പ്രമോദ് മാധവൻ
ഇഞ്ചി വേണ്ടാത്ത വീടുണ്ടോ?
പണ്ഡിതാഗ്രേസേരനായ വരരുചിയ്ക്കു ഊണിനു നൂറു കറി വേണം എന്ന് അദ്ദേഹം 'കറി ചലഞ്ച്'
നടത്തിയപ്പോൾ സധൈര്യം അത് ഏറ്റെടുത്തു ഇഞ്ചിക്കറി ഉണ്ടാക്കി അദ്ദേഹത്തിന്റെ നല്ല പാതി ആയ പഞ്ചമിയുടെ പിൻ തലമുറക്കാരല്ലേ നമ്മൾ.
എന്നാ അങ്ങട് ഇഞ്ചി നടാൻ ഒരുങ്ങാം.
ഏറ്റവും കൂടിയ വില ഇഞ്ചിക്ക് കിട്ടുന്നത് ഓണക്കാലത്ത്. കിലോയ്ക്ക് 200രൂപ വരെ. മനസ്സ് വച്ചാൽ ഒരു തടത്തിൽ നിന്നും ഒരു കിലോ ഇഞ്ചി വെറും ചീള് കേസ്.
ഇഞ്ചി കൃഷി മഴയെ ആശ്രയിച്ചു ചെയ്യേണ്ടത് കാർത്തികക്കാലിൽ. മെയ് 11മുതൽ 24 വരെ ഉള്ള സമയം.
ഇപ്പോൾ ചെയ്യുന്നത് നന ഇഞ്ചി. വയലുള്ളവർക്കു എളുപ്പം.
നല്ല വിത്ത് കിട്ടുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മൃദു ചീയൽ എന്ന രോഗം ഇല്ലാത്ത തോട്ടത്തിൽ നിന്നും ആയിരിക്കണം വിത്ത് എടുക്കേണ്ടത്.
വലിയ പാടാണ്. കാരണം ഈ രോഗം ഇഞ്ചിയുടെ കൂടെ പിറപ്പാണ്.
പിന്നെയെന്താ വഴി ?
എടുക്കുന്ന വിത്ത് Mancozeb എന്ന കുമിൾ നാശിനി പ്പൊടി (3ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ )
കലക്കിയ വെള്ളത്തിൽ അര മണിക്കൂർ മുക്കിയിട്ടു വെള്ളം വാർന്നതിനു ശേഷം നടാം. വലിയ അപകടകാരിയല്ല Mancozeb.
നടാനുള്ള സ്ഥലം തുറസ്സായ, അത്യാവശ്യം വെയിൽ കിട്ടുന്ന ഇളക്കമുള്ള മണ്ണായിരിക്കണം.
അല്പ സ്വല്പം തണൽ ഇഞ്ചിയങ്ങു സഹിക്കും.
മണ്ണ് നന്നായി കിളച്ചു കട്ടയുടച്ചു സെന്റിന് 2കിലോ കുമ്മായം ചേർത്ത് ഇളക്കി 15-20cm ഉയരമുള്ള വാരം /പണ കോരണം. വെള്ളം അല്പം പോലും കെട്ടി നിൽക്കാതിരിക്കാൻ ആണിത്.
മണ്ണിൽ കിഴങ്ങു വളർച്ചയ്ക്കുള്ള ഉലർച്ച(looseness) കിട്ടുകയും ചെയ്യും. കുമ്മായം ചേർത്ത് പുട്ടുപൊടി പരുവത്തില് നനച്ചു കരിയിലകൾ കൊണ്ട് പുതിയിട്ടു രണ്ടാഴ്ച മണ്ണ് അമ്ല സംഹാരത്തിനായി ഇടണം.
അതിനു ശേഷം കുമിൾ മിത്രമായ ട്രൈക്കോഡെര്മ -അഴുകി പൊടിഞ്ഞ ചാണകപ്പൊടി -പൊടിച്ച വേപ്പിൻ പിണ്ണാക്ക് എന്നിവ 1:90:10എന്ന അനുപാതത്തിൽ കലർത്തി അതിൽ നിന്നും ഓരോ പിടി ഓരോ തടത്തിലും ചേർക്കണം. മൃദു ചീയൽ ഉണ്ടാക്കാൻ വരുന്ന Pythium എന്ന കുമിളിനു മുട്ടൻ പണി കൊടുക്കാൻ വേണ്ടിയാണു ഇത്. ഇല്ലാച്ചാൽ മുട്ടൻ പണി മേടിക്കാൻ തയാറാവ്വ്വ.
മണ്ണിൽ കൊടുക്കുന്ന ജൈവ വളങ്ങൾ ആണ് തുടർന്നുള്ള ആറേഴു മാസത്തേക്ക് മണ്ണിനെ ലൂസാക്കി നിർത്തേണ്ടത്. സെന്റിന് 100കിലോ വച്ചു ചാണകപ്പൊടിയും കട്ടയ്ക്കു കരിയിലകൾ കൊണ്ടുള്ള പുതയും അനിവാര്യം. കാഞ്ഞിരം, വേപ്പ് എന്നിവ യുടെ തോലാണ് പഥ്യം. നല്ല തണുപ്പ് കിട്ടാൻ ഇത് സഹായിക്കും.
രണ്ടു തടങ്ങൾ തമ്മിൽ കാലടി എന്ന് പഴം ജൻ. 20-25cm എന്ന് ന്യൂജൻ. ഒക്കെ അവനവന്റെ ഇഷ്ടം. അകലത്തിൽ നട്ടാൽ വിളവ്, അടുത്ത് നട്ടാൽ അഴക് എന്ന് പാണന്മാർ.
വിത്ത് കാശോളം മതി. ഒന്നോ രണ്ടോ മുളയുള്ള കുഞ്ഞ് കഷ്ണം വിത്ത് പോതും. ഇതിൽ ഒരു മുളയിൽ നിന്നായിരിക്കും അവന്റെ പെരുക്കം.
കാർത്തികക്കാൽ
കാലടിയകലം
കരിമ്പടപ്പുതപ്പ്
കാശോളം വിത്ത്
കാഞ്ഞിരത്തോൽ
കാനൽപ്പാട്
എന്ന് പഴമൊഴി.
പഴംചൊല്ലിൽ പതിരുണ്ടെങ്കിൽ പള്ളിയിൽ പോയി പറഞ്ഞാൽ മതി എന്ന് പറയാൻ ഞാൻ ആളല്ല .
കരിയിലകൾ കൊണ്ട് പുതയിട്ടു മിതമായി നനയ്ക്കാം. തെങ്ങോലകൾ മലർത്തി കരിയിലയ്ക്ക് മുകളിൽ വിരിക്കാം. പണയുടെ രണ്ടറ്റത്തും ഓരോ ഉണ്ടമുളകും നടാം. (മുളക് നനയുമ്പോൾ ഇഞ്ചിയും നനയും
മുളച്ചു തുടങ്ങിയാൽ പച്ച ചാണകം കലക്കി ഒഴിക്കാം. കരിയിലകൾ ദ്രവിച്ചു ചേരുന്നതിനു അനുസരിച്ചു വീണ്ടും ചേർത്ത് കൊടുത്താൽ അവരവർക്കു കൊള്ളാം.
മാലപ്പടക്കം പൊട്ടുന്നത് പോലെ ചിനപ്പുകൾ പൊട്ടണം. മണ്ണിനടിയിൽ ഇഞ്ചിപ്പെരുക്കത്തിന്റെ ആരവമാണത്.
മഴ തുടങ്ങിയാൽ പണയിലെ മണ്ണ് ഒലിച്ചു പോകും. അത് വടിച്ചു വീണ്ടും കോരി പനയിൽ ചേർക്കണം. കിഴങ്ങു തെളിഞ്ഞു കാണരുത്.
സ്യൂഡോമോണസ് കലക്കി ഇടയ്ക്കിടെ ഒഴിക്കാം.
ഹരിത കുണപ ജലം/വളചായ എന്നിവ വല്ലപ്പോഴും അൽപ സ്വല്പം NPK മുളച്ചു പൊന്തുമ്പോൾ ചേർത്ത് മണ്ണു കയറ്റിയ്‌ക്കൊടുത്താല് കേമായി.
ആർത്തു വളരുന്ന ഇഞ്ചിതണ്ടുകൾ തിന്നാൻ അവൻ, തണ്ട് തുരപ്പൻ വരും. കരുതിയിരിക്കണം.
പച്ചക്കറി ആവശ്യത്തിന് ആറ് മാസമാകുമ്പോൾ വിളവെടുക്കാം. പക്ഷെ വിതാവശ്യത്തിനു എട്ടു മാസം എങ്കിലും എടുക്കും.
വരദ, രജത, മഹിമ, മാരൻ, വയനാടൻ, മാനന്തോടി എന്നിവർ വിത്തിൽ കേമന്മാരും കേമികളും.
നാടൻമാരും ഉണ്ട്.
ഒരു കിലോ വിത്തിനു 15കിലോ എങ്കിലും പെരുക്കം വിളവെടുക്കുമ്പോൾ കിട്ടിയാൽ നിങ്ങൾ കർഷകശ്രീ.
ജൈവ കൃഷിക്ക് ഏറ്റവും ഇണങ്ങിയവൻ ഇഞ്ചി. ഇഞ്ചി കൃഷി ചെയ്തു കോടികൾ ഉണ്ടാക്കിയവരും കുത്തുപാള എടുത്തവരും എത്ര?
ഒക്കെ ഓരോ തലവിധി. ഒരു കൊല്ലം നല്ല വിളവ് കിട്ടുമ്പോൾ എല്ലാവരും ഇഞ്ചിക്ക് പിന്നാലെ പായും. മുൻപേ ഗമിക്കുന്ന ഗോവ് തന്റെ പിൻപേ ഗമിക്കും ബഹു ഗോക്കളെല്ലാം. മലയാളി ചില സമയങ്ങളിൽ ബഹാകിലുക്കി ക്ഷമിക്കണം 'ബഹു ഗോക്കൾ'ആണ്.
നോക്കീം കണ്ടും ഒക്കെ വിളവിറക്കുക. വില സ്ഥിരത ഇല്ല എന്നറിയാമല്ലോ.
ഉള്ളപ്പോൾ ഓണം ഇല്ലാത്തപ്പോൾ ഏകാദശി.
എന്നാൽ അങ്ങട്.
പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ
Share your comments