സിൻജിബറേസിയേ കുടുംബത്തിൽ പെടുന്ന ചെങ്ങഴുനീർക്കിഴങ്ങിന്റെ ശാസ്ത്രനാമം കൊഫീറിയ റൊട്ടൻഡ എന്നാണ്. ഇത് ച്യവനപ്രാശത്തിലാണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്. ഉദരരോഗങ്ങളും,മുറിവ്, ചൊറി, ചിരങ്ങ് മുതലായ ചർമ്മരോഗങ്ങളും ശമിപ്പിക്കാനുള്ള കഴിവുണ്ട്. ശരീരത്തിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതും മറ്റുള്ളതുമായ മാലിന്യങ്ങളെ മാറ്റി രക്തശുദ്ധി വരുത്തുന്നതിനും ഇതു സഹായിക്കുന്നു.
ആയുർവ്വേദ ഔഷധങ്ങളായ അശോകാരിഷ്ടം, ബലാദത്യാദിതൈലം, കല്യാണകഘതം എന്നിവയിലും, ഹൽകാകം എന്ന യുനാനി ഔഷധത്തിലും ഇതു ചേരുവയായി ഉപയോഗിക്കുന്നു.
നിലമൊരുക്കൽ,
ഇഞ്ചി കൃഷി ചെയ്യുന്നതുപോലെയാണ് ചെങ്ങഴുനീർകിഴങ്ങും കൃഷി ചെയ്യുന്നത്. സ്ഥലം നന്നായി ഉഴുതൊരുക്കി വാരമെടുത്തു നടുകയാണ് പതിവ്.
വിത്തളവ് ഒരു ഹെക്ടർ നടുന്നതിനായി 1500-2000 കിലോഗ്രാം മണികളോടു കൂടിയ വിത്ത് ആവശ്യമാണ്. വിത്തിനോടു ചേർന്നുള്ള മണികൾ,ഒരു കാരണവശാലും പറിച്ചുകളയരുത്.
നടീൽ
ഒരു മീറ്റർ വീതിയും, 15 സെ.മീ. പൊക്കവുമുള്ള വാരങ്ങളിൽ 20 സെ.മീ. അകലത്തിൽ കൈക്കുഴികളെടുത്ത് മുളയുള്ള വിത്തിട്ട് ചാണകപ്പൊടിയിട്ടു മൂടുന്നു. അതിനുശേഷം ചപ്പുചവറുകളോ കച്ചിയോ ഇട്ടു പുതയിടുന്നു.
വളപ്രയോഗം
അടിവളമായി ഹെക്ടറൊന്നിന് 15-20 ടൺ ജൈവവളം ചേർത്ത് കൊടുക്കണം. ഹെക്ടറൊന്നിന് 50:50:50 കിലോഗ്രാം എന്ന കണക്കിൽ പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ കൊടുക്കണം. ഭാവഹം മുഴുവനും അടിവളമായും, പാക്യജനകം, ക്ഷാരം എന്നിവ രണ്ടുതവണയായും (നട്ട് ഒന്നരമാസവും മൂന്നുമാസവും കഴിഞ്ഞ്) ഇട്ടുകൊടുക്കണം.
അനന്തരപരിചരണം
വളപ്രയോഗത്തിനു മുമ്പായി കള നീക്കം ചെയ്യുകയും വളമിട്ടതിനുശേഷം മണ്ണണയ്ക്കുകയും വേണം. മഴയില്ലാത്ത അവസരങ്ങളിൽ നന ആവശ്യമാണ്.
സസ്യസംരക്ഷണം
മഴക്കാലത്തു കാണുന്ന ചീയൽ രോഗം ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചു നിയന്ത്രിക്കാവുന്നതാണ്. മറ്റു കാര്യമായ കീടരോഗബാധകൾ ഉണ്ടാകാറില്ല.
വിളവെടുപ്പ്
ചെങ്ങഴിനീർക്കിഴങ്ങ് ഏഴാംമാസം വിളവെടുക്കാം. ഇലകൾ ഉണങ്ങി കഴിയുമ്പോൾ മണ്ണിളക്കി പറിച്ചെടുക്കണം. ഉണങ്ങിയ ഇലകളും വേരും നീക്കി തടകൾ വൃത്തിയാക്കി സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നു. തടയോടു ചേർന്നുള്ള മണികൾ പറിച്ചുകളയാറില്ല.
ചെങ്ങഴിനീർക്കിഴങ്ങ് കൂടുതലും പച്ചയായി തന്നെയാണ് ഉപയോഗിക്കുന്നത്.
Share your comments