'ഹര്‍ ഘര്‍ തിരംഗ'യുടെ ഭാഗമായി പാർലമെന്റ് അംഗവും, മുൻ ഒഡീഷ ക്ഷീരവികസന വകുപ്പ് മന്ത്രിയുമായ പ്രതാപ് ചന്ദ്ര സാരംഗി കൃഷി ജാഗരൺ സന്ദർശിച്ചു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഒരു മനുഷ്യൻ എത്രത്തോളം എളിമയോടെ ജീവിക്കണമെന്ന കാര്യത്തിൽ പ്രതാപ് ചന്ദ്ര സാരംഗി വലിയ ഉദാഹരണമാണെന്നും സഹജീവികളോടുള്ള അദ്ദേഹത്തിന്റെ സമീപനം വരും തലമുറയ്ക്ക് പ്രചോദനമാണെന്നും എം.സി ഡൊമിനിക്ക് പറഞ്ഞു.
"ഭൂമി മാതാവാണ്, അത് നശിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഭക്ഷണം ഉൾപ്പെടെ എല്ലാം നമുക്ക് പ്രകൃതിയാണ് തരുന്നത്. കൃഷിയിലൂടെയും മണ്ണ് സംരക്ഷണത്തിലൂടെയും മാത്രമെ നമുക്ക് അതിന് സാധിക്കൂ. വിളകളിൽ നാം പ്രയോഗിക്കുന്ന കീടനാശിനി ഭക്ഷണത്തിലും ഉണ്ടാകും. ഇത് മണ്ണിന് മാത്രമല്ല മനുഷ്യനും ദോഷമാണ്. സ്ത്രീ ശാക്തീകരണത്തിന് കൃഷിയെ മാത്രം അവലംബിക്കാൻ പാടില്ല. പകരം സ്ത്രീകൾ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിച്ച് സംരംഭകരായി മാറണം. ഉരുളക്കിഴങ്ങ് ചിപ്സ്, ജാം, പപ്പടങ്ങൾ എന്നിവ സംരംഭം ആരംഭിക്കാനുള്ള മികച്ച ഉൽപന്നങ്ങളാണ്", പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു.
ഒഡിഷയിലെ ബാലസോർ സ്വദേശിയായ പ്രതാപ് ചന്ദ്ര സാരംഗി വലിയൊരു സാമൂഹിക പ്രവർത്തകൻ കൂടിയാണ്. നിർധനരായ കുട്ടികൾക്ക് വേണ്ടി സമർ കാര കേന്ദ്ര എന്ന പേരിൽ സ്കൂളും അദ്ദേഹം തുറന്നു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ഹർ ഘർ തിരംഗ'യുടെ ഭാഗമായ ബൈക്ക് റാലിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. എല്ലാവരും ക്യാമ്പെയിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഹർ ഘർ തിരംഗ: കുടുംബശ്രീ തുന്നുന്നു 50 ലക്ഷം ത്രിവർണ പതാകകൾ
ഓഗസ്റ്റ് രാവിലെ 9 മണിക്ക് കെജെ ചൗപലിൽ വച്ചാണ് പരിപാടി നടന്നത്. എല്ലാവരും ജൈവ കൃഷിയിലേക്ക് കടന്ന് വരണമെന്നും കാർഷിക മേഖയിലെ വളർച്ചയ്ക്ക് കൃഷി ജാഗരണിൻ്റെ സംഭാവനകൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അദ്ദേഹം പതാക ഉയർത്തി 'ഹര്‍ ഘര്‍ തിരംഗ'യുടെ ഭാഗമായി.
Share your comments