വിതച്ചാൽ പുല്ലേറും
ഈ ചൊല്ലിന്റെ ആദ്യപാദം കൃഷിയിൽ ജലസേചനത്തിനുള്ള പ്രാധാന്യത്തെയാണ് വ്യക്തമാക്കുന്നത്. ഏതൊരു കാർഷികവിളയുടെ കാര്യത്തിലും ജലസേചനം കൊണ്ടുമാത്രം വിളവ് വർധിപ്പിക്കാമെന്നത് കൃഷിക്കാർക്ക് അനുഭവവേദ്യമായ കാര്യമാണ്. തെങ്ങിന്റെ കാര്യത്തിലാണ് ഇത് വളരെ വസ്തുനിഷ്ഠമായി ബോധ്യമാകുന്നത്.
കൃത്യമായി വേനൽക്കാലത്ത് ജലസേചനം നടത്തുന്ന തെങ്ങിൽ നിന്നും ഇരട്ടി തേങ്ങ ഉൽപ്പാദിപ്പിക്കുവാൻ കഴിയുമത്രേ. കേരള കാർഷിക സർവകലാശാലയുടെ പീലിക്കോട് ഗവേഷണകേന്ദ്രത്തിൽ നടത്തിയ ഒരു ഗവേഷണപഠനം ഇതു സ്ഥിരീകരിക്കുന്നു. ഉൽപ്പാദനക്ഷമത ഉയർത്തുവാൻ കഴിയുന്നു എന്നു മാത്രമല്ല നാളികേരത്തിന്റെ വലിപ്പവും ഉൾക്കട്ടിയും വർധിക്കുന്നു.
കൃഷിയിൽ വെള്ളത്തിൻറെ ആവശ്യം (Water necessity in farming)
ഇതേ സ്ഥിതിതന്നെയാണ് നെല്ലിന്റെ കാര്യത്തിലും. നെല്ലിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും വെള്ളത്തിന്റെ ലഭ്യത അത്യാവശ്യമാണ്. നെല്ല് കുടമാകുന്ന അതായത് അടിക്കണപ്പരുവത്തിന് വയലിൽ ആവശ്യത്തിനു വെള്ളമില്ലെങ്കിൽ വെൺകതിർ ഏറുമെന്നത് കൃഷിക്കാർക്ക് അനുഭവമാണ്.
പതിരേറുകയും ഉൽപ്പാദനം കുറയുകയും ചെയ്യും. പ്രത്യേകിച്ച് പുഞ്ച കൃഷിയിൽ വെള്ളത്തിന്റെ ദൗർലഭ്യം ഒരു വലിയ പ്രശ്നം തന്നെയാണ്.
ഓരോ വർഷം കഴിയുന്തോറും വേനലിന്റെ കാഠിന്യമേറുന്നതിനായി നെല്ലിനും (paddy) തെങ്ങിനും മാത്രമല്ല എല്ലാ കാർഷികവിളകൾക്കും ഇപ്പോൾ ജലസേചനം അത്യന്താപേക്ഷിതമായി മാറുകയാണ്. പച്ചക്കറികളുടെ കാര്യത്തിൽ നിത്യേന രണ്ടുനേരം നനച്ചു കൊടുത്താൽ വിളവിന്റെ കാര്യത്തിൽ അത്രകണ്ട് മെച്ചമുണ്ടാകും.
മാത്രമല്ല കായ്കൾക്ക് നല്ല വലുപ്പവുമുണ്ടാകും. സുഗന്ധവിളകളായ ജാതി, ഗ്രാമ്പ് എന്നിവയ്ക്കും ജലസേചനം കാര്യക്ഷമമായി നടത്തിയാൽ വിളപ്പൊലിമയ്ക്ക് അതു സഹായകമാകുന്നുണ്ട്. എന്തിനേറെ റബറിനു (Rubber) പോലും ജലസേചനം നടത്തുന്ന കൃഷിക്കാരുണ്ട്.
പക്ഷേ ഇന്നും കേരളത്തിൽ മലബാർ പ്രദേശങ്ങളിലൊഴിച്ചാൽ തെങ്ങിനുപോലും നനച്ചുകൊടുക്കുന്ന രീതി ഇപ്പോഴും സാർവത്രികമായിട്ടില്ല. പക്ഷേ കൃഷിശാസ്ത്രജ്ഞൻമാർ ജലസേചനവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യവും സൂചിപ്പിക്കുന്നുണ്ട്. തെങ്ങിനും മറ്റും ജലസേചനം നടത്തുമ്പോൾ ഒരിക്കൽ നനച്ചു തുടങ്ങിയാൽ അതു തുടരണം. രണ്ടോ മൂന്നോ പ്രാവശ്യം നനച്ചിട്ട് തുടർന്നു നനയ്ക്കാതിരിക്കുന്നത് ഒട്ടും ആശാസ്യമല്ലതന്നെ.
വെള്ളം ക്രമീകരിക്കുന്ന രീതികൾ , ഗുണങ്ങൾ (Water allocation Techniques, Importance)
പഴയ കാലത്ത് വെള്ളം കോരിയൊഴിച്ചുള്ള നനയായിരുന്നെങ്കിൽ പിന്നീടത് തുള്ളിനനയായി മാറി. വലിയ മൺകലങ്ങളുടെ ചുവട്ടിൽ ചെറിയ ദ്വാരമുണ്ടാക്കി കലത്തിൽ വെള്ളം നിറച്ച് തെങ്ങിൻ തടത്തിൽ വയ്ക്കുന്നു. ഈ ചെറിയ ദ്വാരത്തിലൂടെ വെള്ളം തെങ്ങിന്റെ ചുവട്ടിലേക്ക് ഇറ്റുവീഴുകയും ഈർപ്പം നിലനിൽക്കുകയും ചെയ്യും.
വിവിധ കുതിരശക്തിയുള്ള പമ്പുസെറ്റുകൾ (Pump sets) പ്രാചുര്യത്തിലായതോടെ ജലസേചനരീതികളിൽ തന്നെ സമൂലമായ മാറ്റമുണ്ടായി. സിങ്ഗ്ലർ ജലസേചനവും ഡ്രിപ്പ് ജലസേചനവുമടക്കം ആധുനിക സമ്പ്രദായങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിലെ കൃഷിയിടങ്ങളിൽ പോലും ഇന്ന് പ്രാവർത്തികമായി കഴിഞ്ഞിരിക്കുന്നു. ഇതൊക്കെയാണെങ്കിലും മഴ കനിഞ്ഞില്ലെങ്കിൽ നമ്മുടെ കൃഷി അവതാളത്തിലായതുതന്നെ.
ഈ ചൊല്ലിന്റെ വിതച്ചാൽ പുല്ലേറുമെന്നുള്ള രണ്ടാം പാദവും വളരെ പ്രസക്തം തന്നെയാണ്. രണ്ടാം വിള അഥവാ മുണ്ടകൻ കൃഷിയിലും പുഞ്ചകൃഷിയിലുമാണ് ഈ ചൊല്ലിന്റെ പ്രസക്തിയേറുന്നത്. വെള്ളത്തിന്റെ ലഭ്യതയനുസരിച്ച് വിത്തു വിതയ്ക്കുകയോ പാകി പറിച്ചുനടുകയോ ആണ് ഈ കൃഷിക്കാലത്ത് പക്ഷേ വിതയ്ക്കുന്ന പാടങ്ങളിൽ സ്വാഭാവികമായും പുല്ലിന്റെ അഥവാ കളയുടെ ഉപദ്രവം താരതമ്യേന കൂടുതലായിരിക്കും.
വെള്ളം നിൽക്കുന്ന പാടങ്ങളിൽ നിന്നും വെള്ളം വാർത്തുകളഞ്ഞ് നിലം പരുവപ്പെടുത്തിയശേഷമാണല്ലോ വിത നടത്തു ന്നത്. വെള്ളമില്ലാത്ത ഈ സാഹചര്യം നെല്ലിനൊപ്പം കളികൾക്കും വേഗത്തിൽ വളർന്നുപൊന്തുന്നതിനുള്ള അവസരമാകുന്നു. വിത, നടത്തിയ പാടങ്ങളിൽ ഞാറുവളർന്ന് മൂന്നുനാലില വളർച്ചയെത്തിക്കഴിഞ്ഞാലേ പാടത്തു വീണ്ടും വെള്ളം കയറ്റിനിർത്താൻ കഴിയൂ. അപ്പോഴേക്കും നെല്ലിനേക്കാൾ പൊക്കത്തിൽ കളകൾ വളർന്നിരിക്കും.
നെൽകൃഷിയുടെ ആദ്യദശയിൽ വെള്ളം ക്രമീകരിച്ചുതന്നെ കളശല്യം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്നുള്ള അനുഭവപാഠത്തിൽ നിന്നാണ് നമ്മുടെ കാരണവൻമാർ 'വിതച്ചാൽ പുല്ലേറും' എന്നു പറഞ്ഞു വച്ചത്. എന്നാൽ വിത്തുപാകി ഞാറു പറിച്ചുനടുമ്പോൾ ക്രമത്തിലധികം വെള്ളം പാടത്തുനിന്നും വാർത്തുകളയേണ്ടതില്ല. തന്നെയുമല്ല പറിച്ചു നടാൻ പാകത്തിൽ പാടത്തു വെള്ളമുണ്ടാകുകയും വേണം.
ഇങ്ങനെ നിരപ്പുവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കളകൾക്ക് അത്ര പെട്ടെന്ന് മുളച്ചുപൊന്തുവാൻ കഴിയുകയില്ല. ശരിയായ രീതിയിൽ ഉഴവുനടത്തി നിലം നല്ലതുപോലെ നിരപ്പാക്കി ഞാറു പറിച്ചുനടുകയും ജലസേചന ജലനിർഗമനകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കുകയും ചെയ്താൽ അങ്ങ നെയുള്ള പാടത്ത് പുല്ലേറില്ല.
Share your comments