പച്ചില വളച്ചെടി വിത്തുകളുടെ വിത : Sowing of green fodder
ഇടവപ്പാതിക്കു മുമ്പ് ആവശ്യത്തിനു മഴ ലഭിച്ചാലുടൻ മെയ് മാസം അവസാനത്തോടെ ഏതെങ്കിലും പച്ചില വളച്ചെടികളുടെ വിത്തുകൾ തെങ്ങിൻ തോപ്പിൽ വിതയ്ക്കാവുന്നതാണ്. രണ്ടു പ്രാവശ്യം നിലം ഉഴുതു മറിച്ചതിനു ശേഷം വേണം വിത്തുകൾ വിതയ്ക്കുവാൻ. ചണമ്പ്, ഡയിഞ്ച, പയർ, കൊഴിഞ്ഞിൽ, തുടങ്ങിയവ ഇതിന് ഉത്തമമാണ്. ഏക വിളയായി തെങ്ങു കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ താഴെപ്പറയുന്ന പച്ചില വളച്ചെടികളുടെ വിത്ത് നിർദ്ദിഷ്ട അളവിൽ വിതയ്ക്കാം.
തോട്ടത്തിൽ ഇടവിള കൃഷികൾ ഉണ്ടെങ്കിൽ പച്ചില വളച്ചെടി വിത്തുകൾ വിതയ്ക്കേണ്ടത് തെങ്ങിൻ തടങ്ങളിലാണ്. തെങ്ങിന്റെ ചുവട്ടിൽ 1.8 മീറ്റർ ചുറ്റളവിൽ വേണം ഇവ വിതയ്ക്കുവാൻ. പയറും ഡയിഞ്ചയും തടം ഒന്നിൽ 100 ഗ്രാം വീതം വിതയ്ക്കാം. മറ്റുള്ളവ 75 ഗ്രാം വീതവും.
മണ്ണിനെ സമ്പന്നമാക്കാൻ കഴിവുള്ള ഉത്തമ ജൈവവളമാണ് പച്ചിലവളങ്ങൾ, പച്ചിലവളപ്രയോഗം പ്രധാനമായും രണ്ടുതരത്തിലാണ്. ഒന്നാമത്തേത് പ്രധാന വിളകൾക്കൊപ്പം തന്നെ പച്ചിലവള സസ്യങ്ങൾ വളർത്തിയെടുത്ത് അവയെ അതേപടി തന്നെ കൃഷിയിടത്തിൽ ഉഴുതു ചേർക്കും. രണ്ടാമത്തെ രീതിയിൽ പച്ചിലവള സസ്യഭാഗങ്ങൾ മറ്റൊരിടത്ത് വളർത്തിയെടുത്ത് പാകമാകുമ്പോൾ ഇലകൾ പറിച്ചെടുത്ത് കൃഷിയിടങ്ങളിൽ മണ്ണിൽ പ്രയോഗിക്കും. കേരളത്തിനു യോജിച്ച പ്രധാന പച്ചിലവളച്ചെടികളാണ് സൺഹെമ്പ്, ഡെയിഞ്ച, കൊഴിഞ്ഞിൽ, സെസ്ബനിയ, മ്യൂക്കണ മുതലായവ.
സൺഹെമ്പ്
വെള്ളക്കെട്ടുള്ള സ്ഥലമൊഴികെ ഏതിനം മണ്ണിലും സൺസ് വേഗം വളരും. ഒരു ഹെക്ടറിന് വിതയ്ക്കാൻ 25 - 35 കി.ഗ്രാം വിത്തു വേണം. വിതച്ച് രണ്ടര മാസമാകുന്നതോടെ ഉഴുതു ചേർക്കാം. ഒരു ഹെക്ടറിൽ നിന്ന് 20 - 25 ടൺ പച്ചിലവളം ലഭിക്കും. ഒരു ഹെക്ടറിന് 70 -80 കി.ഗ്രാം നൈട്രജൻ കിട്ടും. ചണമ്പ് എന്നും ഇതിനു പേരുണ്ട്.
ഡെയിഞ്ച
വരണ്ട മണ്ണിലും വെള്ളക്കെട്ടുള്ളിടത്തും തരി കലർന്ന മണ്ണിലും ചെളി കലർന്ന മണ്ണിലുമെല്ലാം ഡെയിഞ്ച് വളരും. കുറഞ്ഞ സമയം കൊണ്ട് (8 - 10 ആഴ്ച) 12 - 2 മീറ്ററോളം ഉയരത്തിൽ വളർന്ന് പച്ചിലവളമായി പ്രയോഗിക്കുവാൻ പാകത്തിലാകുന്നു. ഒരു ഹെക്ടറിൽ നിന്ന് 10 - 20 ടൺ പച്ചിലവളം കിട്ടും. ഇതുവഴി വിളകൾക്ക് 75 - 80 കി.ഗ്രാം നൈട്രജൻ ലഭിക്കും. നെൽപ്പാടങ്ങൾക്ക് ഇത് വളരെ അനുയോജ്യമാണ്.
മ്യൂക്കണ
പയറുവർഗകുലത്തിൽപ്പെട്ട ചെടിയാണ് മ്യൂക്കണ അഥവാ നായ്ക്കുരണ ചെടി. ഇത് തോട്ടത്തിൽ പച്ചിലവളചെടിയായും ആവരണവിളയായും (Cover crop) വളർത്താം.
കൊഴിഞ്ഞിൽ
സാവധാന വളർച്ചയുള്ള ഒരു പച്ചിലവളച്ചെടിയാണ് കൊഴിഞ്ഞിൽ. കാലികൾ തിന്നാൽ കൊഴിഞ്ഞിൽ ഏതു വരണ്ട കാലാവസ്ഥയിലും വളരും. എന്നാൽ വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ അനുയോജ്യമല്ല. ഒരു ഹെക്ടറിൽ കൃഷിയിറക്കാൻ 20 -25 കി.ഗ്രാം വിത്തു വേണം. ഇതിന്റെ വിത്ത് പാടത്ത് കൊഴിഞ്ഞു വീഴുന്നതു കൊണ്ടാകാം ഇതിന് കൊഴി ഞ്ഞിൽ' എന്ന പേരു കിട്ടിയത്. കൊഴിഞ്ഞിൽ വിത്തിന്റെ പുറംതോടിന് കട്ടി കൂടുതലായതിനാൽ ഇത് ചൂടുവെള്ളത്തിൽ കുതിർക്കുകയോ, മണൽ ചേർത്ത് പതുക്കെ ഇടിക്കുകയോ ചെയ്തശേഷം വിതയ്ക്കുകയാണു പതിവ്. നെൽപ്പാടങ്ങളിൽ മുണ്ടകൻ കൊയ്യുന്നതിനു രണ്ടാഴ്ച മുൻപ് കൊഴിഞ്ഞിൽ വിത്തു വിതയ്ക്കാം. ഹെക്ടറിന് 20 -25 കിലോ വിത്തു വേണ്ടിവരും. ഇതിൽ നിന്ന് ഹെക്ടറിന് 8 - 10 ടൺ പച്ചിലവളം കിട്ടും.
മുംഗ് (ചെറുപയർ)
പയർവർഗത്തിൽപ്പെട്ട ഇതിന്റെ വിത്തുകൾ ജൂലായ് മാസാരംഭത്തിൽ വിതയ്ക്കുകയും സെപ്റ്റംബറിൽ വിളവെടുപ്പു നടത്തിയതിനു ശേഷം മണ്ണിൽ പച്ചിലവളമായി ഉഴുതു ചേർക്കുകയും ചെയ്യാം.
സെസ്‌ബേനിയ
വേഗം വളരുന്ന ഒരു പച്ചിലവളച്ചെടിയാണ് സെസ്‌ബേനിയ. ഹെക്ടറിന് 20 -25 കിലോയാണ് വിത്തു നിരക്ക്. ഒരു ഹെക്ടറിൽ നിന്ന് 10 - ടൺ പച്ചിലവളവും 70 - 80 കിലോ നൈട്രജനും കിട്ടും. നെൽപ്പാടങ്ങളിലാണ് സെസ്ബേനിയ അധികവും പച്ചിലവളമായി പ്രയോഗിക്കുന്നത്.
ക്രോട്ടലേറിയ
കിലുക്കാംപെട്ടിയെന്നും ഇതിനു പേരുണ്ട്. കായ്കൾ മൂത്തുണങ്ങമ്പോൾ ഇവയിലെ വിത്തുകൾ കിലുങ്ങുന്നതിനാലാണ് ഈ പേര് കിടയത്. ഇളകിയ മണ്ണിലും തെങ്ങിൻ തോപ്പിലും മറ്റും വിതച്ചാൽ വെറും രണ്ടു മാസത്തെ വളർച്ച മതിയാകും ഇത് പൂക്കാൻ. ഈ സമയത്ത് ചെടികൾ വെട്ടി തെങ്ങിൻ തടത്തിലിടാം.
ശീമക്കൊന്ന
"ഗ്ലിറിസീഡിയ മാക്കുലേറ്റ്' എന്ന സസ്യനാമത്തിൽ പ്രചുരപ്രചാരം നേടിയ ചെടി. ഇതിന്റെ ഇലകളാണ് മണ്ണിൽ ചേർക്കുന്നത്. കമ്പുകുത്തിയാൽ ഇത് വേഗം പിടിപ്പിക്കാം. വേലിപ്പത്തലായും വളർത്തുക പതിവാണ്. ഓരോ വർഷവും രണ്ടോ മൂന്നോ തവണ ഇതിൽ നിന്ന് തൂപ്പ് അരിയാൻ കഴിയും. അതിവേഗം വളരുന്ന ഒരു ചെടി കൂടെയാണിത്. നട്ട് ഒന്നു രണ്ടു മാസം കഴിയുമ്പോൾ തന്നെ ഇതിന്റെ തൂപ്പ് അരിയാൻ തുടങ്ങാം. പാകമെത്തിയ ഒറ്റ ചെടിയിൽ നിന്നു തന്നെ 20 -25 കി.ഗ്രാം പച്ചില ലഭിക്കും. നെൽകൃഷിക്കും തെങ്ങിനും ഒക്കെ ഇതിന്റെ ഇലകൾ ഉപയോഗിക്കാം.
Share your comments