കൊവിഡ് പകർച്ചവ്യാധിക്കിടെ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പലരേയും ഒന്ന് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതുവരെ ഒരു ചിട്ടിയിൽ പോലും നിക്ഷേപം നടത്താത്തവർ ചെറുതായിട്ടെങ്കിലും ഒരു നിക്ഷേപം തുടങ്ങണമെന്ന് കരുതിയിട്ടുണ്ടാകും. നിലവിലെ നിക്ഷേപം അൽപമൊന്ന് വിപുലീകരിക്കണമെന്ന് ചിന്തിച്ചവരും കുറവല്ല. ഇത്തരക്കാർക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് മ്യൂച്വൽ ഫണ്ട്. ഏത് പ്രായക്കാർക്കും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താവുന്നതാണ്.
വേഗത്തിൽ പണം സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു വർഷംകൊണ്ട് നിക്ഷേപിച്ച തുക ഇരട്ടിയായി നൽകുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികളുണ്ട്. Kotak Small Cap Mutual Fund, Nippon India Small Cap Mutual Fund, PGIM India Midcap Mutual Fund, ICICI Prudential Small Cap Mutual Fund, HDFC Small Cap Mutual Fund തുടങ്ങിയ പദ്ധതികൾ ഇതിൽ ഉൾപ്പെടും.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്. അതിനാൽ ഇത്തരം നിക്ഷേപത്തിലുളള റിസ്‌ക്ക് മനസിലാക്കിയായിരിക്കണം നിക്ഷേപം നടത്തേണ്ടത്. നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചില മ്യൂച്വൽ നിക്ഷേപ പദ്ധതികൾ നോക്കാം.
കൊട്ടക് സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് പദ്ധതി (Kotak Small Cap Mutual Fund)
ഒരുവർഷം കൊണ്ട് നിക്ഷേപത്തിന്റെ ഇരട്ടി തിരികെ നൽകുന്ന മ്യൂച്വൽ ഫണ്ട് പദ്ധതിയാണ് കൊട്ടക് സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട്. നിക്ഷേപകർക്ക് വർഷത്തിൽ 124.74 ശതമാനം വരെ വരുമാനമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അതായത് ഒരു വർഷം മുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ കാലാവധി തീരുമ്പോൾ ആ തുക ഏകദേശം 2.24 ലക്ഷം രൂപയായാണ് തിരികെ ലഭിക്കുക.
നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് പദ്ധതി (Nippon India Small Cap Mutual Fund)
നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് പദ്ധതി വർഷത്തിൽ 112.05 ശതമാനം വരുമാനമാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒരു വർഷംകൊണ്ട് അത് 2,12,005 രൂപയായാണ് തിരികെ ലഭിക്കുക. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം ലാർജ്, മിഡ് ക്യാപ് ഫണ്ടുകളെ അപേക്ഷിച്ച് റിസ്‌ക് കൂടിയ വിഭാഗമാണ് സ്‌മോൾ ക്യാപ്. അതിനാൽ ഇവയിൽ നിക്ഷേപിക്കുമ്പോൾ വിദഗ്ധരുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും.
പിജിഐഎം ഇന്ത്യ മിഡ്‌ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീം (PGIM India Midcap Mutual Fund)
വിപണിമൂല്യത്തിന്റെ മുൻപന്തിയിൽ നിൽക്കുന്ന ഓഹരികൾ ആണ് മിഡ് ക്യാപ്. പിജിഐഎം ഇന്ത്യ മിഡ്‌ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീം ഒരു വർഷത്തിൽ 103.33 ശതമാനം വരുമാനമാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. പദ്ധതിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ അത് ഇരട്ടിച്ച് ഏകേദശം 2.03 ലക്ഷം രൂപയായി തിരികെ ലഭിക്കാനാണ് സാധ്യത.
ഐസിഐസിഐ പ്രു സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീം (ICICI Prudential Small Cap Mutual Fund)
ഐസിഐസിഐ പ്രു സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കുന്നവർക്ക് ഒരു വർഷത്തിനുള്ളിൽ 111.38 ശതമാനം വരുമാനമാണ് ലഭിക്കുക. അതായത് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ഏകദേശം 2.11 ലക്ഷം രൂപയായാണ് ആ തുക മടക്കി ലഭിച്ചേക്കുക.
എച്ച്ഡിഎഫ്സി സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് പദ്ധതി (HDFC Small Cap Mutual Fund)
നിക്ഷേപകർക്ക് ഒരു വർഷത്തിനുള്ളിൽ 103.22 ശതമാനം വരുമാനം നൽകുന്ന പദ്ധതിയാണ് എച്ച്ഡിഎഫ്സി സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് പദ്ധതി. ഒരു വർഷംകൊണ്ട് ഒരു ലക്ഷം രൂപ 2.06 ലക്ഷമായാണ് നിക്ഷേപകന് ലഭിക്കുക.
Share your comments