വ്യവസായ ഭദ്രത’ സ്കീമിൽ പ്രഖ്യാപിച്ച പലിശ സഹായധനത്തിന്റെ കാലാവധി 2021 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി മന്ത്രി പി. രാജീവ് അറിയിച്ചു. കോവിഡ് സമാശ്വാസപദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്.
എല്ലാ ചെറുകിട-സൂക്ഷ്മ-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ഒരു വർഷത്തേക്ക് 50 ശതമാനം പലിശസഹായധനം നൽകും. ഇത്തരത്തിൽ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. ആകെ 400 കോടി രൂപയുടെ ഈ പാക്കേജിൽ 5000 സംരംഭകർക്ക് സഹായം ലഭ്യമാക്കും.
വ്യവസായ വികസന കോർപ്പറേഷനിൽനിന്ന് വായ്പയെടുത്ത തുക ലോക്ഡൗൺ സാഹചര്യത്തിൽ തിരിച്ചടയ്ക്കാൻ കഴിയാത്തവർക്ക് അവരുടെ അക്കൗണ്ടിൽ ബാഡ് ഡെബ്റ്റ് രേഖപ്പെടുത്തില്ല. 179 കോടി രൂപയുടെ വായ്പ ഇപ്രകാരം പുനഃക്രമീകരിക്കും. വായ്പകൾക്കു പ്രഖ്യാപിച്ച മൊറട്ടോറിയം 2021 ജൂൺവരെ നീട്ടി. മൂന്നു മാസത്തെ പലിശയും ഒഴിവാക്കി. ഒരുവർഷത്തേക്കുള്ള പിഴപ്പലിശയും ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക് ഒഴിവാക്കിനൽകും.
തിരിച്ചെത്തിയ പ്രവാസികൾക്കായി അഞ്ചുശതമാനം നിരക്കിൽ വായ്പ അനുവദിക്കുന്ന പദ്ധതികൾക്കും രൂപം നൽകും. നോർക്കയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക.
വായ്പകളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 ഡിസംബർ 31 വരെ തുടരും.
സംരംഭകത്വ സഹായപദ്ധതി പ്രകാരമുള്ള സഹായധനം വർധിപ്പിക്കും. അർഹരായ യൂണിറ്റുകൾക്കുള്ള സബ്സിഡി 20 ലക്ഷം എന്നുള്ളത് 30 ലക്ഷം ആക്കി. വ്യവസായ പിന്നാക്ക ജില്ലകളിലും മുൻഗണനാ വ്യവസായ സംരംഭങ്ങൾക്കും നൽകുന്ന സബ്സിഡി 30 ലക്ഷം എന്നുള്ളത് 40 ലക്ഷം ആയും ഉയർത്തി. വനിത-യുവ-പട്ടികജാതി-വർഗ- എൻ.ആർ.കെ. സംരംഭകർക്കും 25 ശതമാനംവരെ സഹായം ലഭിക്കും.
റബ്ബർ, കൃഷി, ഭക്ഷ്യസംസ്കരണം, വസ്ത്ര നിർമാണം, പാരമ്പര്യേതര ഊർജ ഉത്‌പാദനം, ഉപകരണ നിർമാണം, ബയോ ടെക്നോളജി വ്യവസായം, പ്ലാസ്റ്റിക് മാലിന്യസംസ്കരണ പുനരുപയോഗ യൂണിറ്റുകൾ, ജൈവ-കീടനാശിനി നിർമാണ യൂണിറ്റുകൾ എന്നിവയ്ക്ക് 45 ശതമാനം സബ്സിഡി. സഹായത്തിന്റെ തോത് 40 ലക്ഷത്തിൽ അധികമാകരുതെന്ന വ്യവസ്ഥയോടെ 45 ശതമാനംവരെ വർധിപ്പിച്ചു.
നാനോ യൂണിറ്റുകൾക്കുള്ള 60 കോടി രൂപയുടെ സഹായധനം 600 യൂണിറ്റുകൾക്ക് ലഭ്യമാക്കും. നാനോ യൂണിറ്റുകളിൽ 10 ലക്ഷം രൂപവരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകൾക്കും പലിശ സബ്‌സിഡി.
കെ.എസ്.ഐ.ഡി.സി. ആദ്യ ഘട്ടമെന്ന നിലയിൽ ചെറുകിട-സൂക്ഷ്മ-ഇടത്തരം സംരംഭകർക്കായി അഞ്ചുശതമാനം പലിശയിൽ 100 കോടി രൂപ വായ്പ നൽകും.
കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യസംരക്ഷണ മേഖലയിലെ വ്യവസായങ്ങൾക്കായി അഞ്ചുശതമാനം പലിശയ്ക്ക് പ്രത്യേക വായ്പയ്ക്കായി 100 കോടി.
സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറികളുടെ ഗുണഭോക്താക്കൾക്ക് 2021 ഏപ്രിൽമുതൽ ജൂൺവരെയുള്ള വാടക ഒഴിവാക്കി. മൂന്നുമാസത്തെ കോമൺ ഫെസിലിറ്റി ചാർജും ഒഴിവാക്കി.
വ്യവസായ ആവശ്യങ്ങൾക്കായി കെ.എസ്.ഐ.ഡി.സി. ഭൂമി നൽകും. ഇതിന്റെ ഡൗൺ പേമെന്റ് ആകെ തുകയുടെ 20 ശതമാനം നൽകിയാൽ മതി. ബാക്കി 80 ശതമാനം അഞ്ച് തുല്യ ഗഡുക്കളായി കൈമാറിയാൽ മതി. ഇതിന് പലിശ ഈടാക്കില്ല.
കിൻഫ്രയുടെ കീഴിലുള്ള വ്യവസായ പാർക്കുകളിലെ ഭൂമിവില 2020 മാർച്ചിലെ നിരക്കിൽ നിലനിർത്തും. ഭൂമി അനുവദിച്ചവർക്ക് ആകെ തുകയുടെ 20 ശതമാനം ഡൗൺപേമെന്റ് നൽകി ഭൂമി വാങ്ങാം. ബാക്കി തുക അഞ്ചു തുല്യഗഡുക്കളായി ഓരോ വർഷവും നൽകണം. ഇതിന് പലിശ ഈടാക്കില്ല.
ആവശ്യമുള്ള ഗുണഭോക്താക്കൾക്ക് കിൻഫ്ര വായ്പകളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അനുവദിക്കും.
Share your comments