അതിവേഗ നഗര വൽക്കരണം ഭൂമിയിൽ പച്ചപ്പിനെ ചെറു തുരുത്തുകളാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജപ്പാനിസ് സസ്യ ശാസ്ത്രജ്ഞൻ അകിര മിയാവാക്കി (Akira Miyawaki ) പരീക്ഷിച്ച് വിജയിച്ച കൃഷി രീതിയാണ് മിയാവാക്കി മെത്തേഡ് (Miyawaki methed ) വനവത്കരണം.
ഈ രീതിയുടെ പ്രധാന ആകർഷണം മൂന്ന് സെന്റിൽ ചുവടെയുള്ള സ്ഥലത്ത് ഒരു കൊച്ചു വനം ഒരുക്കാൻ കഴിയും എന്നതാണ് അതും കുറഞ്ഞ കാലയളവിനുള്ളിൽ.
പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ സസ്യങ്ങളുടെ വൈവിധ്യമേറിയ ശേഖരമാണ് ഇത് വഴി സംരക്ഷിക്കപ്പെടുന്നത്.
ഇടതൂര്‍ന്ന നടീല്‍ (Dense Planting) രീതിയാണ് ഇവിടെ അവലംബിക്കുന്നത്.
ഒരു വനം ഒരുക്കണമെങ്കിൽ നൂറ്റാണ്ടുകൾ വേണ്ടിവരുന്നിടത്ത്
ചുരുങ്ങിയ വര്ഷങ്ങൾ കൊണ്ട് ഒരു വനം ഉണ്ടാക്കിയെടുക്കാൻ കഴിയുന്നു.
മിയാവാക്കി വനം മൂന്ന് നാല് ഘട്ടങ്ങളിലായി ആണ് ഉണ്ടാക്കുന്നത്.
1) തിരഞ്ഞെടുത്ത സ്ഥലത്തെ ചുറ്റുപാടുകൾ പഠിച്ച് പരിസരങ്ങളിൽ സ്വാഭാവികം ആയി കാണുന്ന സസ്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി അവയുടെ വിത്ത് ശേഖരിക്കുന്നു.ഓരോ പ്രദേശത്തെയും തനത് സസ്യങ്ങൾ ആണ് തിരഞ്ഞെടുക്കേണ്ടത്.
2)വിത്ത് സ്വാഭാവിക രീതിയിൽ ചെറിയ ചട്ടികളിൽ മുളപ്പിക്കുന്നു.
പിന്നീട് രണ്ടു മൂന്നു മാസത്തോളം തണലുള്ള സ്ഥലത്ത് വളർത്തി നല്ല വേര്പടലം വരുന്നത് വരെ കാത്ത് നിൽക്കുന്നു.(അവയെ ഹാർഡനിങ് ചെയ്യുന്നു.)
3.സ്ഥലത്തെ മണ്ണ് ഒരുക്കുന്നത് ആണ് ഏറ്റവും പ്രധാനപ്പെട്ടതും ഈ രീതിയിൽ ഏറ്റവും ചിലവ് വരുന്നതും.
തിരഞ്ഞെടുത്ത സ്ഥലത്ത് കുറഞ്ഞത് 20 മുതൽ 50 സെന്റി മീറ്റർ വരെ ആഴത്തിൽ മണ്ണ് നീക്കി ജൈവ വള സമ്പന്നമാക്കി അതിനു മുകളിൽ മേൽമണ്ണ് വിരിക്കേണ്ടത് നിർബന്ധമാണെന്ന് മിയാവാക്കി അനുശാസിക്കുന്നു.
4.വേരിന് കേടൊന്നും വരുത്താതെ ചെടികൾ രണ്ടടി അകലത്തിൽ നടുന്നു.ഒരു മീറ്റർ ചുറ്റളവിൽ നാലോ അഞ്ചോ സസ്യങ്ങൾ വെച്ച് പിടിപ്പിക്കാം ഒരു സെന്റ് സ്ഥലത്ത് 150 -200 സസ്യങ്ങൾ വരെ നട്ടു പിടിപ്പിക്കാം.
നട്ടുപിടിപ്പിച്ച സസ്യങ്ങളുടെ പരിചരണം (പ്രധാനമായും കള നീക്കൽ) മൂന്ന് നാല് വര്ഷം വരെ നടത്തേണ്ടതുണ്ട് .ആ കളകൾ അവിടെ തന്നെ മണ്ണോട് ചേരാൻ അനുവദിക്കേണ്ടതുണ്ട്. കൂടാതെ ചെടികൾക്ക് ചുറ്റിലുമായി പുതയിടേണ്ടതും, ശരിയായ നന നൽകേണ്ടതുമുണ്ട്.
നാല് വർഷത്തിന് ശേഷം പരിചരണം പാടില്ല എന്ന് മിയാവാക്കി അനുശാസിക്കുന്നു.
ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഒരു മീറ്റർ വീതിയിൽ ചാലുകളിലും എന്തിന് ചെങ്കുത്തായ കുന്നിൻ ചെരുവുകളിൽ പോലും മിയാവാക്കി വനങ്ങൾ തല ഉയർത്തി നിൽക്കുന്നു.
മിയാവാക്കി രീതിയിൽ ഫലവർഗ്ഗസസ്യങ്ങൾ മാത്രമായും പച്ചക്കറി യിനങ്ങൾ ഉൾപ്പെടുത്തിയും ഇടതൂര്‍ന്ന നടീല്‍ രീതി അവലംബിച്ചുകൊണ്ടുള്ള ചെറു തോട്ടങ്ങൾ കേരളത്തിലും പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.
മിയാവാക്കി രീതിയുടെ പ്രധാന ന്യുനത മണ്ണൊരുക്കത്തിനും,തൈകൾ തയ്യാറാക്കുന്നതിനും,പരിചരണത്തിനും വേണ്ടിവരുന്ന ഉയർന്ന ചിലവ് ആണ്.
നിലവിൽ ഒരു സെന്റിന് ഒരുലക്ഷം രൂപയിലധികം രൂപ ചിലവ് വരുന്നതായി കണക്കാക്കുന്നു.
എന്നാൽ ഈ ഒരു കണക്ക് വളങ്ങൾ പൂർണ്ണമായും വിലകൊടുത്ത് വാങ്ങുമ്പോഴും തൊഴിലാളികൾക്കുള്ള വേതനവും മറ്റും കണക്കാക്കുമ്പോൾ ലഭിക്കുന്ന ആകെതുക ആണ്. സ്വാന്തമായി ചെയ്യുന്നവർക്ക് ഇത്തരമൊരു നിരക്ക് ഓർത്ത് ഭയപ്പെടേണ്ടതില്ല.
Share your comments