ക്യാരറ്റ് കൃഷി, കണ്ടെയ്നറിലോ, ഗ്രോബാഗിലോ, നേരിട്ട് മണ്ണിലോ അല്ലെങ്കിൽ ഏതു രീതിയിൽ കൃഷി ചെയ്യുകയാണെങ്കിലും മണൽ കലർന്ന മണ്ണ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. മണൽ ലഭിക്കാത്തവർക്ക് ചകിരി ചോറ് ഉപയോഗിക്കാം. 50% മണ്ണും 50% ചകിരിച്ചോറും വേണം എടുക്കുവാൻ. രണ്ടും കൂടി നന്നായി മിക്സ് ചെയത് മിനുസപ്പെടുത്തിയെടുത്ത മണ്ണാണ് ക്യാരറ്റിന് വളരാൻ ഉത്തമം. ഇത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.
ക്യാരറ്റ് ചെടിക്ക് മണ്ണ് തയാറാക്കുന്നതിനായി മുകളിൽ പറഞ്ഞ മിശ്രിതത്തിൽ, രണ്ടു പിടി വേപ്പിൻ പിണ്ണാക്ക് ചേർക്കണം. കീടബാധ ഉണ്ടാകാതിരിക്കാനാണിത്. രണ്ടു പിടി എല്ലുപൊടി, അഞ്ചു പിടി മണ്ണിര കമ്പോസ്റ്റ്, എന്നിവ കൂടി മിക്സ് ചെയ്‌ത് വേണം മണ്ണ് തയ്യാറാക്കാൻ. നിലത്താണ് നടുന്നതെങ്കിൽ ഒരടി പൊക്കത്തിൽ വേണം മണ്ണ് തയ്യാറാക്കാൻ.
ക്യാരറ്റിൻറെ തയ്യ് നടുന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. നട്ട് 75-90 ദിവസത്തിനുള്ളിൽ വിളവെടുക്കാം അതായത് 12 ആഴ്ച്ച. അതുകൊണ്ടുതന്നെ എല്ലാ ആഴ്ചകളിലും വളം കൊടുക്കുന്നതിൽ ശ്രദ്ധിക്കണം. അതിൽ പിഴവ് വരുത്താതിരിക്കണം.
ആദ്യത്തെ 5 ആഴ്ച്ചകളിൽ എൻ.പി.കെ വളങ്ങളാണ് കൊടുക്കേണ്ടത്. അതായത് ചാണകം, കപ്പലണ്ടി പിണ്ണാക്ക്, തുടങ്ങിയവ. ആറാഴ്‌ച മുതൽ ഈ വളങ്ങൾക്ക് പുറമെ പൊട്ടാസ്യം അടങ്ങിയ വളങ്ങൾ കൊടുക്കണം. അതായത് പൊട്ടാഷ്, ആട്ടിൻ കാഷ്ഠം തുടങ്ങിയവ. ആട്ടിൻ കാഷ്ഠം നല്ലവണ്ണം പൊടിച്ചു ചേർക്കണം, അല്ലെങ്കിൽ ചെടികൾക്ക് ഉപയോഗപ്രദമാകില്ല. നട്ടു കഴിഞ്ഞ ശേഷം 20gm സുഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തത് ഒഴിച്ചുകൊടുത്താൽ മണ്ണിൽ നിന്ന് വരുന്ന കീടാക്രമണങ്ങളിൽ നിന്ന് 95% സുരക്ഷ നേടാം.
3 ഇഞ്ച് വ്യത്യാസത്തിൽ വേണം ചെടികൾ നടാൻ. ആറു മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം തെരഞ്ഞെടുക്കാൻ.
ഒരുപാടു വെള്ളം ഒഴിച്ചുകൊടുക്കരുത്. ചെറിയ നനവ് മാത്രമേ ആകാവൂ. വെള്ളം കൂടിപ്പോയാൽ, ഇലകൾ വലുതും കായകൾ ചെറുതുമാകും. പക്ഷെ, ഇലകളും കറികൾ വെക്കാൻ ഉപയോഗിക്കാവുന്നതാണ്.
Share your comments