ദോച്ചുല റിസോര്‍ട്ടില്‍ ഒരു ദിനം/ One day at Dochula Eco Resort
ജിഗ്മെ,റിസോര്ട്ട് മാനേജരെ വിളിച്ചു നോക്കി. ' ഞാന് പുറത്താണുള്ളത്. ജോലിക്കാരുണ്ട്,വിളിച്ചു പറയാം. രാത്രി പാചകക്കാരെയും കൂട്ടി ഞാനങ്ങ് വന്നേക്കാം',അയാള് പറഞ്ഞു.ഞങ്ങള് നേരെ ദോച്ചുല ഇക്കോ റിസോര്ട്ടിലേക്ക് വണ്ടി വിട്ടു. തിംബുവില് രാജകൊട്ടാരത്തോടടുപ്പമുള്ള ഒരാളിന്റേതാണ് റിസോര്ട്ട്. സീസണല്ലാത്തതിനാല് അവിടെ മറ്റ് താമസക്കാരൊന്നും ഉണ്ടായിരുന്നില്ല. ഒരു ചെറിയ കുന്നിന്റെ മുകളിലാണ് റിസോര്ട്ട് നില്ക്കുന്നത്. ഒരു കയറ്റം കയറി ഞങ്ങള് അവിടെയെത്തി. രണ്ട് പയ്യന്മാരാണ് അവിടെയുള്ളത്.ഗ്യാന്‍ബെ ദോര്‍ജിയും ദേചെന്‍ നാംജിയും. നല്ല ചുറുചുറുക്കും നിറ പുഞ്ചിരിയുമുള്ള കുട്ടികള്‍. അവര്‍ ബാഗേജെല്ലാമെടുത്ത് മുറിയിലേക്ക് പോയി.നല്ല വിശാലമായ റസ്റ്റാറന്റ് , ഗിഫ്റ്റ് ഷോപ്പ്, മൂന്ന് നിലകളിലായി മുറികള്‍, മുറികളോട് ചേര്‍ന്ന് കാഴ്ച കണാനുള്ള വലിയ വരാന്ത, പര്‍വ്വതങ്ങള്‍ അടുത്തുകാണാനുളള ബൈനോക്കുലേഴ്സ്,എല്ലാം സജ്ജമാക്കിയിട്ടുണ്ട്.മൂന്ന് ബഡുള്ള മുറിയാണ്. മുറിയുടെ മുന്നിലെ കാഴ്ചയില്‍ 5 പര്‍വ്വതങ്ങളാണുള്ളത്. അത് നോക്കിയിരുന്നാല്‍ തന്നെ യാത്ര സാര്‍ത്ഥകമായി എന്നു പറയാം. കുറേ സമയം അവിടെയിരുന്നു. മുറിയിലെ കനലടുപ്പ് എരിയുന്നുണ്ടായിരുന്നു. സുഖമുളള തണുപ്പ്. വിസ്‌ക്കിയുടെ ചെറുലഹരിയില്‍ കാഴ്ചകള്‍ കണ്ടും ഭക്ഷണം കഴിച്ചും ഉറങ്ങിയും സമയം കളയാന്‍ പറ്റിയ ഇടം.
(We spent one night at Dochula eco resort .We were the only guest there. Resort is up on a small hill and the view of the mountains from there was fantastic. The rooms are faced towards the mountain and arranged a binocular also to see the mountains)
ജിഗ്മെ കഥ പറയുന്നു
ഒരു ബിയര്‍ നുണഞ്ഞിരുന്ന് ജിഗ്മെ അവന്റെ കഥ പറഞ്ഞു.ജിഗ്മെ വീസര്‍ എന്നാണ് അവന്റെ മുഴുവന്‍ പേര്. നാട്ടിന്‍പുറത്താണ് ബാല്യം കഴിച്ചത്. വൈദ്യുതിയും റോഡുമൊന്നുമില്ലാത്ത ഇടം. പ്രധാന റോഡില്‍ നിന്നും വീട്ടിലെത്താന്‍ 12-13 മണിക്കൂര്‍ നടക്കണമായിരുന്നു. അതൊന്നും ആ പ്രായത്തില്‍ ഒരു വിഷയമായിരുന്നില്ല. ഇപ്പോള്‍ വീടിനടുത്തുവരെ വണ്ടി പോകും.അച്ഛനും അമ്മയും ബന്ധുക്കളുമൊക്കെ ഇപ്പോഴും അവിടെയാണുള്ളത്. ജിഗ്മെയ്ക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ലെങ്കിലും ഗ്രാഡ്വേഷന്‍ കഴിഞ്ഞവനാണ്.' സര്‍, ഞാന്‍ ഭൂട്ടാന്‍ സിവില്‍ സര്‍വ്വീസ് എഴുതിയ ആളാണ്. ഭാഗ്യദോഷം കൊണ്ടു മാത്രം കിട്ടാതെപോയതാണ്. ജ്യോഗ്രഫിയാണ് എന്റെ വിഷയം. അതിനൊക്കെ നല്ല മാര്‍ക്ക് കിട്ടി. പക്ഷെ ഭൂട്ടാന്‍ ഭാഷ എന്നെ പരാജയപ്പെടുത്തി കളഞ്ഞു. നന്നായി അറിയുന്ന സ്വന്തം ഭാഷയല്ലെ എന്നൊരഹങ്കാരമുണ്ടായിരുന്നു. പക്ഷെ ചോദ്യങ്ങള്‍ മൊത്തവും വ്യാകരണ സംബ്ബന്ധിയായിരുന്നു. സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല.', അവന്‍ പറഞ്ഞു നിര്‍ത്തി. നീ അടുത്ത തവണ കൂടി ശ്രമിക്കൂ, നിനക്ക് ഉറപ്പായും കിട്ടും എന്ന് ഞങ്ങള്‍ ആശ്വസിപ്പിച്ചു. അത് വെറുതെ പറഞ്ഞതായിരുന്നില്ല, അവന്‍ സംസാരിക്കുന്നത് നല്ല ജ്ഞാനബോധമുളള ഒരാളായിട്ടായിരുന്നു. ഭൂട്ടാന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ നന്നായറിയാവുന്ന ഒരാളാണ് ജിഗ്മെ എന്ന് യാത്രയിലെ സംഭാഷണം ഞങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു.
( Jigme Woeser,our driver told his story while sipping Drukpa beer. He is a graduate and appeared for Civil service. He failed in language exams as it was highly a grammar based one. Now, working as part time driver.He came to Phuentshuling from a remote village seeking better opportunities)
അവന്‍ ശരിയോ തെറ്റോ?
കുറേ അബദ്ധങ്ങളും ജീവിതത്തില്‍ സംഭവിച്ചു. രണ്ടാമത്തെ ബിയര്‍ തുറന്നുകൊണ്ട് അവന്‍ മനസ് തുറന്നു. ഞാന്‍ ഈ പ്രായത്തിനിടയില്‍ രണ്ട് വിവാഹവും കഴിച്ചു. എടാ വീരാ എന്നു ഞങ്ങള്‍ അത്ഭുതപ്പെട്ടു. അവന്‍ വിവാഹിതനാണ് എന്നുപോലും കരുതിയിരുന്നില്ല. ഉം, കേള്‍ക്കട്ടെ എന്ന മട്ടില്‍ ഞങ്ങളിരുന്നു. ആദ്യ ഭാര്യ അധ്യാപികയാണ്. അവള്‍ അകലെ ഗ്രാമത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ആ ഏകാന്തതയുടെയും വിരസതയുടെയും സമയത്താണ് ഫേയ്സ് ബുക്ക് വഴി മറ്റൊരുവളെ പരിചയപ്പെട്ടത്. അവള്‍ ബ്യൂട്ടീഷ്യനായി മലേഷ്യയില്‍ ജോലി ചെയ്യുകയായിരുന്നു. ജിഗ്മെ നല്ല സുന്ദരനാണ് എന്നതിനാല്‍ അവള്‍ ആ കെണിയില്‍ വീണു എന്നതുറപ്പ്, ഞാന്‍ മനസില്‍ കരുതി. ആ സൗഹൃദം വളര്‍ന്നതോടെ അവള്‍ ജോലി ഉപേക്ഷിച്ച് നാട്ടില്‍ വന്നു. ഞാന്‍ അവളെ വിവാഹം കഴിച്ചു.എന്റെ ഒളിച്ചുകളി രണ്ടുപേര്‍ക്കും മനസിലാകുമ്പോഴേക്കും രണ്ടാം ഭാര്യ ഗര്‍ഭിണിയായി കഴിഞ്ഞിരുന്നു. ആദ്യ വിവാഹത്തില്‍ കുട്ടികളില്ല, അവളുടെ ഗര്‍ഭം അലസിപോയിരുന്നു. രണ്ടു കൂട്ടരും വലിയ തോതില്‍ പൊട്ടിത്തെറിച്ചു. വളരെ ശ്രമപ്പെട്ട് അതൊക്കെ അടക്കി മുന്നോട്ടു പോവുകയാണിപ്പോള്‍. അതിന്റെ ടെന്‍ഷന്‍ എനിക്കിപ്പൊഴുമുണ്ട്. ആദ്യ ഭാര്യയ്ക്കിപ്പോള്‍ ഫെന്‍സുലിംഗിലേക്ക് മാറ്റം കിട്ടി. അവള്‍ ഒപ്പമുണ്ട്. രണ്ടാമത്തെയാള്‍ പാറോയ്ക്കടുത്തുളള ഗ്രാമത്തിലാണ്. കുട്ടിയേയും അവളെയും കണ്ടിട്ട് ഏറെ നാളായി. അവന്‍ പറഞ്ഞു. ചെയ്തത് വലിയ ചതിവായതിനാല്‍ ഈ വിഷയത്തില്‍ അവനെ ആശ്വസിപ്പിക്കാനോ ന്യായീകരിക്കാനോ തോന്നിയില്ല. പാറോയില്‍ പോകുമ്പോള്‍ കുഞ്ഞിനെ കാണാം എന്നു മാത്രം പറഞ്ഞു. അവനിലുംഅതൊരു പ്രതീക്ഷയായി നിറഞ്ഞു.
(He married a teacher and later had an affair with a beautician,FB friend. She was at Malaysia, later came back ,he married her hiding the first marriage. Now, both knew the facts and he is tensed managing the relations as the second wife has a kid and the first have none.)
പാവം കുട്ടികള്‍
ഇരുട്ടിലും മഞ്ഞിന്റെ തിളക്കം പ്രകൃതിയില്‍ നിറഞ്ഞുനിന്നു. ആകാശത്ത് ചന്ദ്രനും താരകളും ഒളിഞ്ഞുനോക്കാന്‍ തുടങ്ങി. അപ്പോഴും ഹിമവാന്‍ ഗാംഭീര്യത്തോടെ ദൂരെയുണ്ടായിരുന്നു.കുറച്ചുസമയം കഴിഞ്ഞപ്പോള്‍ മാനേജര്‍ ജോലിക്കാരികളായ 4 പെണ്‍കുട്ടികളുമായി എത്തി.അവരെ പരിചയപ്പെട്ടു. മാനേജര്‍ സാംഗേ റാബ്ടന്‍ കുറേകാലം പട്ടാളത്തിലായിരുന്നു.രാജിവച്ച് പോരുന്നതാണ്.ഇന്ത്യക്കാരായിരുന്നു പരിശീലനമൊക്കെ നല്‍കിയിരുന്നത്.രാജി ആയതിനാല്‍ പെന്‍ഷനൊന്നുമില്ല.സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന പ്രഭാകരന്‍ സാറിനെയും അയാള്‍ ഓര്‍ത്തു. പെണ്‍കുട്ടികള്‍ കിഴക്കന്‍ ഭൂട്ടാനിലെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് താമസിക്കാന്‍ സൗകര്യം ഹോട്ടലുടമ തന്നെ നല്‍കിയിട്ടുണ്ട്.നിഷ്‌ക്കളങ്കമായ ചിരിയുള്ള, കൗമാരം വിട്ടുമാറിയിട്ടില്ലാത്ത കുട്ടികള്‍. അവര്‍ ഓരോരുത്തരായി പേരു പറഞ്ഞു. ഷെറൂബ് ലാമോ,കര്‍മ്മ ദേഖി,സോനം വാങ്‌മൊ,കേസന്‍ജി ചോഡന്‍. എല്ലാവര്‍ക്കും ഒരു മലയാളി ഗുരുവിനെ കുറിച്ച് നന്ദിയോടെ ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. അത് ഹരിയോ മേരിയോ സൂസന്നയോ ഒക്കെയാണ്. ഒരു കാലത്ത് ഭൂട്ടാനിലെ അധ്യാപകരില്‍ നല്ലൊരു പങ്കും മലയാളികളായിരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ വിദ്യാഭ്യാസം നേടി അധ്യാപകരായതോടെ മലയാളികള്‍ തീരെ കുറഞ്ഞു.
(Even in the midst of darkness, the snow shines around. Moon and stars peeped on the sky. Himavan showed its mightiness.Late evening the manager of the resort came with the staff. Manager Sangae Rabdan was in military for a few years and then resigned. He said about one Prabhakaran sir, who taught him at school. The girls were from East Bhutan. Sheroob Lamo, Karma Dekhi, Sonam Wangmo and kesanji Choddan. They also said about malayali teachers. Earlier, many of the teachers were from Kerala, but now educated locals sought that place, Sangay said )
സംഗീതത്തിന് ഭാഷയില്ല
ഭക്ഷണം തയ്യാറാക്കി. ബീഫ് കറി പറഞ്ഞിരുന്നു. അത് കിട്ടിയപ്പോള്‍ മോരും മുതിരയും പോലെ കറിയും ബീഫും വേറിട്ടു നില്‍ക്കുന്നു. ബീഫിന് കറുപ്പു നിറവും. പാചകം ചെയ്തവര്‍ ശ്രദ്ധിക്കാതിരുന്നതിനാല്‍ കരിഞ്ഞുപോയതാണ് എന്ന് രാജീവ് പരാതിപ്പെട്ടു. ഭക്ഷണം പൊതുവെ നന്നായി .ഭക്ഷണശേഷം ഒന്നിച്ചിരുന്ന് വര്‍ത്തമാനം പറഞ്ഞു. ജിഗ്മെയും പയ്യന്മാരും പെണ്‍കുട്ടികളും ചേര്‍ന്ന് മനോഹരമായ ഭൂട്ടാനീസ് ഗാനങ്ങള്‍ ആലപിച്ചു.ഗ്യാന്‍ബെയുടെ ശബ്ദം മനോഹരമാണ്. ഭൂട്ടാനീസ് സിനിമ ഗാനങ്ങള്‍ക്കെല്ലാം ഒരേ രാഗവും താളവുമാണെന്നു തോന്നി.വളരെ പതിഞ്ഞ ടോണിലുള്ള പ്രണയ ഗാനങ്ങള്‍. രാജീവ് മലയാളം പാട്ടുകളും പാടി.അതില്‍ കല്‍പ്പാന്തകാലത്തോലം കാതരെ നീ എന്‍ മുന്നില്‍ എന്നു തുടങ്ങുന്ന ഗാനം ജിഗ്മെയ്ക്ക് വളരെ ഇഷ്ടമായി. പിന്നീട് യാത്രയിലുടനീളം അവന്‍ ആദ്യ രണ്ട് വരി മൂളുമായിരുന്നു. രാത്രിയുടെ വന്യമായ നിശബ്ദതയില്‍ സംഗീതമഴ പെയ്തു എന്നുതന്നെ പറയാം. വളരെ വൈകിയാണ് ഉറങ്ങാന്‍ കിടന്നത്.അപ്പോഴും ഹിമാലയം നമ്മളെ തൊട്ടുവിളിക്കുന്നപോലെ തോന്നി. ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളിലെല്ലാം മഞ്ഞുമലകളുടെ വെളുപ്പും തണുപ്പുമാണ്. തടികൊണ്ടുള്ള തറയാണ്. നടക്കുമ്പോള്‍ പ്രേതചിത്രങ്ങളിലെ പാദപതനം പോലെ തോന്നും. ആരോ എണീറ്റ് നടക്കുന്നതും തട്ടിവീഴുന്നതുമൊക്കെ ഉറക്കത്തില്‍ കേട്ടിരുന്നു. സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലുള്ള രാവ് മരിച്ച ഏതോ നമിഷമാണ്. കണ്ണുതുറക്കാന്‍ പോലും തോന്നിയില്ല. അകത്ത് വിസ്‌കിയുടെ സുഖവും പുറത്ത് തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളും പുറമെ ബ്ലാങ്കെറ്റും. കള്ളനാകുമൊ? ഏയ്,ഭൂട്ടാനില്‍ കള്ളന്മാരുണ്ടാകില്ല. ഇങ്ങനെയൊക്കെ വിചിരിച്ച് മയക്കം തുടര്‍ന്നു. രാവിലെയാണ് രാധാകൃഷ്ണന്‍ പറയുന്നത്, രാത്രിയില്‍ ഇരുട്ടില്‍ വെളളം കുടിക്കാന്‍ എഴുന്നേറ്റതും സോഫയില്‍ തട്ടി വീണതുമൊക്കെ. വല്ല ഒടിവോ ചതവോ ഉണ്ടായെങ്കില്‍ വിഷമിച്ചുപോയേനെ. എന്തായാലും യാത്രയിലുടനീളം ഇത്തരം കുഞ്ഞനുഭവങ്ങളല്ലാതെ വലിയ അപകടങ്ങളൊന്നും ഉണ്ടായില്ല എന്നതാണ് ആശ്വാസം.
( Girls prepared food . The beef curry was black in color and not of good taste. All other food were tasty. We enjoyed food and had an interesting evening with music, both Bhutani and Malayalam songs. Slept late ,but eyes were filled with Himalaya only)
മറക്കാന്‍ കഴിയില്ല ദോച്ചുല റിസോര്‍ട്ട്
രാവിലെ പ്രഭാതഭക്ഷണം കഴിച്ച് ഇറങ്ങി. എല്ലാവര്‍ക്കും 100 രൂപ വീതം ടിപ്പ് നല്‍കി. അവരുടെ മുഖത്തെ സന്തോഷത്തിന് ആയിരത്തിന്റെ പ്രഭയുണ്ടായിരുന്നു. കിഴക്കന്‍ ഭൂട്ടാനിലെ ഗ്രാമത്തില്‍ നിന്നും വന്ന് മാസം 6500 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ് ജീവനക്കാരെല്ലാം.മാനേജര്‍ക്ക് 10,000 രൂപയുണ്ട്. എല്ലാവരും പത്താം ക്ലാസില്‍ പഠനം ഉപേക്ഷിച്ചവരാണ്. തുടര്‍ പഠനത്തിന് പണമില്ല. സര്‍ക്കാരിന്റെ സൗജന്യ വിദ്യാഭ്യാസം ഉന്നത പഠനത്തിനില്ല, തൊഴില്‍ സാധ്യതകളും നന്നെ കുറവ്. ബൈനോക്കുലറിലൂടെ കൊടുമുടികള്‍ ഒരിക്കല്‍ കൂടി കണ്ടു. ഇടതു വശത്തുള്ള കാംഗ് ഭു 6494 മീറ്റര്‍ ഉയരത്തിലാണെന്ന് ജിഗ്മെ പറഞ്ഞു.വലത് വശത്തെ ഗാംകാര്‍ പുന്‍സം 7564 മീറ്റര്‍ ഉയരത്തിലാണ്. അതിനോട് ചേര്‍ന്നു കിടക്കുന്ന പരന്ന കൊടുമുടി ടേബിള്‍ ടോപ്പ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്.നൂറുകണക്കിന് കിലോമീറ്റര്‍ നീളമുള്ള ഒരു മഞ്ഞുമേശ. ഔദ്യോഗികമായി ടേബിള്‍ ടോപ്പ് അറിയപ്പെടുന്നത് സോംഗ്ഫു ഗാംഗ് എന്നാണ്. റിസോര്‍ട്ടിലെ സുഹൃത്തുക്കളോട് 'താഷി ദലാക്ക്' (താങ്ക് യൂ )പറഞ്ഞ് ഇറങ്ങി. കുറച്ചു മുന്നോട്ടു പോകുമ്പോഴാണ് ജിഗ്മെ സിംഗേ വാങ്ചുക്ക് ദേശീയ പാര്‍ക്ക്. രണ്ട് വിദേശികളും 2 ബംഗാളികളും രാവിലെതന്നെ പാര്‍ക്ക് കാണാന്‍ എത്തിയിരുന്നു. 100 രൂപ ടിക്കറ്റെടുത്ത് ഞങ്ങളും കയറി. വളരെ മോശമായി മാനേജ് ചെയ്യുന്ന പാര്‍ക്കാണെന്ന് കണ്ടാലറിയാം. ഒരു ചെറിയ തടാകമുണ്ട്. അവിടവിടെ ചില പക്ഷികളും. ഈ പാര്‍ക്കിനുള്ളില്‍ ആദിവാസികള്‍ താമസമുണ്ട്. അവരെ കാണാനും അവരുടെ താവളം കാണാനുമൊക്കെയായി ട്രക്കിംഗ് നടത്തുന്നവരുണ്ട്. അത് രണ്ട് ദിവസം വേണ്ടിവരുന്ന പ്രവര്‍ത്തിയാണ്. ബ്ലാക്ക് മൗണ്ടന്‍സ് എന്നാണ് ആ ഭാഗത്തെ പറയുക. മധ്യ ഭൂട്ടാനിലെ ഈ പാര്‍ക്കില്‍ റാഫ്‌ളേസിയ ഉള്‍പ്പെടെയുള്ള ചെടികളും വിവിധയിനം ഓര്‍ക്കിഡുകളുമുണ്ട്. സീസണല്ലാത്തതിനാല്‍ പൂക്കളൊന്നും ഉണ്ടായിരുന്നില്ല.
(In the morning light, once again watched the moutain ranges.Kang bhu, gangakhar puensum, table top and all other mountains were snow covered and the beauty intensified.After break fast we left the resort. Given a tip to all staff. They were very happy as the salary is comparatively low.The Jigmay wangchuk National park is just 5 kilometers away from the resort. We visited the park. It is poorly maintained and had nothing to remember. Spent half an hour there and started our journey to Paro)
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -1
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -2
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -3
Share your comments