റൂബിയേസീ സസ്യകുടുംബത്തിൽപ്പെട്ട ഗാർഡെനിയ ലൂസിഡ എന്ന ഒരു ചെറിയ ഔഷധവൃക്ഷമാണ് നാഡീഹിംഗു. കാനനവാസികൾ "ഗന്ധരാജ' എന്ന് വിളിക്കുന്നു. ഇംഗ്ലീഷിൽ വൈറ്റ് എമിറ്റിക് നട്ട്' എന്നാണ് അറിയപ്പെടുന്നത്.
ശക്തിയേറിയ രാസപദാർഥങ്ങളെപ്പോലെ ചില പ്രത്യേകതരം അണുജീവികളെ നശിപ്പിക്കാൻ കഴിവുണ്ടെന്ന് പരീക്ഷണ ഫലങ്ങൾ വ്യക്തമാക്കുന്നു. നാഡീഹിംഗുവിന്റെ ഇല സത്തിൽ അടങ്ങിയിട്ടുള്ള ഈഥർ സമാന പദാർഥത്തിനാണ് എസ്കെറിഷിയാ കോളെ എന്ന ഉപദ്രവകാരിയായ അണുക്കളെ നശിപ്പിക്കാൻ ശക്തിയുണ്ട്.
സസ്യശരീര വിവരണം
ശരാശരി 5 മീറ്റർ ഉയരത്തിൽ വളരുന്ന ചെറുവൃക്ഷം. നൈസർഗിക സാഹചര്യത്തിൽ 7 മീറ്റർ വരെ ഉയരും. തടി, പച്ചനിറത്തിൽ ചാരം തേച്ച് മിനുക്കിയതുപോലെ തോന്നും. ഇലകൾ കാപ്പിച്ചെടിയുടേതിന് സമാനം. 10-15 സെ.മീ. നീളവും 4-8 സെ.മീ. വീതിയുമുണ്ട്. ഇലയിൽ 15-20 ജോഡി ഞരമ്പുകൾ കാണാം. വെളുത്ത ആകർഷകമായ പുഷ്പങ്ങൾ സന്ധ്യക്കാണ് വിടരുക. പൂക്കളുടെ ഉൾപാളിക്ക് ഇളം മഞ്ഞനിറം കലർന്നിരിക്കും. ഒക്ടോബർ മാസം ധാരാളം പൂക്കളും ഫലങ്ങളും ഉണ്ടാകും. ഡിസംബർ പകുതിയോടെ ഗോളാകൃതിയിലുള്ള ഫലങ്ങൾ പാകമാകും. കായ്കൾ വലുതാകുന്ന മുറയ്ക്ക് പുറം തോടിൽ വരകൾ തെളിയും.
പഴുത്താൽ ഇളം മഞ്ഞനിറവും നഖംകൊണ്ട് നുള്ളിയാൽ ഇളംപ്രായത്തിൽ കറ പൊടിയും. കറയ്ക്ക് രൂക്ഷഗന്ധം. മണ്ണും കാലാവസ്ഥയും ഭാരതത്തിലുടനീളം വരണ്ട പ്രദേശത്ത് വന്യമായി വളരുന്ന ഒരു ചെറു ഔഷധവൃക്ഷം. വെട്ടുകൽ പ്രദേശത്താണ്. സാധാരണ വളരുന്നത് ഒരു ഉഷ്ണമേഖലാ സസ്യമാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ഒഴിവാക്കണം.
വിത്തും വിതയും
പാകമായ ഫലങ്ങൾ പറിച്ചുണക്കി വിത്ത് ശേഖരിക്കുക. ആറു ദിവസം നല്ല സൂര്യപ്രകാശത്തിൽ ഉണങ്ങിയാൽ വിത്ത് പാകാൻ തയാറാകും. ഉടനെ പാകാം. ഉയർന്ന താവരണകൾ തയാറാക്കി, വിത്ത് നാലഞ്ചു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വരിയായി നരിവയ്ക്കുക. വരികൾ തമ്മിലും വിത്തുകൾ തമ്മിലും 15 സെ.മീ. അകലം നൽകണം. തടം ഉണങ്ങാതെ സൂക്ഷിക്കുക. 10 ദിവസത്തിനുള്ളിൽ 90% വിത്തും മുളയ്ക്കും. ആറില പ്രായമെത്തിയാൽ ഇളക്കി പ്രധാന കുഴിയിൽ നടാം.
നടിൽ
നടീൽ സമയം മേയ്, ജൂൺ, സെപ്റ്റംബർ മാസങ്ങളിലാണ്. അര മീറ്റർ നീളം, വീതി, താഴ്ചയുള്ള ചെറുകുഴികൾ കുത്തി കുഴിയൊന്നിന് അഴുകിപ്പൊടിഞ്ഞ കരിയിലയോ കമ്പോസ്റ്റോ ചേർത്ത് മേൽമണ്ണുമായി ചേർത്ത് കുഴി നിറയ്ക്കുക. ഒരു തൈ വീതം ചുവട്ടിലെ മണ്ണ് ഇളകാതെ കോരിയെടുത്ത് നടണം. തണലും നനയും താങ്ങുകൊടുക്കലും മറ്റും ആവശ്യാധിഷ്ഠിതമായി ചെയ്യുക.
സാമാന്യം ജൈവസമ്പത്തുള്ള മണ്ണിൽ വളപ്രയോഗം വേണ്ട, മഴയെമാത്രം ആശ്രയിച്ചു വളരും. വളർച്ച നിരീക്ഷിച്ച്, ഫലപുഷ്ടി കുറഞ്ഞ മണ്ണിൽ രണ്ടു വർഷംവരെ തടത്തിൽ നനവും ഉണങ്ങി പൊടിഞ്ഞ കാലിവളം ചുവടൊന്നിന് 2 കിലോ ക്രമത്തിന് ചേർത്ത് മണ്ണ് കൂട്ടുക. 3 വർഷത്തിനു ശേഷം വർഷകാലം അവസാനിക്കുമ്പോൾ ജൈവ വസ്തുക്കൾ കൊണ്ട് ചുവട്ടിൽ അര മീറ്റർ ചുറ്റളവിൽ പുതയിടുക. മറ്റു പരിചരണങ്ങളൊന്നും ആവശ്യമില്ലാത്ത ഒരു ഔഷധസസ്യമാണ് ഇത്
വേര്, ഇല, കറ ഇവയാണ് ഔഷധഭാഗങ്ങൾ. ഒരു വർഷം മുതൽ ഇല എടുക്കാം. കറയും വേരും മൂന്നുവർഷത്തിനുശേഷമേ എടുക്കാനാവൂ.
ഔഷധപ്രാധാന്യം
ഇതിന്റെ വേര് അരിക്കാടിയിൽ അരച്ച് നെറ്റിയിൽ പുരട്ടിയാൽ എത്ര കടുത്ത തലവേദനയും ശമിക്കും. ഇല, കറ (പശ എന്നിവ അണു ജീവികളുടെ പ്രവർത്തനം തടഞ്ഞ് ചർമ രോഗങ്ങൾ ശമിപ്പിക്കും. പ്രധാന രാസഘടകങ്ങളായി പൈറോ ലിഗ്നിയസ് ആസിഡ്, മെഥനോൾ, അറ്റോൺ എന്നിവയും ഇതിലടങ്ങിയിരിക്കുന്നു.
Share your comments