പ്രമേഹവും പലവിധ വൈറൽ രോഗങ്ങളും ലോകം കീഴടക്കുമ്പോൾ ഇവയ്ക്ക് പ്രതിവിധി തേടുന്ന ശാസ്ത്രലോകത്തിന് ഭാവിയിൽ ഒരല്പം ആശ്വാസവുമായി എത്തുന്നത് ചിലപ്പോൾ കിരിയാത്തുപോലുള്ള ഔഷധസസ്യമായിരിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതുമായി ബന്ധപ്പെട്ട പരീക്ഷണ നിരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ജൈവകൃഷിയിലും കിരിയാത്തിന് പ്രത്യേക സ്ഥാനമുണ്ട്.
ഏതാണ്ട് ഒരു മീറ്റർ പൊക്കത്തിൽ വരെ പടർന്നു വളരുന്ന ഒരു ഏകവർഷി സസ്യമായ കിരിയാത്തിന്റെ ഇലയ്ക്ക് കയ്പുരസമാണ്. ചരലും ജൈവാംശവും കൂടുതലുള്ള നന വാർന്ന മണ്ണിൽ കിരിയാത്ത് സമൃദ്ധമായി വളരുന്നു. കേരളത്തിന്റെ കാലാവസ്ഥയിൽ കാലവർഷാരംഭത്തോടുകൂടി വളർച്ച ശക്തിപ്രാപിക്കുകയും വേനലിന്റെ വരവോടുകൂടി പൂത്തു കായ്കളുണ്ടായി നശിക്കുകയും ചെയ്യുന്നു.
ഈ വിത്തുകൾ ജലലഭ്യതക്കനുസരിച്ച് മുളച്ച് തൈകളാകുന്നു. എന്നാൽ ചെറിയ തോതിൽ ജലസേചനം നടത്തുകയാണെങ്കിൽ കാലഭേദമില്ലാതെ കിരിയാത്ത് വളർത്താം. ഔഷധസസ്യം എന്നതിലുപരി കീടനാശിനി സ്വഭാവം ഉള്ളതിനാൽ കൃഷിസ്ഥലങ്ങളിലും, ഉദ്യാനങ്ങളിലും വീടിന്റെ പാർശ്വത്തിലും വളർത്താവു ന്നതാണ്.
കൂടാതെ മൺചട്ടികളിലും മണ്ണു നിറച്ച ചാക്കുകളിലും ആയാസരഹിതമായി വളർത്താൻ യോജിച്ച ഒരു ഔഷധസസ്യമാണ് കിരിയാത്ത്. നട്ട് അഞ്ചോ ആറോ മാസം പ്രായമായാൽ ഇലകൾ തണ്ടുകളോടുകൂടി മുറിച്ചെടുത്ത് ഉപയോഗിച്ചു തുടങ്ങാം.
ഔഷധ ഉപയോഗങ്ങൾ
കിരിയാത്ത്, കുരുമുളക്, മല്ലി, മൈലാഞ്ചി വേര് സമം ചേർത്ത് കഷായം വെച്ച് കഴിച്ചാൽ മഞ്ഞപിത്തം മാറും.
കിരിയാത്തും കുരുമുളകും കഷായം വെച്ച് കഴിച്ചാൽ പനിമാറും
കിരിയാത്ത് നിഴലിലുണക്കി പൊടിച്ചതും തുല്യ അളവുകളിൽ ഗ്രാമ്പു, ഏലക്ക, ഇലവംഗം എന്നിവ പൊടിച്ചതും ചേർത്തു കഴിച്ചാൽ ഉദരവായുശമിക്കും.
കിരിയാത്ത് കഷായം വെച്ചു കുടിക്കുന്നത് പ്രമേഹരോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും
Share your comments