- ചിന്ത പബ്ളിഷേഴ്സ് -ദേശാഭിമാനി ബുക്സ് സബ് എഡിറ്റര്‍ രാധാകൃഷ്ണന്‍ ചെറുവള്ളി എഴുതിയത്
അടച്ചിരുപ്പുകാലം.മടുപ്പ് സകലതിനെയും കീഴ്പ്പെടുത്തുന്നു.വായന എഴുത്ത് സിനിമ എല്ലാം മുടങ്ങുന്നു.വീട്,അകം,പുറം,തെരുവ് എന്നിങ്ങനെയുള്ള ഭേദവിചാരം മായുന്നു.
പുറത്തുകടക്കാന് നോക്കിയ വീടെന്ന പഴകിയ സ്ഥാപനം തന്നെ അഭയകേന്ദ്രമായിത്തീരുന്ന വിരോധാഭാസം. ആകെ ആവേശം പകരുന്നത് കൃഷിയാണ്.സസ്യജന്തുപ്രകൃതിയുടെ ഇതുവരെ കാണാത്ത സാകല്യം അനുഭവിക്കാനാകുന്നു.
മൂന്നു പതിറ്റാണ്ടിലേറെയായി ടെറസ്സ് കൃഷിയുണ്ട്(Terrace gardening)എന്നാല്‍ അസ്തമയസമയത്ത് മാനത്തേക്കു നോക്കി നില്ക്കാന്‍ സമയം കിട്ടിയിട്ടില്ല.ആകാശം ഇരുണ്ടു വരുന്നതും കാക്കകള്‍ കൂടണയാന്‍ പോകുന്നതും വാവലുകള്‍ എങ്ങുനിന്നോ വന്ന് എങ്ങോട്ടോ പറന്നുപോകുന്നതും കാണാവുന്നു.
പക്ഷികളിലും ഒറ്റയ്ക്കു പറക്കുന്നവയുണ്ട്.അവയുടെ പറക്കലില്‍ വലിയൊരു പരിഭ്രാന്തി കാണാം.രാവും ഒപ്പം ഇളംകാറ്റും വരും.ടെറസിലെ ചെടികള്‍ പറയും കൂട്ടുകാരാ തെല്ലുനേരം കൂടി നിന്നുപോകൂ.രാത്രി മുഴുവനും ഞങ്ങള്‍ ഏകരാണ്.എണ്ണത്തിലേറെയുണ്ടെങ്കിലും നീകൂടെയുണ്ടെങ്കിലേ ഞങ്ങള്‍ പൂര്‍ണ്ണരാകൂ.സൂര്യനുമുമ്പേവരുന്നവന്‍ നീയാണല്ലോ.
പുലര്‍ക്കാറ്റിനൊപ്പം നീയാണല്ലോ വരുന്നതും തലോടുന്നതും. നീ തരുമ്പോഴാണല്ലോ ഞങ്ങള്‍ കുടിക്കുന്നത്. നീയാണല്ലോ ഞങ്ങളുടെ മഴയും മനവും. നിന്നെക്കാട്ടാനാണു ഞങ്ങള്‍ പൂവിടുന്നത്. നിനക്കായാണു ഞങ്ങള്‍ കായ്ക്കുന്നത്. അപ്പോഴേക്കും രാത്രിയായി.കറുത്ത മേഘം ഇരുട്ടിനു ശക്തികൂട്ടി.മിന്നാമിനിങ്ങുകള്‍ എത്തിത്തുടങ്ങി.താരാപഥങ്ങളും.മാനവും ഭൂമിയുമെന്ന അതിരുമാഞ്ഞപ്പോള്‍ ഞാന്‍ മടുപ്പിലേക്കു പടിക്കെട്ടുകളിറങ്ങി.
Share your comments