1. ആധാർ സ്വീകരിക്കുന്നതിന് മുമ്പ് പരിശോധന നടത്താൻ സംസ്ഥാന സർക്കാരുകളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ട് UIADI. ആധാറിന്റെ ദുരുപയോഗം പരിശോധിക്കുന്നതിന് ആധാർ ഭൗതികമായോ ഇലക്ട്രോണിക് രൂപത്തിലോ സ്വീകരിക്കുന്നതിന് മുമ്പ് അത് പരിശോധിക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIADI) സംസ്ഥാന സർക്കാരുകളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടതായി വ്യാഴാഴ്ച നടന്ന ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ആധാർ ഐഡന്റിറ്റിയുടെ തെളിവായി സമർപ്പിക്കുമ്പോഴെല്ലാം - ബന്ധപ്പെട്ട സ്ഥാപനം ആധാർ ഉപയോഗിച്ച് നിവാസികളുടെ ഐഡന്റിറ്റി ആധികാരികമായി സ്ഥിരീകരണം നടത്തുന്നു. ഏകദേശം 1,000 ഗവൺമെന്റ് സ്കീമുകൾക്ക് ആധാർ അംഗീകരിക്കപ്പെട്ടിട്ടുണ്ട്, മറ്റ് വിവിധ പദ്ധതികളിൽ ആധാർ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് യുഐഡിഎഐ സംസ്ഥാനങ്ങളുമായി സജീവ ചർച്ചയിലാണ്. യുഐഡിഎഐ ഇതുവരെ 135 കോടി ആധാർ നൽകിയിട്ടുണ്ട്.
2. 2. കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (AMR) തോത് വിലയിരുത്താനും അതിനനുസരിച്ച് Anti Microbial Resistance തടയാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (AMR SURVEILENCE REPORT) പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം. ആന്റി ബയോട്ടിക് സാക്ഷരത കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളം പ്രാധാന്യം നല്‍കിയത്. സംസ്ഥാനത്തിന്റെ ആന്റി ബയോഗ്രാം റിപ്പോര്‍ട്ട് അടുത്തിടെ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്തെ 2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തില്‍ സംസ്ഥാനത്തിന് ഏറെ അഭിമാനിക്കാമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
3. 2022 ലെ കേരള കന്നുകാലിത്തീറ്റ, കോഴിതീറ്റ, ധാതു ലവണ മിശ്രിതം, ഉത്പാദനവുംവില്പനയും നിയന്ത്രിക്കൽ ബില്ല് സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം പാലക്കാട് ചേർന്നു. യോഗത്തിൽ സെലക്ട് കമ്മിറ്റി അംഗങ്ങളായ MLA മാരായ കെ പി കുഞ്ഞുമ്മദ് കുട്ടി മാസ്റ്റർ, ഡി കെ മുരളി, ജി എസ് ജയലാൽ, സി കെ ആശ, ജോസ് മൈക്കിൾ, കുറുക്കോളി മൊയ്‌ദീൻ, കെ കെ രമ, ഡോ. മാത്യു കുഴൽനാടൻ എന്നിവർ പങ്കെടുത്തു. പാലക്കാട് ജില്ലാ കളക്ടർ മൃണ്മയി ജോഷി സ്വാഗതം പറഞ്ഞു. പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് ചേർന്ന യോഗത്തിൽ പാലക്കാട്, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലെ ബന്ധപ്പെട്ട ജനപ്രതിനിധികൾ, കർഷകർ, കർഷക സംഘടനകൾ പൊതുജനങ്ങൾ, വിവിധ സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും പ്രസ്തുത വ്യവസ്ഥകളിന്മേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചു.
4. കുടുംബശ്രീയിലെ കമ്യൂണിറ്റി കൗൺസിലർമാരുടെ ഓണറേറിയം 12,000 രൂപയായി വർധിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. നിലവിൽ 9,000രൂപയാണ് ഓണറേറിയം. കുടുംബശ്രീ ജൻഡർ പ്രവർത്തനങ്ങളുടെ ഭാഗമായി സിഡിഎസ് തലത്തിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ് പേഴ്‌സൺമാരാണ് കമ്യൂണിറ്റി കൗൺസിലർമാർ. കുടുംബശ്രീയുടെ ജൻഡർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഓണറേറിയം വർധന സഹായിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിലവിൽ സംസ്ഥാനത്താകെ 383 കമ്യൂണിറ്റി കൗൺസിലർമാരാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇവർക്ക് 12 ദിവസം മാത്രമാണ് ചുമതലകൾ നൽകാൻ സാധിച്ചിരുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഒരു കോടി എൺപതിനായിരം രൂപയാണ് ഓണറേറിയം വർധനവിലൂടെ അധികബാധ്യത വരുന്നത്.
5. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 3.36 കോടിയുടെ പ്രത്യേക ധനസഹായം. ശബരിമല തീർഥാടനത്തോട സമീപപ്രദേശത്തെ ഗ്രാമപഞ്ചായത്തുകൾക്ക് 2.31 കോടിയും, നഗരസഭകൾക്ക് 1.05 കോടിയും പ്രത്യേക ധനസഹായമായി അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ 17 പഞ്ചായത്തുകൾക്കും കോട്ടയം ജില്ലയിലെ 9 പഞ്ചായത്തുകൾക്കും, ഇടുക്കി ജില്ലയിലെ 6 പഞ്ചായത്തുകൾക്കുമാണ് സഹായം. ചെങ്ങന്നൂർ, പത്തനംതിട്ട, തിരുവല്ല, ഏറ്റുമാനൂർ, പാലാ, പന്തളം നഗരസഭകൾക്കും തുക അനുവദിച്ചിട്ടുണ്ട്.പത്തനംതിട്ട നഗരസഭയ്ക്ക് 30 ലക്ഷം രൂപയും ചെങ്ങന്നൂർ നഗരസഭയ്ക്ക് 25 ലക്ഷം രൂപയും പന്തളം നഗരസഭയ്ക്ക് 20 ലക്ഷം രൂപയുമാണ് സഹായം. മറ്റ് നഗരസഭകൾക്ക് 10ലക്ഷം വീതം ലഭിക്കും. പഞ്ചായത്തുകളിൽ എരുമേലിക്ക് 37.7 ലക്ഷവും, റാന്നി-പെരുനാടിന് 23.57 ലക്ഷവും, പാറത്തോടിന് 14.14 ലക്ഷവും മണിമലയ്ക്ക് 11.79 ലക്ഷവും കുളനടയ്ക്ക് 10.84 ലക്ഷവുമാണ് അനുവദിച്ചത്.
6. കുന്ദമംഗലം മണ്ഡലത്തിലെ ജലജീവന്‍ പദ്ധതി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച് പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മാവൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിൽ ജലജീവന്‍ പദ്ധതി പ്രവൃത്തികള്‍ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. മണ്ഡലത്തിലെ ചെറുകിട ജലസേചന പദ്ധതികളുടെ പ്രവൃത്തികള്‍ നടത്തുന്നതില്‍ നിലവിലുള്ള തടസങ്ങള്‍ നീക്കുന്നതിനും സ്ഥലം സംബന്ധിച്ച ആശയകുഴപ്പങ്ങളുള്ള ഭാഗങ്ങള്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധിച്ച് സമയബന്ധിത നടപടികള്‍ സ്വീകരിക്കുന്നതിനും ധാരണയായി.
7. എറണാകുളം ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന നൈപുണ്യ നഗരം പദ്ധതിയ്ക്ക് തുടക്കമാകുന്നു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന സൗജന്യ പരിശീലന പദ്ധതിയാണ് നൈപുണ്യ നഗരം. സ്മാര്‍ട്ട് ഫോണുകള്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നതിലെ അറിവില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്ക് ആധുനിക വാര്‍ത്ത വിനിമയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
8. കേരളത്തിൽ ഡെങ്കിപ്പനി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി എളവള്ളി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 16 വാർഡുകളിലും ജനപ്രതിനിധികൾ, ആശാപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ യൂണിറ്റുകൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രൈ ഡേ ദിനാചരണം നടത്തിയത്.വീട്ടുമുറ്റത്തും പരിസരങ്ങളിലും കിടക്കുന്ന ചിരട്ട, പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങൾ, ടയറുകൾ, ചെടിച്ചട്ടികൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഈഡിസ് കൊതുകുകൾ വളരുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവ്വഹിച്ചു.
9. കൊയിലാണ്ടി നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന നഗരസഭ പൊതു ആസ്തികളുടെ ജി.ഐ.എസ് മാപ്പിങ് ആരംഭിച്ചു. നൂതന സാങ്കേതികവിദ്യകളുടെ സഹായത്താൽ നഗരസഭയുടെ പരിധിയിലെ മുഴുവൻ മനുഷ്യ, പ്രകൃതിവിഭവ വിവരങ്ങളും ശേഖരിച്ച് ആവശ്യാനുസരണം വിരൽതുമ്പിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഡ്രോണ്‍ പറത്തി നിര്‍വഹിച്ചു. ചടങ്ങിന് നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.
10. മാനാഞ്ചിറ- വെളളിമാട്കുന്ന് റോഡ് വികസത്തിനു വേണ്ടി കസബ, കച്ചേരി, വേങ്ങേരി, ചേവായൂർ വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ പ്രസ്തുത ഏറ്റെടുക്കലിൽ കൈവശഭൂമി നഷ്ടപ്പെട്ട ഭൂവുടമകൾക്കുളള നഷ്ടപരിഹാരം, പ്രസ്തുത ഭൂമിയിലുൾപ്പെട്ട കച്ചവടക്കാർക്കും തൊഴിലാളികൾക്കുമുളള പുനരധിവാസ പാക്കേജ് എന്നിവ ഉൾപ്പെടുന്ന അവാർഡ് നവംബർ 26 ന് വിതരണം ചെയ്യും. വൈകുന്നേരം 6.00 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം-പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അവാർഡുകൾ വിതരണം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും. അറിയിപ്പ് ലഭിച്ച ഗുണഭോക്താക്കൾ നവംബർ 26 ന് ആവശ്യമായ തിരിച്ചറിയൽ രേഖകൾ സഹിതം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എത്തിച്ചേരണം
11. കേന്ദ്ര ക്ഷീരവികസന വകുപ്പിന്റെ ദേശീയ ഗോപാൽ രത്ന പുരസ്കാരം- 2022 ലെ മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള അവാർഡ് വയനാട് മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘത്തിന് ലഭിച്ചു. കേന്ദ്ര ഫിഷറീസ്– മൃഗസംരക്ഷണ– ക്ഷീരവികസന മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. കർണാടക മാണ്ഡ്യയിലെ അരകെരെ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി രണ്ടാം സ്ഥാനവും തമിഴ്‌നാട് തിരുവരാരൂരിലെ മന്നാർഗുഡി എംപിസി മൂന്നാം സ്ഥാനവും നേടി. 26ന് ക്ഷീരദിനാഘോഷത്തിന്റെ ഭാഗമായി ബംഗളൂരു ജികെവികെ കാമ്പസിലെ ഡോ. ബാബു രാജേന്ദ്ര പ്രസാദ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ പുരസ്‌കാരം സമ്മാനിക്കും.
12. സംസ്ഥാനത്ത് നോട്ടറി നിയമനത്തിനുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ നൽകാം. ഇതിനായുള്ള പോർട്ടൽ നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നിയമ രംഗത്ത് ഓൺലൈൻ സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് നോട്ടറി അപേക്ഷകൾ ഓൺലൈനിൽ സ്വീകരിക്കുന്നതിനു തുടക്കമായിരിക്കുന്നത്. വൈകാതെ നോട്ടറി പുതുക്കലും ഓൺലൈനിലേക്കു മാറുമെന്നു മന്ത്രി പറഞ്ഞു. നോട്ടറി സേവനത്തിൽ 52 വർഷം പിന്നിടുന്ന മുതിർന്ന അഭിഭാഷകൻ അഡ്വ. ജി.എം. ഇടിക്കുളയെ മന്ത്രി ആദരിച്ചു. മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഓൺലൈൻ പോർട്ടൽ സന്ദർശിക്കാനായി നിയവ വകുപ്പിന്റെ വെബ്സൈറ്റായ lawsect.kerala.gov.in ൽ ക്ലിക്ക് ചെയ്യുക.
13. അസംസ്‌കൃത എണ്ണയുടെ ഉറവിടം ഇന്ത്യ വൈവിധ്യവൽക്കരിച്ചുവെന്നും റഷ്യൻ എണ്ണയുടെ നിർദ്ദിഷ്ട വില പരിധിയെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
14. ആഗോള സമ്പദ്‌വ്യവസ്ഥയിൽ പിന്നോക്കം നിന്നിരുന്ന ഇന്ത്യ ഇപ്പോൾ ലോകത്തിന്റെ തന്നെ bright spot ആയി, മാറിയിരിക്കുന്നു എന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ടൈംസ് നൗ ഉച്ചകോടിയിൽ പങ്കെടുക്കവെയാണ് ടെക്‌സ്‌റ്റൈൽ, ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി കൂടിയായ ഗോയൽ ഈ പ്രസ്താവന നടത്തിയത്.
15. കേരളത്തിൽ നവംബർ 24 മുതൽ 5 ദിവസത്തേക്ക് നേരിയ തോതിലുള്ള മഴയ്ക്ക് മാത്രം സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ലെന്നും അറിയിപ്പിൽ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: National Milk Day 2022: ക്ഷീര വ്യവസായത്തിലെ വിപ്ലവവും വർഗീസ് കുര്യനും
Share your comments