മഴക്കാലത്ത് നമ്മുടെ ശരീരത്തിനുണ്ടാകുന്ന പോലെ തന്നെ മുടിയിലും ഫങ്കൽ ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഫംഗൽ ഇൻഫെക്‌ഷൻറെ കൂടെ താരൻ, പേൻ എന്നിവയെല്ലാം വരാം. ഇക്കാരണത്താൽ മുടി കൊഴിച്ചിലും മുടിക്ക് ദുർഗന്ധവും അനുഭവപ്പെടുന്നു. ശ്രദ്ധയോടെയുള്ള പരിചരണവും പോഷകസമൃദ്ധമായ ആഹാരവും ഒരുപരിധിവരെ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. മഴക്കാലത്ത് മുടിക്കും സംരക്ഷണം ആവശ്യമാണ്. മഴക്കാലത്ത് മുടി സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്.
മുടിയും ശിരോ ചർമ്മവും കഴുകി ഉണക്കിവയ്‌ക്കുക. വീര്യം കുറഞ്ഞ ഷാമ്പുവോ താളിയോ കൊണ്ട് മുടിയിലെ അഴുക്ക് കളയാം. നനഞ്ഞ മുടി കെട്ടിവയ്ക്കരുത്. ആഴ്ചയിൽ രണ്ടുതവണ കാച്ചിയ എണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ഹോട്ട് ഓയിൽ മസാജ് ചെയ്യാം. മുടിയിൽ പുക കൊള്ളിക്കുക. കുളികഴിഞ്ഞ് മൃദുവായ തോർത്ത് ഉപയോഗിച്ച് തല തോർത്തുക. ഒരിക്കലും മുടിയിഴകളെ അമർത്തി തോർത്തരുത്. അത് പെട്ടെന്ന് മുടി പൊട്ടിപ്പോകാൻ ഇടയാക്കും. അകന്ന പല്ലുള്ള ചീപ്പ് ഉപയോഗിച്ച് മുടി ചീകുക. നനഞ്ഞ മുടി ചീകാതിരിക്കുക.
ചെമ്പരത്തി ഇലയും മൈലാഞ്ചിയും അരച്ചുതേച്ച് മുടിയിൽ ഹെയർ പാക്ക് ഇടാം. അതുപോലെ കറ്റാർ വാഴയുടെ പൾപ്പ് മുടിയിലും തലയോട്ടിയിലും പുരട്ടാം. ഏത് ഹെയർ പാക്ക് ഇടുമ്പോഴും മുടിക്ക് അനുയോജ്യമാണോ എന്ന് നോക്കിമാത്രം പ്രയോഗിക്കുക. തലയിൽ നീരിറക്കം ഉള്ളവരും അലർജി പ്രശ്നങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: Hair Care: മുടി വളരാൻ ഉണക്ക മുന്തിരി കഴിച്ച് നോക്കൂ...
എല്ലാറ്റിനുമുപരി മുടിയുടെ ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. ആറുമുതൽ എട്ടു മണിക്കൂർവരെ ഉറങ്ങാൻ ശ്രദ്ധിക്കുക.
Share your comments