സുരക്ഷിതവും ജനങ്ങൾക്ക് ഗുണകരവുമായ ഒരു നിക്ഷേപ പദ്ധതിയാണ് കേന്ദ്ര സർക്കാർ 2015 ൽ ആരംഭിച്ച അടല്‍ പെന്‍ഷന്‍ യോജന. അസംഘടിത മേഖലയില്‍ തൊഴിലെടുത്ത് വരുമാനം കണ്ടെത്തുന്ന സാധാരണക്കായ ജനങ്ങള്‍ക്ക് വാര്‍ധക്യ കാലത്ത് സാമ്പത്തീക സുരക്ഷ ഉറപ്പു വരുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ അടല്‍ പെന്‍ഷന്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്.
അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയിൽ ചേരുന്നതിനുള്ള പ്രായപരിധി 18 വയസ്സ് മുതല്‍ 40 വയസ്സ് വരെയാണ്. പോസ്റ്റ് ഓഫീസിലോ, ബാങ്കിലോ സ്വന്തം പേരില്‍ അക്കൗണ്ട് ഉള്ള ഏതൊരു വ്യക്തിയ്ക്കും അടല്‍ പെന്‍ഷന്‍ യോജനയില്‍ നിക്ഷേപം നടത്തിക്കൊണ്ട് പെന്‍ഷന്‍ കരസ്ഥമാക്കാം. 60 വയസ്സ് പൂര്‍ത്തിയായതിന് ശേഷം മാത്രമാണ് നിക്ഷേപകര്‍ക്ക് എപിഐ പദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ ലഭിച്ചു തുടങ്ങുക. നിങ്ങളുടെ പ്രായം എത്രയാണോ, അതിന് അനുസരിച്ചാണ് അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപം നടത്തേണ്ടുന്ന തുക നിശ്ചയിക്കുന്നത്.
ഏറ്റവും ചുരുങ്ങിയത് 1,000 രൂപ മുതലുള്ള പെന്‍ഷന്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. 1,000 രൂപ, 3,000 രൂപ, 4,000 രൂപ, 5,000 രൂപ എന്നിങ്ങനെയാണ് എപിവൈ നിക്ഷേപത്തിലൂടെ ലഭിക്കുന്ന മറ്റ് പെന്‍ഷന്‍ തുകകള്‍. പദ്ധതിയ്ക്ക് കീഴില്‍ ലഭിക്കുന്ന പരമാവധി പെന്‍ഷന്‍ തുക 5,000 രൂപയാണ്. പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നതിനായി നിങ്ങള്‍ക്ക് സേവിംഗ്‌സ് അക്കൗണ്ട്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ആവശ്യമാണ്.
എത്ര നേരത്തേ നിങ്ങള്‍ അടല്‍ പെന്‍ഷന്‍ യോജനയില്‍ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും കൂടുതല്‍ നേട്ടം നിങ്ങള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും എന്നറിയുക. 18 വയസ്സില്‍ അടല്‍ പെന്‍ഷന്‍ യോജനയില്‍ നിക്ഷേപം ആരംഭിക്കുന്ന ഒരു വ്യക്തിയ്ക്ക് 60 വയസ്സ് പൂര്‍ത്തിയായതിന് ശേഷം ഓരോ മാസവും 5,000 രൂപാ വീതം പെന്‍ഷന്‍ ലഭിക്കുന്നതിനായി നിക്ഷേപം നടത്തേണ്ടുന്ന തുക മാസം വെറും 210 രൂപാ വീതമാണ്. അതായത് ദിവസവും വെറും ഏഴ് രൂപ മാറ്റി വച്ചു കൊണ്ട് നിങ്ങള്‍ക്ക് പ്രതിമാസം 5,000 രൂപാ വീതം പെന്‍ഷന്‍ തുക സ്വന്തമാക്കാമെന്നര്‍ഥം.
ഇതേ പദ്ധതിയില്‍ പ്രതിമാസം 1,000 രൂപയാണ് പെന്‍ഷനായി വേണ്ടത് എങ്കില്‍ മാസം 42 രൂപാ വീതം നിക്ഷേപിച്ചാല്‍ മതിയാകും. ഓരോ മാസവും 2,000 രൂപാ വീതം പെന്‍ഷന്‍ നേടുവാന്‍ 84 രൂപയാണ് മാസം നിക്ഷേപം നടത്തേണ്ടത്. ഇനി മാസം തോറും 126 രൂപാ വീതം നിക്ഷേപം നടത്തിയാല്‍ 60 വയസ്സിന് ശേഷം 3,000 രൂപാ വീതം പെന്‍ഷന്‍ ലഭിക്കുന്നതാണ്. 4,000 രൂപാ മാസ പെന്‍ഷന്‍ നേടുന്നതിനായി നിക്ഷേപിക്കേണ്ട തുക 168 രൂപ വീതമാണ്. അടല്‍ പെന്‍ഷന്‍ യോജനയില്‍ നിക്ഷേപം നടത്തുന്ന വ്യക്തികള്‍ക്ക് ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവുകളും ലഭിക്കും.
Share your comments