സംസ്ഥാനത്തെ ആദ്യത്തെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് പൊന്നാനി നഗരസഭയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. സെന്ററിന്റെ ഉദ്ഘാടനം നവംബര്‍ 25ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ് നിര്‍വഹിക്കും.
ബന്ധപ്പെട്ട വാർത്തകൾ: World mental health day: ഉറക്കം മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു? അറിയാം…
നഗരസഭയുടെ ഉടമസ്ഥതയില്‍ കടവനാട് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കൗണ്‍സില്‍ അംഗീകാരമായി. കേന്ദ്ര സര്‍ക്കാരിന്റെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് നഗര പ്രദേശങ്ങളില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ തുടങ്ങുന്നതിന് നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് 69 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് സെന്റര്‍ തുടങ്ങുന്നത്. ഇതിലെ ആദ്യ സെന്ററിന്റെ പ്രവര്‍ത്തനമാണ് പൊന്നാനിയില്‍ തുടക്കമാകുന്നത്.
ടെലി മെഡിസിന്‍ അടക്കമുള്ള ചികിത്സാ സംവിധാനങ്ങളോടെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. സെന്ററിലേക്ക് ആവശ്യമായ ഒരു ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), ക്ലീനിങ് സ്റ്റാഫ് എന്നിവരെ നഗരസഭ നിയമിക്കും. ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കി.
നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ എം.ആബിദ, രജീഷ് ഊപ്പാല, ഷീനാസുദേശന്‍, ഒ.ഒ ഷംസു, ടി.മുഹമദ് ബഷീര്‍, നഗരസഭാ സെക്രട്ടറി എസ്.സജിറൂന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Share your comments