മാനസികോല്ലാസത്തിനായി പക്ഷികളെ വാങ്ങി വളർത്തുന്നവർ ഒന്നു ശ്രദ്ധിക്കുക. അറിവില്ലായ്മ ഒരുപക്ഷേ നിങ്ങൾക്ക് സമ്മാനിക്കുക കുറ്റവാളി എന്ന പേരായിരിക്കാം. ഇന്ത്യൻ പക്ഷികളെ പ്രത്യേകിച്ച് പ്ലംഹെഡ് പാരക്കീറ്റ്, അലക്സാൻഡ്രിൻ പാരക്കീറ്റ്, റിങ് നെക്ക് പാരക്കീറ്റ് മുതലായ തത്തയിനങ്ങൾ വ്യാപകമായി കേരളത്തിൽ വിൽക്കപ്പെടുന്നു. കേരളത്തിൽ ഇവയെ അധികമങ്ങനെ കാണാറില്ലാത്തതുകൊണ്ടുതന്നെ ഇതരസംസ്ഥാനങ്ങളിൽനിന്ന് കടത്തിക്കൊണ്ടുവന്നാണ് വിൽപന.
ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലത്താണ് ഇന്ത്യൻ തത്തയിനങ്ങളുടെ പ്രജനനകാലം. ഈ കാലയളവിൽ വലിയ മരങ്ങളുടെ പൊത്തുകളിൽ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ എടുത്ത് വിപണിയിലെത്തിക്കുകയാണ് ചെയ്യുക. മാതാപിതാക്കൾ നൽകുന്ന പ്രകൃത്യായുള്ള ഭക്ഷണം കഴിച്ചു വളരേണ്ട പ്രായത്തിൽ ‘പക്ഷിപ്രേമി’കളുടെ കരങ്ങളിലേക്കെത്തുന്ന ഇത്തരം കുഞ്ഞുങ്ങൾക്ക് നൽകപ്പെടുക പഴം, പോലുള്ളവയാണ്. ഇവ ഈ കുട്ടികളുടെ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയില്ലെന്നുമാത്രമല്ല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ഒടുവിൽ മരണം വരെ സംഭവിക്കുകയും ചെയ്യും. ചുരുക്കത്തിൽ വനാന്തരങ്ങളിൽനിന്നു പിടികൂടപ്പെടുന്ന ഇത്തരം തത്തക്കുഞ്ഞുങ്ങളെ വളർത്തുന്നവർ മരണത്തിലേക്കാണ് തള്ളിവിടുന്നത്.
ഏതൊരു പക്ഷിക്കും അതിന്റെ വളർച്ചയ്ക്ക് ആവശ്യമായ ഭക്ഷണം മാത്രമേ നൽകാവൂ. ഒരിക്കലും അവയുടെ ശരീരത്തിന് ഇണങ്ങാത്ത ഭക്ഷണം നൽകിയാൽ ആരോഗ്യം ക്ഷയിക്കുകയും അസുഖങ്ങൾ പിടിപെടുകയും ചെയ്യും. പ്രജനനകാലമായതിനാൽ വലിയ തോതിൽ തത്തക്കുഞ്ഞുങ്ങൾ ഇവിടേക്ക് എത്തുന്നുണ്ട്. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിരക്ഷയുള്ള പക്ഷിയിനങ്ങളെ വിൽക്കുന്നതും വളർത്തുന്നതും നിയമപ്രകാരം കുറ്റകരമാണ്.
പക്ഷിപ്രേമികൾക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം. ഏതൊക്കെ പക്ഷികളെ വളർത്താം, വളർത്താൻ പാടില്ല, ഇന്ത്യൻ ഉത്ഭവമുള്ള പക്ഷികളെ കിട്ടിയാൻ എന്തു ചെയ്യണം എന്നിവയൊക്കെ കുഴക്കുന്ന പ്രശ്‌നങ്ങൾ തന്നെ. ആവാസവ്യവസ്ഥയുടെ നാശവും വേട്ടയാടലുമാണ് പല നാടൻ പക്ഷികളുടെയും നാശത്തിനു കാരണം. പ്രാവ്, കൊറ്റി, പരുന്ത് തുടങ്ങിയ പക്ഷികളുടെ എണ്ണത്തിൽ വന്ന കുറവ് പക്ഷിവേട്ട തന്നെ.
ഒരു പക്ഷി അല്ലെങ്കിൽ ഒരു കൂട്ടം പക്ഷികൾ കൊല്ലപ്പെടുമ്പോഴോ പിടിക്കപ്പെടുമ്പോഴോ മാത്രമല്ല നശിക്കുന്നത് എന്ന് ഓർമ വേണം. അവയെ കാത്തിരിക്കുന്ന മുട്ടകൾ, കുഞ്ഞുങ്ങൾ, ഇണകൾ എല്ലാം നശിക്കുന്നു.
1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്. കാക്ക ഒഴികെയുള്ള എല്ലാത്തരം പക്ഷികളും നിയമത്താൽ സംരക്ഷിതരാണ്. ഈ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പരുന്ത് വർഗങ്ങൾ, ജലാശയങ്ങളെ ആശ്രയിക്കുന്ന വെൺപകം, കരണ്ടിക്കൊക്ക് എന്നീ പക്ഷികളും, മലമുഴക്കി വേഴാമ്പൽ, ചിലതരം കാടകൾ എന്നിവ ഉൾപ്പെടും. സാധാരണ മിക്കവരും വളർത്തുന്ന തത്തകൾ (നാടന് ഇനങ്ങളായ റിങ് നെക്ക് പാരക്കീറ്റ്, മലബാർ പാരക്കീറ്റ്, അലക്സാൻഡ്രിൻ പാരക്കീറ്റ് (മലന്തത്ത), വെർണൽ ഹാംഗിങ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയവ) നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടും. വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്പതാം വകുപ്പനുസരിച്ച് ഇവയിൽ ഒന്നിനെയും വേട്ടയാടാനോ കൂടുകളിൽ പാർപ്പിക്കാനോ പാടില്ല. അവയെ പിടിക്കുന്നതു മാത്രമല്ല കൊല്ലുക, തോലെടുക്കുക, മുട്ടകൾ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകർക്കുക, കൂട് നശിപ്പിക്കുക എന്നിവയെല്ലാം നിയമലംഘനമാണ് (വകുപ്പ് 2(16)). പിടിക്കപ്പെട്ട് കുറ്റം തെളിഞ്ഞാൽ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് മൂന്നു മുതൽ 7 വർഷം വരെ തടവും 10,000–50,000 രൂപ വരെ പിഴയും ലഭിച്ചേക്കാം.
സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട പക്ഷികളെയോ മറ്റു ജീവികളെയോ കിട്ടുകയാണെങ്കിൽ അത് യഥാസമയം ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും അവരെ ഏൽപ്പിക്കേണ്ടതുമാണ്.
യാത്രകളിൽ ചിലർ തങ്ങളുടെ അരുമപ്പക്ഷികളെയും കൂടെക്കൂട്ടാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നമ്മുടെ സൗകര്യത്തിനു കൂട് തിരഞ്ഞെടുക്കാതെ പക്ഷികളുടെ സൗകര്യത്തിനു തിരഞ്ഞെടുക്കുക. കുറഞ്ഞത് അവയ്ക്ക് നിന്നു തിരിയാനും നിവർന്നു നിൽക്കാനും ചിറകുകൾ വിരിക്കാനും സൗകര്യമുള്ള കൂടുകളാണ് ഉത്തമം. കൂടാതെ ദീർഘദൂരയാത്രകളിൽ ഒരു വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രവും കരുതണം.
Share your comments