ടിഷ്യൂ കൾച്ചർ വാഴത്തൈകൾ നടുമ്പോൾ പ്രാരംഭദശയിൽ പ്രത്യേക പരിപാലന രീതികൾ അവലംബിക്കേണ്ടതാണ്.
രണ്ടാംഘട്ട പരിപാലനം ലഭിച്ചതും രണ്ടര - മൂന്ന് മാസം പ്രായവുമുള്ള തൈകളാണ് നടാൻ ഉപയോഗിക്കേണ്ടത്.
പ്രായക്കുറവുള്ള തൈകൾ നടുന്നപക്ഷം വാഴയുടെ കാലാവധി നീളാനിടയാകുന്നു. വാഴ നടുന്ന കുഴിയിൽ പച്ചിലയും, ഉണക്കിപ്പൊടിച്ച ചാണകവും 15 - 20 കിലോഗ്രാം ലഭിക്കത്തക്ക വിധത്തിൽ മേൽമണ്ണുമായി കൂട്ടിയിളക്കി കുഴികൾ മുക്കാൽ ഭാഗം നിറയ്ക്കണം. മണ്ണിന് പുളിരസമുണ്ടെങ്കിൽ 500 ഗ്രാം കുമ്മായവും കുഴിയിൽ ചേർത്ത് കൊടുക്കാം. ടിഷ്യൂ കൾച്ചർ തൈകൾക്ക് വളർച്ചയുടെ ആദ്യ ഘട്ടത്തിൽ നേരിട്ടുള്ള സൂര്യ താപം താങ്ങാൻ പ്രാപ്തിയുണ്ടാവുകയില്ല.
മാത്രമല്ല തൈകൾ കരിഞ്ഞു പോകാനും സാധ്യത കൂടുതലാണ്. അതിനാൽ നട്ട് പത്ത് മുതൽ പതിനഞ്ച് ദിവസം വരെ താൽക്കാലികമായി തണൽ നൽകി സംരക്ഷിക്കേണ്ടതാണ്. ഈ കാലയളവിൽ തൈകൾ ശക്തി പ്രാപിക്കുന്നതിന് 17:17:17 അല്ലെങ്കിൽ 18:18:18 എന്ന എൻ:പി:കെ മിശ്രിതം അഞ്ച് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഒഴിച്ച് കൊടുക്കാവുന്നതാണ്.
വളങ്ങൾ ചേർക്കുമ്പോൾ ചെടിയുടെ കട ഭാഗത്ത് നിന്ന് 30 സെ. മീ. അകാലത്തിൽ വിതറി വേണം മണ്ണിൽ യോജിപ്പിക്കുവാൻ. വളപ്രയോഗത്തിന് ശേഷം കൃത്യമായ ജലസേചനവും നടത്തേണ്ടതാണ്. കുറുനാമ്പ്, കൊക്കാൻ മുതലായ വൈറസ് രോഗവിമുക്തമായ തൈകളാണ് ടിഷ്യൂ കൾച്ചർ വഴി (അംഗീകൃത ലാബുകളിൽ) ഉത്പാദിപ്പിക്കുന്നത് എങ്കിലും ഇവ തോട്ടത്തിൽ നട്ടു കഴിഞ്ഞാൽ രോഗം ബാധിക്കാതിരിക്കാൻ ചില മുൻകരുതലുകൾ അത്യാവശ്യമാണ്.
ഇലപ്പുള്ളി രോഗത്തിനെ ജൈവമാർഗ്ഗത്തിലൂടെ നിയന്ത്രിക്കുന്നതിന് ടിഷ്യൂ കൾച്ചർ തൈകൾ സ്യൂഡോമോണാസ് ലായനിയിൽ (50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) അരമണിക്കൂറോളം മുക്കി വച്ചതിന് ശേഷം നടാം. കൂടാതെ സ്യൂഡോമോണാസ് 20 ഗ്രാം, സസ്യ എണ്ണ -2.5 മില്ലി, അപ്പക്കാരം - 2.5 ഗ്രാം എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തൈകളിൽ തളിച്ച് കൊടുക്കാം.
പിണ്ടിപ്പുഴുവിന്റെ ആക്രമണം മൂലം ഒടിയുന്ന വാഴകൾ വെട്ടി നുറുക്കി ചെറു കഷണങ്ങളാക്കി തോട്ടത്തിന് വെളിയിൽ കൊണ്ടുപോയി നശിപ്പിക്കുക. തോട്ടം ശുചിയായി സൂക്ഷിക്കുകയും ഓരോ വാഴയ്ക്കും കർഷകന്റെ ശ്രദ്ധ ചെല്ലുന്ന രീതിയിൽ കൃഷിയിട പരിശോധന നടത്തുകയും ചെയ്യുക. ബ്യുവേറിയ ബാസിയാന എന്ന മിത്ര കുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ വാഴ നട്ട് 5, 6, 7 മാസങ്ങളിൽ തളിച്ച് കൊടുക്കുന്നത് പിണ്ടിപ്പുഴുവിന്റെ ജൈവ നിയന്ത്രണത്തിന് ഉത്തമമാണ്. വാഴത്തട കെണി വെച്ച് പിണ്ടിപ്പുഴുവിന്റെ വണ്ടുകളെ ആകർഷിച്ച് നശിപ്പിക്കുകയും ചെയ്യാം.
ടിഷ്യൂ കൾച്ചർ വാഴ ഉപയോഗിക്കുമ്പോൾ തൈകൾ രോഗവിമുക്തമാണെന്ന് ഉറപ്പ് വരുത്താൻ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രം തൈകൾ വാങ്ങുന്നതാണ് ഉചിതം. ടിഷ്യൂ കൾച്ചർ തൈയുൽപാദനം അല്പം ചിലവേറിയ പ്രക്രിയ ആയതിനാൽ തൈകൾക്ക് കന്നിനെ അപേക്ഷിച്ച് വില കൂടുമെങ്കിലും ഗുണമേന്മയിലും വിളവിലും അവ കന്നിനേക്കാൾ മികച്ച് നിൽക്കുന്നു.
നസീറ , സെൽടെക് , പാലക്കാട്
Ph: 9061029511, 9562805120
Share your comments