നമ്മളിൽ ഭൂരിഭാഗം പേരും വിശ്വസിക്കുന്ന ഒരു കാര്യമാണ് നരച്ച മുടി പിഴുതെടുത്താൽ ബാക്കിയുള്ള മുടികളെ നര ബാധിക്കും എന്നത്. മുടി നരയ്ക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. പ്രധാനമായും മുടിയുടെ ആരോഗ്യം നഷ്ടപ്പെടുമ്പോഴാണ് മുടിയുടെ നിറം വ്യത്യാസപ്പെടുന്നത്. നരച്ച മുടി പറിച്ചെടുത്താൽ പ്രശ്നമാണോ? സത്യാവസ്ഥ അറിയാം.
കൂടുതൽ വാർത്തകൾ: മുടി കൊഴിച്ചിൽ കുറയ്ക്കാൻ സവാള നീര് ഇങ്ങനെ പരീക്ഷിച്ച് നോക്കൂ..
മുടി നരയ്ക്കുന്നത് പ്രായമാകുന്നിന്റെ സൂചനയാണെന്ന് വിചാരിക്കുന്നവർ അധികമാണ്. പ്രായമാകുമ്പോൾ മാത്രമല്ല മുടി നരയ്ക്കുന്നത്. നരച്ച മുടി വന്നാൽ മുടിയുടെ ആരോഗ്യം ശ്രദ്ധിക്കുന്ന എത്ര പേരുണ്ട്. മുടി നരയ്ക്കുന്നതും പറിച്ച് കളയുന്നതും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് നിങ്ങൾ മനസിലാക്കണം. ചിലർക്ക് പ്രായമാകുമ്പോൾ, മറ്റ് ചിലർക്ക് ജീവിത രീതിയിലെ വ്യത്യാസം മൂലവും നരച്ച മുടി വരാറുണ്ട്.
നരച്ച മുടി പിഴുതെടുക്കുമ്പോൾ എന്ത് സംഭവിക്കും?
മുടിയുടെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴാണ് മുടി നരയ്ക്കുന്നത്. അല്ലാതെ നരച്ച മുടി പിഴുതെടുക്കുമ്പോഴല്ല. മുടി വളരുന്നത് ഒരു കേശദ്വാരത്തിൽ നിന്നാണ്. അതിനാൽ തന്നെ ഒരു മുടി പിഴുതെടുക്കുമ്പോൾ മറ്റ് മുടികളുടെ വളർച്ചയെ ബാധിക്കുകയോ നര കൂടുകയോ ചെയ്യില്ല. എന്നാൽ നിങ്ങൾ ശ്രദ്ധിക്കേണ്ടത് മുടിയുടെ ആരോഗ്യമാണ്.
നര വരാനുള്ള കാരണങ്ങൾ
പുകവലി, മദ്യപാനം, വിറ്റാമിൻ കുറവ്, ഭക്ഷണത്തിലെ തെറ്റ്, മുടി ശ്രദ്ധിക്കാതിരിക്കുക എന്നിവ മൂലമാണ് മുടി നരയ്ക്കുന്നത്. ഈ കാരണങ്ങൾ മൂലം മുടിയ്ക്ക് നിറം നൽകുന്ന മെലാനിന്റെ അളവ് കുറയുകയും അകാല നരയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
നരച്ച മുടി വന്നാൽ എന്ത് ചെയ്യണം?
ഒരു മുടി നരച്ചാൽ തന്നെ പേടിക്കുന്നവരാണ് നമ്മൾ. കുറച്ചധികം മുടി നരച്ചാൽ പറിച്ചെടുക്കുന്നത് നല്ലതല്ല. ഇത് മുടിവേരുകളെ നശിപ്പിക്കും. ചിലപ്പോ കഷണ്ടി വന്നേക്കാം. നരച്ച മുടി പൂർണമായും ഒഴിവാക്കാൻ കളറടിക്കുന്നത് നല്ലൊരു ഓപ്ഷനാണ്. അല്ലെങ്കിൽ മുടി വെട്ടുന്നതാണ് കുറച്ചുകൂടി ഉചിതം.
അകാലനര എങ്ങനെ തടയാം?
പ്രായക്കൂടുതൽ കൊണ്ടോ ജനിതകപരമായ രോഗങ്ങൾ കൊണ്ടോ മുടിനരയ്ക്കുന്നതിന് പ്രത്യേകിച്ച് പരിഹാരമില്ല. ഭക്ഷണശീലവും വിറ്റാമിനുകളുടെ അഭാവവുമാണ് അകാല നരയ്ക്കുള്ള പ്രധാന കാരണം. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള ഭക്ഷണങ്ങൾ കഴിക്കണം. ഉദാഹരണത്തിന്, പച്ചക്കറികൾ, പഴങ്ങൾ, ഗ്രീൻടീ, കടൽ വിഭവങ്ങൾ എന്നിവ ശീലമാക്കാം. വിറ്റാമിൻ കുറവുള്ളവർ പാൽ, ചീസ് എന്നിവ കഴിക്കണം. വിറ്റാമിൻ സപ്ലിമെന്റുകളും കഴിക്കാം.
Share your comments