ജപ്പാൻ റൂബി റോമൻ മുന്തിരി ലോകത്തിലെ ഏറ്റവും വിലപ്പെട്ട ഫലങ്ങളിൽ ഒന്നാണ്. ഇതിൻറെ വില ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ പല ആഭരണങ്ങളെക്കാൾ കൂടുതലാണെന്ന് പറയപ്പെടുന്നു.
ജാപ്പൻ ഒറിജിനായ റൂബി റോമൻ മുന്തിരിയുടെ ഏറ്റവും വലിയ സവിശേഷത അവയുടെ വലുപ്പമാണ്. ഒരു സാധാരണ മുന്തിരിയുടെ നാലിരട്ടി വലിപ്പം ഈ മുന്തിരിയ്ക്കുണ്ട്. ഇവയുടെ ചുവന്ന നിറത്തെ വെല്ലുന്ന മറ്റൊരു ഫലം ഈ ലോകത്തിലില്ലെന്ന് പറയപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നിന് ബ്രിട്ടൻ അനുമതി നൽകി
ഈ മുന്തിരി ലക്ഷങ്ങൾക്ക് വരെ വിറ്റിട്ടുണ്ട്. രുചിക്കും പ്രശസ്തമാണ് റൂബി റോമൻ. ജൂലൈയിലാണ് സാധാരണയായി ഇതിന്റെ വിളവെടുപ്പ് ആരംഭിക്കുന്നത്. പിന്നീട്, ജാപ്പനീസ് അവധിക്കാലമായ ഒച്ചുജെനിന്റെ സമയത്ത് ഇവ വിപണിയിൽ എത്തും. 2020 -ൽ നടന്ന ഒരു ലേലത്തിൽ ഏകദേശം ഒമ്പത് ലക്ഷത്തിന് വരെ റൂബി റോമൻ മുന്തിരി വിറ്റു പോയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ലോകത്തിലെ ഏറ്റവും വിലകൂടിയ 5 പൂക്കൾ
ഓരോ മുന്തിരിയ്ക്കും ഏകദേശം 30,000 രൂപ വിലവരുമത്രെ. 30 മുന്തിരിയടങ്ങുന്ന ഒരു കൂട്ടം ഹ്യോഗോ പ്രിഫെക്ചറിലെ അമഗസാക്കിയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് വിറ്റതായി ഫിനാൻഷ്യൽ എക്സ്പ്രസ് പറയുന്നു. ഇഷിക്കാവ പ്രവിശ്യയിലാണ് സാധാരണയായി ഈ മുന്തിരികൾ വളരുന്നത്. വിപണിയിൽ ഉയർന്ന മൂല്യമുള്ള ഈ മുന്തിരി ജാപ്പാൻകാർക്കിടയിൽ വളരെ അധികം പ്രാധാന്യം ഉള്ളവയാണ്. പലപ്പോഴും ഇവ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാറുണ്ട് ഇവിടെയുള്ളവർ. അവ ആരെയെങ്കിലും അഭിനന്ദിക്കുന്നതിനോ അതുപോലെ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനോ ഒക്കെയുള്ള അടയാളമായും നൽകാറുണ്ട്.
കേടൊന്നും വരാത്ത, കൃത്യമായ ആകൃതിയിലുള്ള മുന്തിരികൾ മാത്രം വിൽക്കാനും ജപ്പാനിലെ സൂപ്പർ മാർക്കറ്റുകൾ ശ്രദ്ധിക്കാറുണ്ട്. അതുപോലെ ഇതിന്റെ ഗുണമേന്മ വിലയിരുത്തുന്നതിനുള്ള കൃത്യമായ പരിശോധനകളും നടക്കുന്നുണ്ട്. സുപ്പീരിയർ, സ്പെഷൽ സുപ്പീരിയർ, പ്രീമിയം എന്നിങ്ങനെ ഇവയെ തരം തിരിക്കും. അതിൽ പ്രീമിയം ആണ് ഏറ്റവും മികച്ചത്. വളരെ അപൂർവമായാണ് പ്രീമിയം ഗണത്തിലുള്ള മുന്തിരികൾ കിട്ടുന്നത്.
Share your comments