1. News

സ്ത്രീ സുരക്ഷയിൽ വിട്ടു വീഴ്ച്ചയില്ല; മുഖ്യമന്ത്രി

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത സംസ്ഥാനമാണ് കേരളമെന്നും ഇതുതന്നെയാണു സർക്കാരിന്റെ സമീപനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ല എന്ന നിലയിൽ പ്രചാരണം നടത്തുന്നതു നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Saranya Sasidharan
There is no drop in women's safety; Chief Minister
There is no drop in women's safety; Chief Minister

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത സംസ്ഥാനമാണ് കേരളമെന്നും ഇതുതന്നെയാണു സർക്കാരിന്റെ സമീപനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ല എന്ന നിലയിൽ പ്രചാരണം നടത്തുന്നതു നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ചും അവ നേരിടുന്നതിനെക്കുറിച്ചും അവബോധം നൽകുന്നതിനായി കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'വിങ്സ് 2023' വിമൻ സേഫ്റ്റി എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന കുറ്റകൃത്യങ്ങളെ അതീവ ഗൗരവത്തോടെയാണു സർക്കാർ പരിഗണിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അതിൽ ഉൾപ്പെടുന്ന കുറ്റവാളികൾ എത്ര ഉന്നതരായാലും നിയമത്തിനുമുന്നിൽ എത്തിക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങൾ പരിശോധിച്ചാൽ ആർക്കും ഇതു മനസിലാക്കാം. സംസ്ഥാനത്തു പൊലീസിനു പുറമേ വനിതാ ശിശുവികസന വകുപ്പ്, ബാലാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ, സാമൂഹ്യനീതി വകുപ്പ് തുടങ്ങിയവ വഴി വനിതകളുടെ സുരക്ഷിതത്വവും ക്ഷേമവും മുൻനിർത്തി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നുണ്ട്.

ഗാർഹിക പീഢന നിരോധനം, സ്ത്രീധന നിരോധനം, സുരക്ഷിതമായ ജോലിസ്ഥലം, നിർഭയ പദ്ധതി തുടങ്ങിയവയ്ക്കു പുറമേ പൊലീസിന്റെ അപരാജിത ഹെൽപ്പ് ലൈൻ, പൊലീസ് സ്റ്റേഷനുകളിലെ വനിതാ ഹെൽപ്പ് ഡെസ്‌ക്, പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ട്, സൈബർ പൊലീസ് സ്റ്റേഷനുകൾ, സെൽഫ് ഡിഫൻസ് ട്രെയിനിങ് തുടങ്ങിയ നിരവധി കാര്യങ്ങളും നിലവിലുണ്ട്. ഇതെല്ലാമുണ്ടെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ അവ പരിഹരിക്കുന്നതിനായി ഇവ ഉപയോഗപ്പെടുത്താൻ പലരും തയാറാകുന്നില്ലെന്നതു ഗൗരവമായ കാര്യമാണ്. സ്ത്രീ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച അറിവില്ലായ്മയും നീതി ലഭ്യമാക്കുന്നതിന്റെ മാർഗങ്ങളിലുള്ള സങ്കീർണതയും കുടുംബത്തിന്റെ അവസ്ഥയുമൊക്കെയാണ് ഇതിനു കാരണം. ഇതു മാറിയേ തീരൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറ്റകൃത്യങ്ങൾക്കെതിരേ പരാതിപ്പെടാനും പരിഹാരം തേടാനുമുള്ള അവസരം ഫലപ്രദമായി ഉപയോഗിക്കുമ്പോഴാണു ലിംഗസമത്വവും ലിംഗനീതിയും ഉറപ്പാക്കാൻ കഴിയുന്നത്. സാമൂഹ്യനീതിയിലധിഷ്ഠിതമായ സമൂഹത്തിൽ ലിംഗവിവേചനത്തിനു സ്ഥാനമില്ല. സ്ത്രീകൾക്കു നേർക്കുണ്ടാകുന്ന ദുരനുഭവങ്ങൾക്കു നേരേ സഹനമാർഗമല്ല സ്വീകരിക്കേണ്ടത്. കുറ്റവാളികൾക്കെതിരേ പരാതിപ്പെടാൻ വിമുഖതയുണ്ടാകുന്നതു കുറ്റകൃത്യം ചെയ്യുന്നവർക്ക് ഊർജംപകരുകയാണു ചെയ്യുന്നത്. ഈ തിരിച്ചറിവ് എല്ലാവർക്കും വേണം. ഇന്ന് ഒരാൾക്കുണ്ടാകുന്ന ദുരനുഭവം നാളെ മറ്റാർക്കും സംഭവിക്കാൻ പാടില്ലെന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, എ.ഡി.ജി.പിമാരായ കെ. പത്മകുമാർ, ഷെയ്ക് ദർവേഷ് സാഹെബ്, എം.ആർ. അജിത്കുമാർ, ജനമൈത്രി സുരക്ഷാ പദ്ധതി സംസ്ഥാന നോഡൽ ഓഫിസർ ആർ. നിശാന്തിനി തുടങ്ങിയവർ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേള ഇന്നു (24 മാർച്ച്) സമാപിക്കും. പൊതു ഇടങ്ങൾ, സൈബർ ഇടങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ സുരക്ഷ, പേരന്റ്സ് ക്ലിനിക്, സുരക്ഷിത കുടിയേറ്റം എന്നിവയെക്കുറിച്ച് അവബോധം പകരാനും കൗൺസിലിങ് സേവനം നൽകാനുമുള്ള സ്റ്റാളുകൾ പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. പൊലീസിന്റെ നേതൃത്വത്തിൽ വനിതാ സ്വയംപ്രതിരോധ പരിപാടിയുടെ പരിശീലനവും ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: വനാശ്രിത പട്ടിക വിഭാഗക്കാരെ മുഖ്യധാരയിലെത്തിക്കും; മുഖ്യമന്ത്രി

English Summary: There is no drop in women's safety; Chief Minister

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds