പയറിലെ മുഞ്ഞബാധക്ക്:നാറ്റപൂച്ചെടിയുടെ ഇളംതണ്ടും ഇലകളും ചതച്ച് നീര് എടുക്കുക. 50 ഗ്രാം ബാർസോപ്പ് ലായനി നാറ്റപൂച്ചെടിയുടെ ചാറുമായി യോജിപ്പിക്കുക. 10 ഇരട്ടി വെള്ളവും ചേർത്ത് തളിച്ചുകൊടുക്കുക.
മുളകിന്റെ ഇലചുരുട്ടൽ രോഗത്തിന്: 24 മണിക്കൂർ പഴകിയ കഞ്ഞിവെള്ളം ഒരു പിടിച്ചാരം ചേർത്ത് ഇലയുടെ അകത്തും പുറത്തും തളിച്ചു കൊടുക്കുക. പുതിയ ഇല രോഗമില്ലാതെ വളരും.
തുളസിക്കെണി കായിച്ചകൾക്ക് എതിരെ: ഒരുപിടി തുളസിയില അരച്ചുപിഴിഞ്ഞ് നീരുകളയാതെ ചിരട്ടയ്ക്കുള്ളിൽ വയ്ക്കുക. തുളസിച്ചാർ ഉണങ്ങിപ്പോകാതിരിക്കാൻ കുറച്ചുവെള്ളം ചിരട്ടയ്ക്കുള്ളിൽ വയ്ക്കുക. 100 ഗ്രാം ശർക്കര പൊടിച്ചതും അല്പം ഫ്യൂരിഡാൻ തരികളും ചേർത്ത് തോട്ടത്തിൽ തൂക്കിയിടുക.
പഴക്കെണി: തൊലികളയാതെ പാളയൻകോടൻ പഴം ചരിച്ച് അരിഞ്ഞ് അതിൽ ഫ്യരിഡാൻ തരികൾ വിതറി തോട്ടത്തിൽ കെട്ടിതൂക്കിയിടുക. കായീച്ചകൾക്ക് ഫലപ്രദം.
മഞ്ഞൾ സത്ത്: 25 ഗ്രാം പച്ചമഞ്ഞൾ 200 മില്ലീ ഗോമൂത്രത്തിൽ അരച്ചു ചേർക്കുക. 3 ലിറ്റർ വെള്ളം ചേർത്ത് എല്ലാ ചെടികൾക്കും തളിച്ചുകൊടുക്കുക.
നീരുറ്റികുടിക്കുന്ന മൂട്ടപോലെയുള്ള കീടങ്ങൾക്ക്: 100 ഗ്രാം പുകയില ഞെട്ടും ഇലയും ചേർത്ത് അരിഞ്ഞ് ഒരു ലിറ്റർ വെള്ളത്തിൽ 24 മണിക്കൂർ കുതിർത്തു വെച്ച് പിഴിഞ്ഞ് അരിച്ചെടുത്ത് 20 ഗ്രാം ബാർസോപ്പും ചേർത്ത് മൂന്ന് ഇരട്ടി വെള്ളത്തിൽ ചേർത്ത് തളിച്ചു കൊടുക്കുക.
മഞ്ഞക്കെണി: മഞ്ഞഷിറ്റ് റിബ്ബൺ പോലെ തോട്ടത്തിൽ വലിച്ചുകെട്ടി ഗ്രീസോ ആവണക്കെണ്ണയോ പുരട്ടുക. കായീച്ചകൾക്ക് ഫലപ്രദം.
മൂഞ്ഞ, വെള്ളീച്ച, പച്ചത്തുള്ളൻ എന്നിവക്കെതിരെ 10 ഗ്രാം ബാർസോപ്പ് 30 മില്ലി വെള്ളത്തിൽ ലയിപ്പിച്ച് 20 മില്ലി ആവണക്കെണ്ണയും 20 മില്ലി വേപ്പെണ്ണയും ചേർത്ത് ഇളക്കി നന്നായി അരിച്ചെടുത്ത് വെളുത്തുള്ളി അരച്ചതിന്റെ നീർ ചേർത്ത് ചെടികളിൽ തളിച്ചുകൊടുക്കുക.
Share your comments