ഗ്രാമ്പൂവേ നീയറിയുന്നോ
പ്രമോദ് മാധവൻ
ലാറ്റിൻ ഭാഷയിൽ Clove എന്നാൽ ആണി എന്നാണ് അർത്ഥം. ഗ്രാമ്പൂവിന്റെ ആകൃതി അത് പോലെ ആണല്ലോ. മലയാളത്തിൽ കരയാമ്പൂ എന്നും പറയാറുണ്ട്. കായാമ്പൂ വേറെ കരയാമ്പൂ വേറെ. കടിച്ചു നാവിൽ എരി പടരുമ്പോൾ കരച്ചിൽ വരുത്തുന്ന പൂ എന്നാവാം പണ്ഡിതൻ വിവക്ഷിച്ചത്.കാര്യമെന്തായാലും ഗ്രാമ്പൂ ആള് ചില്ലറക്കാരൻ അല്ല. ഒരു കാലത്തു (പതിനഞ്ചാം നൂറ്റാണ്ടിൽ )തൂക്കത്തിന് സ്വര്ണത്തോളം വില.സുഗന്ധവ്യഞ്ജനങ്ങളിൽ BC 1721 കാലത്തോളം ചരിത്രം. സിറിയ യിൽ നിന്നും ലഭിച്ച കളിമൺ പാത്രത്തിൽ ഗ്രാമ്പൂവിന്റെ തിരുശേഷിപ്പുകൾ കണ്ടെടുത്തിട്ടുണ്ട്.രക്ത രൂക്ഷിതമായ പോരാട്ടങ്ങൾ അനവധി നടന്നിട്ടുണ്ട് ഗ്രാമ്പൂവിന്റെ പേരിൽ. അതിൽ ഇന്ന് പരിഷ്‌കൃതർ ആയി ജീവിക്കുന്ന ഡച്ച് കാരുടെ പുരാതന കാലത്തെ സ്വാർത്ഥത പറയാതെ വയ്യ.
1600കളിൽ സുഗന്ധ വ്യഞ്ജന കച്ചവടത്തിന്റെ കുത്തക ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക്കായിരുന്നു. അക്കാലത്തു ഗ്രാമ്പൂവിന്റെ കുത്തക നഷ്ടപ്പെടാതിരിക്കാൻ Amboina, Ternate എന്നീ ദ്വീപുകളിൽ ഒഴികെ ഉള്ള മരങ്ങൾ മുഴുവൻ അവർ വെട്ടി നശിപ്പിച്ചു. വിപണിയിൽ ദൗർലഭ്യം സൃഷ്ടിക്കുന്നതിന് വേണ്ടി കൂടി ആയിരുന്നു ഈ 'മറ്റേപ്പണി '. പ്രോമിത്യുസ് മനുഷ്യർക്ക് വേണ്ടി തീ കൊണ്ട് വന്നു എന്ന് പറയുന്ന പോലെ Pierre Povre എന്ന ഫ്രഞ്ച് ധീരൻ 1770ൽ ഗ്രാമ്പൂ വിത്തുകൾ കടത്തി കൊണ്ട് വന്നു മറ്റു സ്ഥലങ്ങളിൽ (സാന്സിബാർ, Mauritius) പ്രചരിപ്പിച്ചു എന്ന് പാണന്മാർ.ഏതായാലും ഒരു കാലത്തു സ്വർണത്തേക്കാൾ വിലയുണ്ടായിരുന്ന ത്രിമൂർത്തികളുടെ (കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ )ചരിത്രം രസകരവും രക്ത രൂക്ഷിതവും ജുഗുപ്സാവഹവുമാണ്. സിന്ദ്ബാദ് കഥകളിൽ വരെ ഇവയെക്കുറിച്ചു പരാമർശം ഉണ്ട്.
ചൈന ഭരിച്ചിരുന്ന ഘടാൽഘടികൻമാർ ആയിരുന്ന ഹാൻ രാജാക്കന്മാരുടെ തിരു സന്നിധിയിൽ പ്രജകൾക്ക് മൊഴിയണം എങ്കിൽ വായിൽ ഗ്രാമ്പൂ ചവച്ചിട്ടു മാത്രമേ കഴിയുമായിരുന്നുള്ളൂ അത്രേ. വായിൽ നിന്നും ദുർഗന്ധം രാജ സന്നിധിയിൽ പരക്കാതിരിക്കാൻ ആയിരുന്നു അത്. അന്ന് Promise, Close up പൽക്കുഴമ്പുകൾ ഇല്ലായിരുന്നല്ലോ. എന്തായാലും അന്നത്തെ പോലെ ഇന്നും ഏറ്റവും കൂടുതൽ ഗ്രാമ്പൂ ഉൽപ്പാദിപ്പിക്കുന്നത് ഇന്തോനേഷ്യ, ടാൻസാനിയ, സാൻസിബാർ, മഡഗാസ്കർ എന്നീ രാജ്യങ്ങൾ തന്നെ.ഗ്രാമ്പൂവിന്റെ സവിശേഷ മണത്തിനും രുചിക്കും കാരണം അതിൽ അടങ്ങിയിരിക്കുന്ന യുജിനോൾ ആണ്. Perfumery വ്യവസായത്തിലും ഒക്കെ അത് ഉപയോഗിക്കുന്നു.
ഇന്തോനേഷ്യയിൽ വ്യാപകമായി പ്രചാരത്തിലുള്ള Kretek എന്ന സിഗററ്റ്, ഗ്രാമ്പൂവും പുകയിലയും നിശ്ചിത അനുപാതത്തിൽ ചേർത്താണ് ഉണ്ടാക്കുന്നത്. അവിടെ സ്ത്രീകളും യഥേഷ്ടം ഇത് വലിക്കുന്നു.(online ൽ ലഭ്യമാണ് ).ചൈനീസ് പാചകത്തിൽ ഉപയോഗിക്കുന്ന പ്രധാന ചേരുവയാണ് ഫൈവ് സ്പൈസ് പൌഡർ (Five Spice Powder).കറുവപ്പട്ട, പെരുംജീരകം, തക്കോലം, ഗ്രാമ്പൂ, സിചുവാൻ പെപ്പെർ കോൺ എന്ന നാരക വർഗ്ഗത്തിൽ പെടുന്ന ചെടിയുടെ കായ )എന്നിവയാണ് FSP യുടെ ചേരുവകൾ.
വീട്ടിൽ ഒരു ഗ്രാമ്പൂ
ദ്വീപ സമൂഹങ്ങളിൽ ആണ് ഗ്രാമ്പൂ നന്നായി വളർന്നു കാണുന്നത്. അതിനാൽ കേരളവും യോജിച്ച സ്ഥലം തന്നെ. വീട്ടിൽ ഒരു ഗ്രാമ്പൂ നാടൻ മറക്കേണ്ട. അൽപ സ്വല്പം തണൽ ഇതിനു നല്ലതാണ്.കൊല്ലം ജില്ലയിലെ അമ്പനാട് എസ്റ്റേറ്റ് ആണ് വാണിജ്യാടിസ്ഥാനത്തിൽ ഗ്രാമ്പൂ കൃഷി ചെയ്യുന്ന സ്ഥലം. ഒന്ന് ഒന്നര വർഷം പ്രായമായ തൈകൾ പറിച്ചു നടാം.സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ ഗ്രാമ്പു നന്നായി വളരുന്നു. വർഷത്തിൽ 150-250 സെ.മീറ്റർ മഴയും ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യമാണ്. ബാഷ്പസാന്ദ്രിതമായ ഉഷ്ണമേഖല കാലാവസ്ഥയാണു ഇതിന്റെ കൃഷിക്കു യോജിച്ചത്. കേരളത്തിൽ കടൽത്തീരങ്ങളിൽ മുതൽ സഹ്യാദ്രിശൃംഗങ്ങളിൽ വരെ ഗ്രാമ്പു നന്നായി വളരുന്നു. നല്ല ആഴവും വളക്കൂറും നീർവാർച്ചയുമുള്ള എക്കൽ മണ്ണാണു കൃഷിക്കു യോജിച്ചത്.ശക്തിയായ കാറ്റിൽ നിന്നും സംരക്ഷണം നൽകണം. നല്ല തണലിൽ നന്നായി ഗ്രാമ്പു വളരുന്നു. എന്നാൽ കൂടുതൽ വെയിലും കൂടുതൽ തണലുമുള്ള പ്രദേശങ്ങൾ ഒഴിവാക്കുന്നതാണുത്തമം. തണൽ കൂടിയാൽ വളർച്ചയ്ക്കു തടസം നിൽക്കുന്നു. കൂടാതെ മൊട്ടിടാനും വൈകുന്നു. തെങ്ങിനിടയിൽ കൃഷി ചെയ്യാൻ ഗ്രാമ്പു വളരെ യോജിച്ചിരിക്കുന്നു.
വിത്തും വിതയും
സാധാരണയായി ഗ്രാമ്പു കൃഷി ചെയ്യുന്നത് വിത്തു പാകി മുളപ്പിച്ച് തൈകളുണ്ടാക്കിയാണ്. നല്ലപോലെ വിളഞ്ഞു പാകമായ കായ്കളിൽ നിന്നുള്ള വിത്തുകളാണ്. തൈകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. സ്ഥിരമായി കായ്ക്കുന്നതും ധാരാളം വിളവുതരുന്നതുമായ മാതൃവൃക്ഷങ്ങളിൽ നിന്നുള്ള കായ്കൾ ശേഖരിച്ചുവേണം വിത്തായി ഉപയോഗിക്കാൻ. ശേഖരിച്ച കായ്കൾ ഒന്നോ രണ്ടോ ദിവസം വെള്ളത്തിലിട്ടു കുതിർത്തശേഷം പുറന്തൊലി നീക്കം ചെയ്യണം.
നല്ല തണലും വളക്കൂറും നീർവാർച്ചയുമുള്ള സ്ഥലം വേണം വിത്തു പാകാൻ തവാരണ നിർമിക്കുവാൻ വേണ്ടി തിരഞ്ഞെടുക്കുന്നത്. ഒന്നേകാൽ മീറ്റർ വീതിയിലും 15 സെ. മീറ്റർ പൊക്കത്തിലും സൗകര്യമായ നീളത്തിലും തവാരണകൾ എടുക്കണം. വിത്തുകൾ 12-15 സെ. മീ. അകലത്തിലും 2-3 സെ. മീറ്റർ ആഴത്തിലും പാകണം. ദിവസവും നനയ്ക്കേണ്ടതാണ്. നനവു കൂടാനും ഉണക്കുബാധിക്കാനും പാടില്ല. തൈകൾ 12-15 സെ. മീറ്റർ അകലത്തിലും 2-3 സെ. മീറ്റർ ആഴത്തിലും പാകണം. ദിവസവും നനയ്ക്കേണ്ടതാണ്. നനവു കൂടാനും ഉണക്കു ബാധിക്കാനും പാടില്ല, തൈകൾ 12-18 മാസം പ്രായമായാൽ അവ പറി ച്ചുനടാം. അത്രയും കാലം തവാരണയിൽ തന്നെ സൂക്ഷിക്കാതെ ഇളക്കി പോളിത്തീൻ കൂടിനുള്ളിൽ പോട്ടിങ് മിക്സ്ചർ നിറച്ച് അതിൽ നടുന്ന രീതിയും പലരും സ്വീകരിച്ചു വരുന്നു.
നടീൽ
രണ്ടടി നീളം, വീതി, ആഴം ഉള്ള കുഴികൾ എടുത്തു ജൈവ വളങ്ങൾ നിറച്ചു കുഴി മൂടി വേണം തൈകൾ നടാൻ. ഈ മാസം തൈകൾ നടാൻ ഉത്തമം.25 കൊല്ലത്തിനു മേൽ പ്രായമുള്ള തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായി കൃഷി ചെയ്യാം. 7-8 കൊല്ലമാകുമ്പോൾ കായ്ക്കാൻ തുടങ്ങും.തവാരണകളിൽ നിന്നും ഇളക്കി പ്രധാന കൃഷിസ്ഥലത്തു നടുന്നതിനു ഒരുമാസം മുമ്പ് 6 മീറ്റർ വീതം വരികൾ തമ്മിലും ചെടികൾ തമ്മിലും അകലം നൽകി 45 സെ. മീറ്റർ വീതം നീളം, വീതി, താഴ്ച എന്ന അളവിൽ കുഴിയെടുത്ത് അതിൽ മേൽമണ്ണും കമ്പോസ്റ്റും കലർത്തി നിറയ്ക്കണം. 18 മാസം പ്രായമായ തൈകൾ മഴക്കാലത്ത് മേയ്-ജൂൺ, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടണം. നടാൻ തയാറാക്കിയിട്ടുള്ള കുഴികളുടെ മധ്യഭാഗത്തായി ചെറുകുഴികളെടുത്ത് അതിനുള്ളിൽ തൈകൾ നടണം. വേനലിലും മഴയില്ലാത്തപ്പോഴും നനയ്ക്കേണ്ടതാണ്. ആവശ്യമെങ്കിൽ തൈകൾക്കു തണൽ നൽകണം. വാഴ ഇടവിളയായി കൃഷിചെയ്തു അതിന്റെ തണൽ കൊടുത്താലും മതി.തെങ്ങിൻ തോപ്പിൽ ഇടവിളയായി വളർത്താൻ യോജിച്ച ഒരു വിളയാണു ഗ്രാമ്പൂ.
വളപ്രയോഗം
കാലിവളമോ കമ്പോസ്റ്റോ മരമൊന്നിന് വർഷത്തിൽ 15 കി. ഗ്രാം എന്ന തോതിൽ മേയ്-ജൂൺ മാസത്തിൽ ചേർക്കണം. കൂടെ ആദ്യവർഷം 45 ഗ്രാം യൂറിയായും 100 ഗ്രാം സൂപ്പർഫോസ്ഫേറ്റും 85 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും ചേർക്കേണ്ടതാണ്. രണ്ടാം വർഷം രാസവളങ്ങൾ ഇരട്ടിക്കണം. ഇതു ക്രമമായി വർധിപ്പിച്ച് 15 വർഷം പ്രായമാകുമ്പോൾ 650 ഗ്രാം യൂറിയായും 1390 ഗ്രാം സൂപ്പർ ഫോസ്ഫേറ്റും 1245 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകണം. രാസവളങ്ങൾ രണ്ടു തുല്യ ഗഡുക്കളായി മേയ്-ജൂണിലും സെപ്റ്റംബർ-ഒക്ടോബറിലും നൽകണം. ചെടിയുടെ ചുവട്ടിൽ നിന്നും 1-1.25 മീറ്റർ അകലത്തിൽ ആഴം കുറച്ചു വേണം രാസവളം ചേർക്കാൻ. വളം ചേർത്തു കഴിഞ്ഞാലുടൻ നനക്കേണ്ടതാണ്. ഗ്രാമ്പുവിന്റെ വേരുകൾ വളരെ ദുർബലങ്ങളായതുകൊണ്ട് വളം നൽകിയ ശേഷം നനയ്ക്കാതിരുന്നാൽ വേരുകൾ നശിച്ചുപോകുന്നതാണ്.
വിളവെടുപ്പും സംസ്കരണവും Harvesting and processing
ഗ്രാമ്പു മൊട്ടുകൾക്ക് ചുവപ്പു നിറം ഉണ്ടാകുന്നതാണ് പറിക്കാൻ കാലമായി എന്നതിന്റെ ലക്ഷണം. ഓരോ പുട്ടും പ്രത്യേകം ഓരോന്നായി പറിച്ചെടുക്കണം. അതും പല പ്രാവശ്യമായി മാത്രമേ വിളവെടുക്കാൻ കഴിയുന്നുള്ളു. ഉണങ്ങിയ ഗ്രാമ്പുവിന്റെ ഗുണമേന്മ നിശ്ചയിക്കുന്നതിൽ പൂമൊട്ടിന്റെ മൂപ്പ് പ്രധാനമാണ്. വിപണിയിൽ, വിടർന്ന പൂക്കൾക്ക് വില കുറവാണ്. മൂപ്പെത്താത്ത പൂമൊട്ടിനു ഗുണം വളരെ കുറയുകയും ചെയ്യുന്നു.പൂമൊട്ടുകൾക്ക് ആദ്യം പച്ചനിറമായിരിക്കും. പിന്നെ പച്ചകലർന്ന ഇളം മഞ്ഞനിറമായി മാറും. പറിക്കാൻ പാകമാകുമ്പോൾ ഇളം ചുവപ്പു നിറമാകുന്നു.മരത്തിൽ കയറി കൈകൊണ്ടു പതുക്കെ പൂമൊട്ടുകൾ നുള്ളിയെടുക്കുകയാണു പതിവ്. ഇളം തണ്ടുകൾ ഒടിച്ചുകളയാതെ വേണം ഇതു ചെയ്യുവാൻ വലിയ മരത്തിൽ തോട്ടികെട്ടി ഇളം തണ്ടുകൾ പിടിച്ചു ചായ്ച്ചു പറിച്ചെടുക്കണം,
പറിച്ചെടുത്ത മൊട്ടുകൾ ഇലയും തണ്ടും വേർപെടുത്തി വൃത്തിയാക്കണം. അതിനുശേഷം പായിലോ, ചാക്കിലോ നിരത്തി വെയിൽ കൊള്ളിക്കുന്നു. ഒരാഴ്ച നല്ലവണ്ണം വെയിൽ കൊണ്ടു കഴിയുമ്പോൾ പൂമൊട്ടുകൾ പാകമാകുന്നു. വെയിൽ കൊള്ളിച്ചു ഉണക്കിക്കഴിയുമ്പോൾ തൂക്കം മൂന്നിലൊന്നായി കുറയുന്നു. ഉണക്കിക്കഴിഞ്ഞാൽ അവ ചാക്കിലാക്കണം. നല്ല പാകമെത്തിയ ഗ്രാമ്പുവിന് തിളക്കമുള്ള തവിട്ടു നിറവും ചെറിയ പരുപരപ്പും കാണുന്നു. അതിൽ സാധാരണ ഉണങ്ങുമ്പോഴുണ്ടാകുന്ന ചുളിവുകൾ കാണുന്നില്ല. കായ്കൾ കറുത്തു പോയാൽ വില കുറയും. ഒരു മരത്തിൽ നിന്നും 2.5 മുതൽ 10 കി. ഗ്രാം വരെ ഉണങ്ങിയ ഗ്രാമ്പു ലഭിക്കുന്നു. ഒരു ചെടിയിൽ നിന്നും 80 വർഷം വരെ വിളവെടുപ്പ് നടത്താവുന്നതാണ്
പൂമൊട്ടു വിടരുന്നതിന് തൊട്ടു മുൻപ് വിളവെടുക്കണം. പൂ വിരിഞ്ഞാൽ ഗുണമേന്മ കുറയും. വിളവെടുത്ത മൊട്ടുകൾ വെയിലിൽ 4-5ദിവസം ഉണങ്ങുമ്പോൾ വിപണന യോഗ്യമാകും. തൂക്കം മൂന്നിൽ ഒന്നാകും.വിളവെടുക്കുമ്പോൾ കിട്ടുന്ന പൂത്തണ്ടുകളും പൊടിച്ചു തൈല നിർമാണത്തിന് ഉപയോഗിക്കാം. ഗ്രാമ്പൂവിന്റെ ഇലകൾ വാറ്റിയും തൈലം എടുക്കും. Clove bud oil, Clove Stem oil, Clove Leaf Oil എന്നീ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാറുണ്ട്.
വാൽകഷ്ണം :സാൻസിബാറിൽ ഒരു പുതിയ കുട്ടി ജനിക്കുമ്പോൾ അവർ ഒരു ഗ്രാമ്പൂ മരം നടുമത്രേ. നമ്മൾ 10 VSOP പൊട്ടിക്കും.
പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ
Share your comments