പാലക്കാട്: സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജ് ഒരുങ്ങുന്നു . ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാധ്യതകള്‍ കണ്ടെത്തിയാണ് പാക്കേജ് തയ്യാറാക്കിയത്. കളരിപ്പയറ്റ് സെന്റര്‍, മണ്‍പാത്ര നിര്‍മ്മാണം, കൊട്ട നെയ്ത്ത്, തെങ്ങുകയറ്റം, പപ്പട നിര്‍മ്മാണം, കള്ള് ചെത്ത് തുടങ്ങിയ പരമ്പരാഗത തൊഴില്‍, നാടന്‍കലകള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നതോടൊപ്പം പ്രദേശവാസികളുടെ വരുമാന മാർഗം കൂടി ഉറപ്പുവരുത്തുകയാണ് പാക്കേജിന്റെ ലക്ഷ്യം.
കൂടുതൽ വാർത്തകൾ: മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം
വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജുകള്‍ ഔദ്യോഗികമായി അറിയിച്ചതിന് ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്റെ വെബ്സൈറ്റിൽ (www.keralatourism.org/responsible-tourism) പ്രസിദ്ധീകരിക്കും. ശേഷം ടൂറിസ്റ്റുകള്‍ക്ക് പാക്കേജുകള്‍ ബുക്ക് ചെയ്യാൻ സാധിക്കും. സംസ്ഥാനത്തെ 10 പഞ്ചായത്തുകളിലാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളില്‍ ടൂറിസം വികസന സമിതി രൂപീകരിക്കുകയും ടൂറിസം റിസോഴ്സ് ഡയറക്ടറി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ പട്ടിത്തറ, തൃത്താല പഞ്ചായത്തുകളിലായി പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍, കലാകാരന്മാര്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ 250ഓളം യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷനായി റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്റെ അപേക്ഷ ഫോറം പൂരിപ്പിച്ച് നല്‍കണം. അപേക്ഷാഫോറം ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിലും ജില്ലാ ഓഫീസുകളിലും ലഭ്യമാണ്. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, 2 ഫോട്ടോ എന്നിവയാണ് രജിസ്ട്രേഷന് ആവശ്യം.
ടൂറിസം വകുപ്പ് ലൈസന്‍സുള്ളവര്‍ക്ക് ഹോം സ്റ്റേ തുടങ്ങാം
ടൂറിസം വകുപ്പ് ലൈസന്‍സുള്ളവര്‍ക്കാണ് ഹോം സ്റ്റേ തുടങ്ങാന്‍ സാധിക്കുക. ടൂറിസം വകുപ്പിന്റെ http://keralatourism.gov.in/classificationofhomestays/classification-criteria.php എന്ന ലിങ്കില്‍ ലൈസന്‍സിനായുള്ള നിര്‍ദേശങ്ങള്‍ കാണാം. വീടിന്റെ മുറികളുടെ ചതുരശ്ര അടി വലുപ്പം, അറ്റാച്ച്ഡ് ബാത്റും തുടങ്ങിയ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലൈസന്‍സ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഓഫീസിലും വെബ്സൈറ്റിലും ലഭിക്കും. അപേക്ഷാഫോറവും വെബ്സൈറ്റില്‍ ലഭിക്കും. ന
ല്‍കുന്ന താമസ സൗകര്യങ്ങളുടെയും ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ ഹോംസ്റ്റേ യൂണിറ്റുകളെ ഡയമണ്ട് ഹോംസ്റ്റേ, ഗോള്‍ഡ് ഹോം സ്റ്റേ, സില്‍വര്‍ ഹോംസ്റ്റേ എന്നിങ്ങനെ 3 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഫാം സ്റ്റേ, കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍, ക്ലോത്ത് ബാഗ്, പേപ്പര്‍ ബാഗ് പരിശീലനം തുടങ്ങിയവയുടെ പരിശീലനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ പാലക്കാട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. അരുണ്‍കുമാര്‍ അറിയിച്ചു.
മാര്‍ച്ചില്‍ തൊഴില്‍ പരിശീലനങ്ങളുടെ ആദ്യഘട്ടമായി ഹോംസ്റ്റേ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചിരുന്നു. തൃത്താലയിലെ പ്രാദേശിക ജനതക്ക് ഹോംസ്റ്റേയിലൂടെ ടൂറിസം മേഖലയിലേക്ക് കടന്നുവരാനുള്ള സൗകര്യമൊരുക്കി പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തിയത്. തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ 41 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
ഹോംസ്‌റ്റേ ലൈസന്‍സിന് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍
- പഞ്ചായത്ത്/നഗരസഭ/കോര്‍പ്പറേഷനില്‍നിന്നുള്ള റസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ്
- ഭൂമിയുടെ നികുതി അടച്ച രസീത്
- പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്
- ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഓഫീസില്‍ നിന്നുള്ള രജിസ്ട്രേഷന്‍
- കെട്ടിടത്തിന്റെ നിലവിലുള്ള പ്ലാന്‍
- കെട്ടിടത്തിന്റെ അകത്തുനിന്നും പുറത്തുനിന്നുമുള്ള 2 ഫോട്ടോ
Share your comments