പത്തനംതിട്ട: ഗുണമേന്മയുള്ള വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി നഴ്‌സറി നിയമ നിര്‍മ്മാണം നടത്തുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. 165 ലക്ഷം രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം പന്തളം കരിമ്പ് വിത്ത് ഉത്പാദനകേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടെ, സംസ്ഥാനത്ത് വിത്തുകളും നടീല്‍വസ്തുക്കളും ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന സ്വകാര്യ നഴ്‌സറികള്‍ക്ക് ലൈസന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തും. സ്വകാര്യ നഴ്‌സറികളെ നിയന്ത്രിക്കാനുള്ള കര്‍ശന വ്യവസ്ഥകളുണ്ടാകും. വിപണനത്തിന് സര്‍ക്കാര്‍ നിയന്ത്രണവും നിലവില്‍വരും. ഓണ്‍ലൈന്‍ വിത്തുവില്‍പനയ്ക്കു പൂട്ടുവീഴും. മൊബൈല്‍ നഴ്‌സറികളെ നിയന്ത്രിക്കാനും വ്യവസ്ഥകള്‍ വരുമെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ഗുണമേന്മയുള്ള വിത്തിനങ്ങൾ നിങ്ങൾക്ക് വേണോ?
കൃഷിദര്‍ശന്‍ എന്ന പേരില്‍ കര്‍ഷകന്റെ ആവലാതികളും പ്രയാസങ്ങളും കേള്‍ക്കാന്‍ അവരുടെ അടുത്തേക്ക് ചെല്ലുന്ന പദ്ധതി നടപ്പാക്കും. 28 ബ്ലോക്കുകളിലായി 100 ദിവസത്തെ കര്‍മ്മപരിപാടിയാണ് നടക്കുന്നത്. അതേ പോലെ തന്നെ കേരളത്തിലെ 64 ഫാമുകളെ കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാമുകളെ ആധുനിക രീതിയിലേക്ക് മാറ്റും. കേരളത്തിലെ ഫാമുകള്‍ക്ക് വേണ്ടി നബാര്‍ഡ് 137 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ വെള്ളായണി കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തിന്റെ ഫലം ഏറെ ഞെട്ടിക്കുന്നതാണ്. 44 ശതമാനം ഇനങ്ങളില്‍ മാരക കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉടന്‍ പരിശോധനാഫലം ലഭിക്കുന്നില്ലായെന്നതാണ്. എന്നാല്‍, ഉടന്‍ പരിശോധനാഫലം ലഭ്യമാക്കുന്ന സംവിധാനങ്ങള്‍ എത്തിക്കുകയെന്നതിനേക്കാള്‍, വലിയ ശാശ്വത പരിഹാരം കൃഷി ചെയ്യാന്‍ മണ്ണിലേക്ക് ഇറങ്ങുകയെന്നത് തന്നെയാണ്. ഓണസീസണ്‍ എത്തുമ്പോള്‍ അയല്‍സംസ്ഥാനങ്ങളെ ആശ്രയിച്ച് നമ്മുടെ അടുക്കള പ്രവര്‍ത്തിക്കുന്ന സ്ഥിതി മാറണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ എല്ലാ തരത്തിലും വികസന കുതിപ്പിന്റെ പാതയിലാണെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൃഷി മന്ത്രി മുന്‍കൈ എടുത്താണ് പന്തളത്തെ വീണ്ടും കരിമ്പുകൃഷിയുടെ ഈറ്റില്ലമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പന്തളം ബ്രാന്‍ഡ് റൈസാണ് ഇനിയുള്ള സ്വപ്നം എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കാര്‍ഷിക എന്‍ജിനീയര്‍ വി. ബാബു പദ്ധതി വിശദീകരിച്ചു. മുതിര്‍ന്ന കര്‍ഷക തൊഴിലാളിയായ ശോഭനയെ കൃഷിമന്ത്രി ആദരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കരിമ്പുകൃഷി വീട്ടില്‍ ചെയ്യാന്‍ തയ്യാറാണോ? എങ്കില്‍ ഒന്ന് ശ്രദ്ധിയ്ക്കൂ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, എന്‍സിപി ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരില്‍,കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് എന്‍.എം. രാജു, ജില്ലാ കൃഷി ഓഫീസര്‍ എ.ഡി. ഷീല, ഹോര്‍ട്ടിക്കോര്‍പ്പ് എംഡി ജെ.സജീവ്, കൃഷി വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.കെ. രാജ്‌മോഹന്‍, ഫാം കൗണ്‍സില്‍ അംഗങ്ങളായ അജയകുമാര്‍, കെ.ആര്‍. സുമോദ്, ഫാം കൃഷി ഓഫീസര്‍ എം. എസ്. വിമല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments