന്‍ മണ്‍പ്രതിമയുമായി വരുന്നവർ അങ്ങനെ ഒരുപാട് പേർ.
അവരൊക്കെ ആ സംസ്കൃതിയുടെ ഓരോ ഭാഗങ്ങളായിരുന്നു.

അന്നൊക്കെ ആർക്കും ആരെയും സംശയമോ അകൽച്ചയോ ഭയമോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല.

വീടുകൾക്ക് മതിലുകളില്ലായിരുന്നു.

ആളുകൾ എല്ലാ പറമ്പുകളിലൂടെയും വീട്ടുവളപ്പുകളിലൂടെയും യഥേഷ്ടം വഴിനടന്നിരുന്നു.
എല്ലാം എല്ലാവരുടെയും സ്വന്തമാണെന്ന തോന്നലായിരുന്നു.

അരിയായാലും തേയിലയായാലും ചുറ്റുമുള്ള വീടുകളിൽ എവിടെയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു.

എല്ലാവർക്കും അതിലവകാശം ഉണ്ടായിരുന്നു.

വീട്ടിലെ കറിക്ക് രുചിയില്ലെങ്കിൽ പാത്രവുമെടുത്ത് അയലക്കത്തേക്ക് ഒറ്റയോട്ടമായിരുന്നു.

എവിടുന്നും എപ്പോഴും ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിച്ചിരുന്നു.

പ്രത്യേകിച്ച് എന്തെങ്കിലും പാകം ചെയ്താൽ ഓരോ ഓഹരി അയൽവീടുകളിലും എത്തിയിരുന്നു.

കുരുത്തക്കേട് കണ്ടാൽ മുതിർന്നവർക്കും അദ്ധ്യാപകർക്കും തല്ലാനും ശാസിക്കാനും ആരുടെ മക്കളാണെന്ന് നോക്കേണ്ട ആവശ്യമില്ലായിരുന്നു.
മക്കൾ എല്ലാവര്ക്കും മക്കളായിരുന്നു.

അടുത്ത വർഷം വരെ മനസ്സിൽ തങ്ങിനില്ക്കാൻ പാകത്തിൽ കൊല്ലത്തിലൊന്നോ രണ്ടോ പ്രാവശ്യം മാത്രം ലഭിച്ചിരുന്ന, മാസ്മരിക ഗന്ധം തീർത്തു മനസ്സിലും ശരീരത്തിലും കുടിയേറിയിരുന്ന കോടി ഉടുപ്പുകൾ.

മുറ്റത്തുനിന്നു മുല്ലയും കനകാംബരവും പറിച്ചു കോർത്ത മാലയുടെ ഗന്ധം ഇന്നും മനസ്സിലുണർത്തുന്നു.

തൊടികളിൽ നിന്നും ഇടവഴികളിൽ നിന്നും കുന്നിൻ പറമ്പുകളിൽ നിന്നും പൂക്കൾ പറിച്ച് താളിലയിൽ പൊതിഞ്ഞു കൊണ്ടുവച്ചു പൂക്കളങ്ങളുണ്ടാക്കിയ കാലം.

പിന്നീടെങ്ങോ പൊയ്മറഞ്ഞ മനോഹരമായ ആ കാലം.
ഇടയ്ക്കൊക്കെ വെറുതെയിരിക്കുമ്പോൾ അതിങ്ങനെ മനസ്സിൽവന്ന് പതിയെവിളിക്കും.
ഒന്ന് കണ്ണടച്ചുകൊടുത്താൽ മതി.
നമ്മളെയുമെടുത്ത്‌ അങ്ങ് പറക്കും.
കാലങ്ങൾക്ക് പിറകിലോട്ട്.

പങ്കുവെയുക, എല്ലാവരും അറിയട്ടെ ഇങ്ങനെയുള്ള ഒരു നല്ല കാലം നമ്മളിൽ പലർക്കും ഉണ്ടായിരുന്നു എന്ന്. ഇനി ഒരിക്കലും തിരിച്ചു വരാൻ സാദ്ധ്യതയില്ലാത്ത കാലം എന്നൊക്കെ പലരും പറയുമെങ്കിലും.
വിഭാഗീയതയില്ലാത്തസ്വാർത്ഥതയില്ലാത്ത നന്മമാത്രമുള്ള ആ നല്ല കാലത്തെ അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും നമുക്ക് തിരിച്ചു കൊണ്ടു വന്നേ മതിയാവൂ.

English Summary: LET US GO BACK TO OLD AGE ,MEMORIES

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds