തക്കാളി കൃഷി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ്. അൽപം ശ്രദ്ധ പുലർത്തിയാൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള തക്കാളി വീട്ടിൽ തന്നെ നമുക്ക് വിളവെടുക്കാം. ഒക്ടോബർ-നവംബർ മാസങ്ങൾ തക്കാളി കൃഷി ചെയ്യുവാൻ വളരെ അനുയോജ്യമാണ്. തക്കാളി തൈ നട്ട് അതിന്റെ കായ് ഫലം ലഭ്യമാക്കുന്നതിനു മുൻപ് തന്നെ തൈ നശിച്ചു പോകുന്ന അവസ്ഥ പലപ്പോഴും നമുക്ക് കാണാവുന്നതാണ്. തക്കാളിയിൽ കാണുന്ന ബാക്റ്റീരിയൽ വാട്ടം ഇല മഞ്ഞളിപ്പ്, തണ്ടു ചീയൽ. പൂവ് ഇടാതിരിക്കൽ. അവ കൊഴിഞ്ഞു പോവുക തുടങ്ങി അനേകം പ്രശ്നങ്ങളെ തക്കാളി കൃഷി ചെയ്യുന്നവർ അഭിമുഖീകരിക്കേണ്ടി വരുന്നു. പുളി രസമുള്ള മണ്ണ് കൃഷിക്ക് തിരഞ്ഞെടുത്താൽ തന്നെ തക്കാളി ചെടിക്ക് ഉണ്ടാവുന്ന പലവിധ രോഗങ്ങളെ നമുക്ക് മറികടക്കാവുന്നതാണ്. തക്കാളി തൈ നട്ട് അത് പൂവിടുന്നതിനു മുൻപ് തന്നെ ഈ വളക്കൂട്ട് പ്രയോഗിച്ചാൽ തക്കാളി നന്നായി പൂവിടുകയും പൂത്ത പൂവ് കായ് ആയി രൂപാന്തരം പ്രാപിക്കുകയും ചെയ്യും. മാത്രമല്ല ബാക്റ്റീരിയൽ വാട്ടം തുടങ്ങി അനേകം രോഗങ്ങളെ മറികടക്കാൻ ചിലനാട്ടിൻപുറങ്ങളിൽ കർഷകർ ഇപ്പോഴും ഈ വളക്കൂട്ടാണ് ഉപയോഗിക്കുന്നത്. തക്കാളിക്ക് മാത്രമല്ല എല്ലാ പച്ചക്കറികൾക്കും ഇതിന്റെ ഉപയോഗം ഏറെ ഉപയോഗമാണ്. പൂവ് ഇടാതെ നിൽക്കുന്ന എല്ലാ തരം പച്ചക്കറികൾക്കും ഇത് പ്രയോഗിച്ചാൽ പൂ ധാരാളം ഉണ്ടാവുന്ന കാഴ്ച്ച നമുക്ക് കാണാവുന്നതാണ്.
പലതരം പോഷകങ്ങളുടെ അഭാവമാണ് പച്ചക്കറി ചെടികളിൽ കാണുന്ന രോഗങ്ങൾക്ക് കാരണം. പ്രാഥമിക മൂലകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവ ചെടിക്ക് ധാരാളമായി ലഭിച്ചാലേ ചെടി നന്നായി പൂവിടുകയും കായ് ഫലം ലഭ്യമാകുകയും ചെയ്യൂ. പൊട്ടാസ്യം ആണ് പൂക്കൾ ധാരാളം ഉണ്ടാകാൻ കാരണമാകുന്ന ഘടകം. ഇതിന്റെ അഭാവം പരിഹരിക്കാൻ മികച്ച ഒരു ജൈവവളക്കൂട്ടാണ് മുരിങ്ങയില മിശ്രിതം. ഈ മിശ്രിതം ഉപയോഗിക്കുന്നത് വഴി തക്കാളി തൈ നന്നായി പൂവിടും.
തക്കാളി പെട്ടെന്ന് പൂക്കാൻ ഒരു വളപ്രയോഗം
ഇരുപതോളം മുരിങ്ങയില തണ്ട് (ഒരു പിടി മുരിങ്ങയില) മുഴുവനായും എടുത്ത് അതിന്റെ ഇലകൾ ഇലത്തണ്ടിൽ നിന്ന് പറിച്ചു കുറച്ചു വെള്ളത്തിൽ കുതിർത്തു വെക്കുക. ഈ വെള്ളത്തിലേക്ക് ചെറിയരീതിയിൽ കഷ്ണങ്ങളായി അരിഞ്ഞ ശർക്കര (100 ഗ്രാം) ചേർക്കുക. അതിനുശേഷം ഒരു ഗ്ലാസ്സിന്റെ പകുതിയോളം തൈരോ അല്ലെങ്കിൽ പുളി കലക്കിയ വെള്ളമോ ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ഈ മിശ്രിതത്തിലേക്ക് രണ്ട് കപ്പ് വെള്ളം കൂടി ഒഴിച്ച് കൊടുക്കുക. ഇല അടക്കം എല്ലാം വെള്ളത്തിൽ താഴ്ന്നു കിടക്കുന്ന രീതിയിൽ വേണം വെള്ളമൊഴിക്കാൻ. ഈ മിശ്രിതം നാലു ദിവസത്തോളം മാറ്റി വെക്കുക. സൂര്യപ്രകശം താരതമ്യേന കുറഞ്ഞ സ്ഥലം ആണ് ഇത് മാറ്റിവെക്കാൻ തിരഞ്ഞെടുക്കേണ്ടത്. മുരിങ്ങയില ലഭ്യമല്ലെങ്കിൽ നിങ്ങളുടെ വീട്ടിലെ ഗാർഹിക അവശിഷ്ടങ്ങൾ ഉപയോഗപ്പെടുത്തുക. എല്ലാ ദിവസവും ഈ മിശ്രിതം ഇളക്കി കൊടുക്കണം. ശർക്കര അലിയാതെ കിടക്കുന്നുണ്ടെങ്കിൽ ഒന്നു കൂടി പൊടിച്ചു കൊടുക്കുക. മിശ്രിതത്തിൽ ശർക്കര നന്നായി അലിഞ്ഞു ചേരണം. നാലു ദിവസം കഴിയുമ്പോൾ ഇത് ഉപയോഗിക്കാൻ പാകമാകും. ഇങ്ങനെ ലഭിക്കുന്ന മിശ്രിതം അതിന്റെ അഞ്ചിരട്ടി വെള്ളം ചേർത്താണ് ഉപയോഗിക്കേണ്ടത്. ഒരു കപ്പ് മിശ്രിതം എടുത്താൽ അതിൽ അഞ്ചു കപ്പ് വെള്ളം ചേർത്ത് തക്കാളി ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ചെടിച്ചട്ടിയിലും ഗ്രോബാഗിലും നിൽക്കുന്ന തക്കാളി ചെടിയുടെ അരികിലായി ഇത് ഒഴിച്ച് കൊടുക്കുക. ഈ വളക്കൂട്ടിലെ ഇല അവശിഷ്ടങ്ങൾ ഒരിക്കലും എടുത്തു കളയരുത്.
തക്കാളിക്ക് മാത്രമല്ല വഴുതന മുളക്, വെണ്ട തുടങ്ങി എല്ലാ പച്ചക്കറികൾക്കും ഇത് ഉപയോഗിക്കാം. ഇത് പ്രയോഗിക്കുവാൻ അതിരാവിലെയോ അല്ലെങ്കിൽ വൈകുന്നേരമോ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. പൂവിടാൻ പാകമാകുന്നതിനു മുൻപ് തന്നെ ഈ വളപ്രയോഗം ചെയ്യുക. അതായത് തക്കാളി തൈ ആണെങ്കിൽ അത് നട്ട് ഒന്നര മാസം ആകുമ്പോഴേക്കും ഇങ്ങനെ ചെയ്യുക.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
മീൻ വേസ്റ്റും മീൻ കഴുകിയ വെള്ളവും ഇനി വെറുതെ കളയല്ലേ!
കമ്മ്യൂണിസ്റ്റ് പച്ചയുടെ അറിയാപ്പുറങ്ങൾ
ആരോഗ്യപരിപാലനം മുതൽ ഗൃഹശുചീകരണം വരെ ഒറ്റക്ക് ചെയ്യും ഈ ഇത്തിരിക്കുഞ്ഞൻ...
Share your comments