മാവൂർ : വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി മാവൂരിലെ കർഷകനായ ധർമരാജൻ കായേരിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. വിദൂര സംവിധാനം വഴി നടന്ന സംവാദത്തിൽ ധർമരാജൻ ഏതു വിധത്തിൽ ആണ് കേന്ദ്ര വികസന ക്ഷേമ പദ്ധതികളുടെ നേട്ടം അനുഭവിക്കുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു മനസിലാക്കി. പി. എം. കിസാൻ യോജന, കിസാൻ ക്രെഡിറ്റ് കാർഡ്, സുകന്യ സമൃദ്ധി യോജന, ജീവൻ ജ്യോതി ബീമ യോജന, സുരക്ഷ ബീമ യോജന തുടങ്ങിയ പദ്ധതികൾ തന്റെ ജീവിതത്തിൽ എത്രമാത്രം സഹായകരമായി എന്ന് ധർമരാജൻ വിശദീകരിച്ചു. മുൻപ് ഉയർന്ന പലിശയ്ക്ക് പണം കടം വാങ്ങി കൃഷി ചെയ്തിരുന്ന താൻ ഇപ്പോൾ കേന്ദ്ര വികസന ക്ഷേമ പദ്ധതികൾ കൊണ്ട് കടമില്ലാതെ കൃഷി ചെയ്യുന്നു എന്ന് അദ്ദേഹം പ്രധാമന്ത്രിയെ അറിയിച്ചു.
വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി മാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുമ്മേളനത്തിൽ ആണ് വാഴ കർഷകൻ ആയ ധർമരാജൻ കായേരിക്ക് പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താൻ അവസരം ലഭിച്ചത്.
2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യം നേടിയെടുക്കാൻ പൊതുജനങ്ങളിൽ നിന്ന് അനുഭവങ്ങൾ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ ആണ് പ്രധാനമന്ത്രിയുടെ തത്സമയ സംവാദം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി നടന്നുവരുന്ന സംവാദത്തിൽ ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഗുണഭോക്താവ് പ്രധാനമന്ത്രിയുമായി സംവദിക്കുന്നത്.
മാവൂരിൽ നടന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് അംഗം അപ്പു കുഞ്ഞൻ ഉദ്ഘടനം ചെയ്തു. നാളികേര വികസന ബോർഡ് അംഗം പി. രഘുനാഥ്, കേന്ദ്ര കൃഷി മന്ത്രാലയം ഡയരക്ടർ ആശ സോട്ട, ലീഡ്ബാങ്ക് മാനേജർ ടി. എം. മുരളീധരൻ, കാനറാ ബാങ്ക് റീജ്യണൽ മാനേജർ ടോംസ് വര്ഗീസ്, മുഹമ്മദ് റിയാസ്, രാധാകൃഷ്ണൻ, സുനിൽ പത്ര തുടങ്ങിയവർ സംബന്ധിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗുണഭോക്താക്കൾക്ക് സൗജന്യ ഉജ്ജ്വല പാചകവാതക കണക്ഷൻ നൽകി. കേന്ദ്ര വികസന ക്ഷേമ പദ്ധതികൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച വികസിത് ഭാരത് സങ്കൽപ് യാത്ര ജില്ലയിൽ 32 പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി.
Share your comments