കരിങ്കുറിഞ്ഞിയുടെ കൃഷിക്ക് പല മേന്മകളും സൗകര്യങ്ങളുമുണ്ട്. കേരളത്തിൽ തീരദേശമൊഴികെ എല്ലാ പ്രദേശങ്ങളിലും കരിങ്കുറിഞ്ഞി വളരും മണ്ണിന് വളക്കൂറ് തെല്ല് കുറഞ്ഞിരുന്നാലും ഇതിന്റെ കൃഷി സാധ്യമാണ്. ഈ ചെടിക്ക് രോഗ-കീടബാധതീരെയില്ല. വേനലിനെ ഒരു പരിധിവരെ ചെറുക്കാൻ ഇതിനു കഴിവുണ്ട്. കൃഷിയുടെ പ്രാരംഭഘട്ടത്തിലേ കളയെടുപ്പ് ആവശ്യമായി വരൂ, കൃഷിക്ക് മൂലധനച്ചെലവ് നന്നേ കുറച്ചുമതി. മറ്റു വിളകൾക്കിടയിൽ നിയന്ത്രിതമായ സൂര്യപ്രകാശത്തിലും ഇത് സാമാന്യം നന്നായി വളരും. മണ്ണിനെ സംരക്ഷിക്കാനും ഇതിനു ശേഷിയുണ്ട്.
മഴക്കാലം അവസാനിക്കും മുമ്പേ കരിങ്കുറിഞ്ഞി നട്ടുപിടിപ്പിക്കുന്നതാണ് നല്ലത്. നനയ്ക്കാൻ സൗകര്യമുണ്ടെങ്കിൽ ഇത് എക്കാലവും നടാം. വിത്തു പാകി മുളപ്പിക്കാമെങ്കിലും മൂന്നോ നാലോ മുട്ടു നീളത്തിൽ തണ്ടു മുറിച്ചു നടുകയാണ് എളുപ്പം. തണ്ട് നേരിട്ടു കൃഷിസ്ഥലത്തു നടുകയോ പോളിബാഗിൽ വേരുപിടിപ്പിച്ചശേഷം കൃഷിസ്ഥലത്തേക്കു മാറ്റി നടുകയോ ചെയ്യാം.
കരിങ്കുറിഞ്ഞി നടുന്നതിനു മുമ്പ് സ്ഥലം ഒരടി ആഴത്തിൽ കിളച്ചൊരുക്കണം. കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ ധാരാളമായി ചേർത്തുകൊടുക്കുന്നത് നന്നായിരിക്കും. 75 സെ.മീ. അകലത്തിൽ കരിങ്കുറിഞ്ഞി നടാം.
കുറേക്കൂടി ശാസ്ത്രീയമായി കൃഷി ചെയ്യണമെന്നു വരികിൽ, സ്ഥലമൊരുക്കി 75 സെ.മീ. അകലത്തിൽ 30 സെ.മീ. വ്യാസവും അത്രയും തന്നെ ആഴവുമുള്ള കുഴികളെടുത്ത് അതിൻമേൽ മണ്ണും ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും തുല്യ അനുപാതത്തിൽ ചേർത്ത മിശ്രിതം നിറച്ച് കരിങ്കുറിഞ്ഞിയുടെ പോളി ബാഗ് തൈകൾ നടുക.
കൃഷിയുടെ പ്രാരംഭഘട്ടത്തിൽ രണ്ടോ മൂന്നോ തവണ മാത്രമേ കളയെടുപ്പ് വേണ്ടി വരൂ. ചുരുങ്ങിയ കാലംകൊണ്ട് തോട്ടമാകെ പടർന്നു നിറയുന്ന ഈ കുറ്റിച്ചെടി കളകൾക്കു മേൽ ആധിപത്യം സ്ഥാപിച്ചു കളയും. വേനൽക്കാലത്ത് നന നിർബന്ധമില്ല; ജലസേചന സൗകര്യമുണ്ടെങ്കിൽ മാത്രം ചെയ്യാം. ഉണങ്ങിപ്പൊടിഞ്ഞ കാലിവളം, കമ്പോസ്റ്റ് എന്നിവ പോലുള്ള ജൈവവളങ്ങൾ വല്ലപ്പോഴും മിതമായ തോതിൽ വിതറിക്കൊടുത്താൽ വളപ്രയോഗം ധാരാളമായി. രോഗ-കീടബാധ കരിങ്കുറിഞ്ഞിക്ക് തീരെ ഇല്ലെന്നു പറയാം. അഥവാ ഉണ്ടായാൽത്തന്നെ വിളവിനെ കാര്യമായി ബാധിച്ചു കാണുന്നില്ല.
തനി വിളയെന്നതിനുപരി മറ്റു വിളകൾക്ക് ഇടവിളയായും കരികുറിഞ്ഞി കൃഷിചെയ്യാം. പ്രത്യേകിച്ചും റബ്ബർ, തെങ്ങ്, കമുക്, മട്ടി, മഹോഗണി, അൽബീസിയ പോലുള്ള വൃക്ഷവിളകൾക്ക് വളപ്രയോഗത്തിനും സൗകര്യം മുൻനിർത്തി ഈ മരങ്ങളുടെ ചുവട്ടിൽ നിന്നും നിശ്ചിത അകലമിട്ടു കരിങ്കുറിഞ്ഞി നടാൻ ശ്രദ്ധിക്കണം. അധികം ഉയരത്തിൽ വളരാത്ത കരികുറിഞ്ഞി മേല്പറഞ്ഞ മുഖ്യ വിളകളുമായി യാതൊരു വിധ മാത്സര്യസ്വഭാവവും കാണിക്കുന്നില്ല; ഇവ പരസ്പരം രോഗപ്പകർച്ചയ്ക്കോ കീടബാധയ്ക്കോ കാരണമാകുന്നുമില്ല. മറ്റു വൃക്ഷവിളകൾക്കിടയിൽ പരിമിതമായി ലഭിക്കുന്ന സൂര്യപ്രകാശത്തിലും നിലനിൽക്കാനും വളരാനും ഈ ഔഷധച്ചെടിക്ക് കെല്പ്പുണ്ടുതാനും.
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments