1. സംസ്ഥാനത്തെ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഡിസംബർ മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. റേഷൻ വ്യാപാരികളുടെ ആവശ്യം പരിഗണിച്ചാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. മാസാവസാനം റേഷൻ വിതരണം അവസാനിപ്പിച്ച് അടുത്ത ഘട്ട വിതരണം ആരംഭിക്കുമ്പോൾ ഇപോസ് മെഷീനിൽ ക്രമീകരണം നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് അവധി വേണമെന്ന് വ്യാപാരികൾ അവശ്യപ്പെട്ടത്. നിലവിൽ ഞായറാഴ്ചയും, പൊതു അവധി ദിവസങ്ങളിലുമാണ് റേഷൻ കടകൾക്ക് ഒഴിവുള്ളത്.
2. മാതൃകാ കൃഷിയിടങ്ങള്‍ സ്ഥാപിക്കുന്നതിനായി കൃഷിഭവനുകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഫാം പ്ലാന്‍ വികസനം അടിസ്ഥാനമാക്കി ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്തില്‍ 10 മാതൃകാ കൃഷിയിടങ്ങളാണ് അനുവദിക്കുക. കൃഷിയിടത്തില്‍ നിന്നുള്ള വരുമാനം 5 വര്‍ഷം കൊണ്ട് ഇരട്ടിയാക്കുക എന്നതാണ് ഫാം പ്ലാന്‍ വികസന സമീപനത്തിന്റെ ലക്ഷ്യം. കൃഷിക്കൂട്ടാധിഷ്ഠിത എഫ്പിഒകള്‍ക്ക് ഉത്പന്ന വികസനം, സമാഹരണം, വിപണന പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി ഈ വര്‍ഷം സാമ്പത്തിക സഹായം നല്‍കും. കൂടാതെ ഈ എഫ്പിഒകള്‍ക്ക് ചെറുകിടയന്ത്രങ്ങള്‍ വാങ്ങുന്നതിനും മീഡിയം പ്രോസസിംഗ് യൂണിറ്റിനാവശ്യമായ യന്ത്രങ്ങള്‍ വാങ്ങുന്നതിനും സബ്സിഡി നല്‍കുന്നു. കേരളഗ്രോ ബ്രാന്‍ഡ് റീട്ടെയില്‍ ഔട്ട്ലെറ്റ്, ഫാം പ്ലാന്‍ പ്രീമിയം ഔട്ട്ലെറ്റ് തുടങ്ങിയ പദ്ധതികള്‍ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കൃഷിഭവനുകളുമായി ബന്ധപ്പെടാം.
കൂടുതൽ വാർത്തകൾ: രാജ്യത്തെ മികച്ച കർഷകൻ ആര്? മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നിങ്ങൾക്കും നേടാം; ഉടൻ രജിസ്റ്റർ ചെയ്യൂ!
3. പാലക്കാട് കിഴക്കഞ്ചേരിയില്‍ 7 ഹെക്ടറില്‍ മത്സ്യകൃഷി ആരംഭിക്കുന്നു. ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പും കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. 2023-24 വര്‍ഷത്തേക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്.
4. കാർഷിക മേഖലയിൽ മാതൃകയായി മാഞ്ഞാലി സർവീസ് സഹകരണ ബാങ്ക്. കർഷകർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനൊപ്പം സംസ്കരണം, വിപണനം എന്നീ മേഖലകളിലും ഇടപെടലുകൾ സാധ്യമാക്കി തദ്ദേശീയ കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി മൂല്യം ലഭ്യമാക്കുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി സഹകരണ ബാങ്കിന് ലഭ്യമായ രണ്ടുകോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. കർഷകർക്ക് നല്ലയിനം വിത്തുകൾ ലഭ്യമാക്കുകയും 4 ശതമാനം പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെ വായ്പ നൽകുകയും ചെയ്യുന്നുണ്ട്. കൃഷിയിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ കർഷകരിൽ നിന്നും ശേഖരിച്ചാണ് വിവിധ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. ചക്ക, മാങ്ങ, കുമ്പളങ്ങ, പപ്പായ, കൂവകിഴങ്ങ് തുടങ്ങിയവയാണ് മാഞ്ഞാലി ബാങ്കിന്റെ നേതൃത്വത്തിൽ പ്രധാനമായും കൃഷി ചെയ്യുന്നത്.
Share your comments