തൃശൂർ : എളവള്ളി പഞ്ചായത്തിൽ വൈഗ ഓൺ വീൽസ് വാഹന പ്രദർശന വിപണന യൂണിറ്റിന് സ്വീകരണം. വൈഗയുടെ അഞ്ചാം പതിപ്പായ വൈഗ അഗ്രി ഹാക്ക് 2021ൻ്റെ ഭാഗമായാണ് വിൽപ്പനശാലയും പ്രദർശനവും ഉൾക്കൊള്ളുന്ന വാഹനം പഞ്ചായത്തിലേയ്ക്ക് എത്തിച്ചേർന്നത്.
പഴം-പച്ചക്കറി വിൽപ്പനശാലയും മുല്ല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശനവുമാണ് ഇതിൻ്റെ ഭാഗമായി നടന്നത്. എളവള്ളി ഗ്രാമ പഞ്ചായത്തിലെ പുവ്വത്തൂർ ബസ്റ്റാൻ്റിൽ എത്തിച്ചേർന്ന വാഹന പ്രദർശന വിപണന യൂണിറ്റിനെ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ സ്വീകരിച്ചു.
വൈഗ അഗ്രി ഹാക്ക് 2021ൻ്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലേക്കാണ് വൈഗ ഓൺ വീൽസ് എന്ന സഞ്ചരിക്കുന്ന വാഹന പ്രദർശന വിപണന യൂണിറ്റ് എത്തുന്നത്. കാലത്ത് 10 മുതൽ 12 വരെ പൂവത്തൂർ ബസ്റ്റാൻ്റിൽ നടന്ന വൈഗ ഓൺ വീൽസിൽ ഹോർട്ടിക്കോർപ്പിൻ്റെ സഞ്ചരിക്കുന്ന പഴം-പച്ചക്കറി വിൽപ്പനശാല ജൈവ പച്ചക്കറികൾ വിപണനം ചെയ്യ്തു. കൂടാതെ കുമിൾനാശിനി ഉൾപ്പെടെയുള്ള ജൈവ കീടനാശിനികൾ വിതരണം ചെയ്തു.
മൂല്ല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രദർശന വിപണന യൂണിറ്റിൽ സ്യൂഡോമോണസ് പൗഡർ, ട്രൈക്കോഡർമ വിറിഡെ, സ്യൂഡോമോണസ് കൈറ്റിൻ തുടങ്ങിയ വളങ്ങൾ വിപണനം ചെയ്യ്തു. കൂടാതെ കാർഷിക സർവ്വകലാശാലയിൽ തയ്യാറാക്കിയ പായസം മിക്സ്, ബനാന പൗഡർ മൈസൂർ പാവ്,പീൽ പിക്കിൾ, ചോക്ലേറ്റ് കോട്ടട് കാൻ്റി, ബനാന ഫ്ലവർ പിക്കിൾ തുടങ്ങിയവയും നെല്ലിയാമ്പതി ഫാർമുകളിൽ കൃഷി ഉത്പന്നങ്ങളിൽ നിന്നും തയ്യാറാക്കിയ മുല്ല്യവർദ്ധിത ഉൽപ്പന്നങ്ങളും പ്രദർശനത്തിനൊരുക്കി.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായി വൈഗയുടെ പ്രധാനവേദിയിൽ ജനപങ്കാളിത്തം കുറയ്ക്കുന്നതിനും എന്നാൽ ഗ്രാമാടിസ്ഥാനത്തിൽ വൈഗയുടെ പ്രചരണം ഉറപ്പാക്കുന്നതിനുമാണ് വൈഗ ഓൺ വീൽസ് പഞ്ചായത്തുകളിൽ എത്തുന്നത്. ഇങ്ങനെ ഗ്രാമാടിസ്ഥാനത്തിൽ നടത്തുന്ന പ്രദർശന വിപണന യൂണിറ്റ് പൊതുജനങ്ങളുടെ നേരിട്ടല്ലാ തെയുള്ള ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് കഴിയുന്നതാണ്.
പൂവത്തൂർ പഴയ ബസ് സ്റ്റാൻ്റിൽ വെച്ച് നടന്ന ചടങ്ങിൽ എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ്, എളവള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു പ്രദീപ്, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു, പഞ്ചായത്തിലെ മറ്റ് വാർഡ് മെമ്പർമാരും പങ്കെടുത്തു.
Share your comments