പലരുടെയും വീട്ടുമുറ്റത്ത് അലങ്കാരച്ചെടി എന്ന രൂപേണ വെച്ചുപിടിപ്പിച്ചിരിക്കുന്ന കെട്ടിലും മട്ടിലും വാഴയെ പോലെ തോന്നിക്കുന്ന ഒരു ചെടി നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും. ആകാശമുട്ടെ വളർന്നു നിൽക്കുന്ന ഇലകൾ ഒഴിച്ച് ബാക്കി എല്ലാംവാഴയ്ക്ക് സമം. യഥാർത്ഥത്തിൽ ഇത് വാഴ തന്നെ അല്ലെ എന്ന് നിങ്ങൾ സംശയിച്ചു കാണും. ഇതാണ് മലവാഴ. കാട്ട് വാഴയെന്നും കല്ലു വാഴയെന്നും പ്രാദേശിക പേരുകളിൽ അറിയപ്പെടുന്നതും ഇത് തന്നെ. "മ്യൂസേസി" കുടുബത്തിൽപ്പെട്ട ഈ വാഴയുടെ ശാസ്ത്രിയ നാമം "എൻസെറ്റ സൂപ്പർബം" എന്നാണ്. നല്ല വീതി കൂടിയ ഇലകളും കട്ടികൂടിയ തണ്ടുമാണ് പ്രത്യേകത. അലങ്കാരസസ്യം മാത്രമല്ല മലവാഴ മികച്ച ഒരു ഔഷധ സസ്യംകൂടിയാണ്. പശ്ചിമഘട്ട മലനിരകളിൽ സമൃദ്ധമായി കല്ലുവാഴ കാണപ്പെട്ടുന്നു.
മണ്ണ് കുറവുള്ള ഇടങ്ങളിലും, ഏതു പാറയിടുക്കുകളിലും വളരാനുള്ള അസാമാന്യ കഴിവുണ്ട് ഇതിന്. ഈ കാരണം തന്നെയാണ് കല്ലുവാഴ എന്ന് പേര് ലഭിക്കാനുള്ള കാരണവും. ഇതിന്റെ വാഴപ്പഴത്തിൽ കാഴ്ചയിൽ കല്ല് പോലെ തോന്നിക്കുന്ന കറുത്ത വിത്തുകൾ കാണാം. ഈ വിത്തുകൾ തന്നെ ആണ് തൈ ഉത്‌പാദനത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നത്. പലകാരണത്താൽ വൈവിധ്യങ്ങളുടെ വാഴ ലോകത്ത് കല്ല് വാഴ കേമനാണ്. ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. കണ്ണൂർ ജില്ലയില കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ നുറ്റാണ്ടുകളായി പ്രസാദംവിളമ്പാനും അന്നദാനം നടത്തുന്നതിനും ഈ ഇല മാത്രമേ ഉപയോഗിക്കാറുള്ളൂ. ഒത്തിരി പേർക്ക് ഇത് ഒരു തൊഴിലവസരം സൃഷ്ടികുന്നുവെന്ന കാര്യം പറയാതിരിക്കാൻ വയ്യ. ചെടിച്ചുവട്ടിൽ നിന്ന് നീലാകാശത്തേക്ക് വളർന്ന് നിൽക്കുന്ന ഇതിന്റെ ഇലകൾക്ക് 12 cm വരെ ഉയരമുണ്ട്. മൂന്ന് മാസത്തിൽ ഒരില വച്ചാണ് വളരുന്നത്. ഒരില മുറിച്ചാൽ 25 പേർക്ക് സദ്യ ഉണ്ണാം. ഇന്നത്തെ കാലത്ത് വിവാഹത്തിനും മറ്റു ആവശ്യങ്ങൾക്കും വേണ്ടി ധാരാളം ഇല വേണ്ടിവരുന്നത് കൊണ്ട് വാണിജ്യ ആവശ്യത്തിന് കല്ല് വാഴ വെച്ച് പിടിപ്പിക്കുന്നവർ കേരളത്തിൽ അനേകമാണ്. മറ്റു വാഴകളെ പോലെ കാര്യമായ പരിചരണം ഒന്നും വേണ്ട ഇതിനെന്ന കാര്യവും എടുത്തു പറയണം. ഏതു തരിശു ഭൂമിയിലും നമുക്ക് ഈ വാഴ കൃഷി ആദായകരമാക്കാം.
ഇതിന്റെ ഔഷധപ്രാധാന്യം കണക്കിലെടുത്താൽ മറ്റു വാഴകളേക്കാൾ വളരെ മുൻപിലാണ് ഇവ. പഴത്തിനുള്ളിൽ കാണപ്പെടുന്ന കറുത്ത അരികൾ പല രോഗങ്ങൾക്കും ഉത്തമ പ്രതിവിധിയാണ്. ഇതിന്റെ പഴം ഭക്ഷ്യയോഗ്യം ആണെങ്കിലും പലരും ഇത് കഴിക്കാൻ താൽപ്പര്യപ്പെടാത്തതിന് കാരണം കല്ല് പോലുള്ള ഈ വിത്തുകളുടെ സാന്നിധ്യമാണ്. ഒരു പഴത്തിൽ ഏകദേശം 25 വിത്തുകൾ വരെ കാണാം. ഈ വിത്തുകൾ പൊടിച്ചു ആട്ടിന്പാലിൽ ചേർത്ത് കഴിച്ചാൽ മൂത്രക്കല്ല്, അർശസ്സ്, വെള്ളപോക്ക് എന്നിവ മാറിക്കിട്ടും. ഒരു കിലോ വിത്തിന് വിപണിയിൽ 500 രൂപ വരെ വില കിട്ടും. ഇതിന്റെ പോള മുറിച്ചു അതിൽ നിന്ന് ഊറി വരുന്ന പശപോലുള്ള ദ്രാവകം പുരട്ടുന്നത് മുറിവ് ഉണക്കാൻ ഏറെ നല്ലതാണ്. മറ്റു വാഴകളെ പോലെ ചുവട്ടിൽ നിന്ന് കന്നുകൾ വളർത്താൻ ഇതിന് ശേഷിയില്ല. വിത്ത് മുളച്ചു മാത്രമാണ് തൈ ഉത്പാദനം സാധ്യമാക്കുകയുള്ളു . വാഴ വച്ച് രണ്ടര വർഷം ആവുമ്പോഴേക്കും ഇത് കുലക്കും. ആറേഴു മാസത്തിനുളിൽ കുല വിളഞ്ഞു പാകമാകും.
പഴത്തിന് അതിമധുരമാണ്. ഒരിക്കൽ കുലച്ചാൽ അതോടു കൂടി വാഴ നശിക്കുമെന്ന കാര്യം കൂടി ഓർക്കുക. നല്ല വലിപ്പമുള്ള കായകൾ ആണ് ലഭ്യമാകുകയുള്ളു. ചുവപ്പ് നിറത്തിലുള്ള വാഴക്കൂമ്പും പടലയെ പൊതിഞ്ഞു സൂക്ഷിക്കുന്ന വാഴയിലയുടെ കഞ്ചുകവും കാണാൻ അതിമനോഹരമാണ്. പലരുടെയും വീട്ടുമുറ്റത്ത് ഇത് സ്ഥാനം പിടിക്കുന്നതിന് കാരണവും ഇതുതന്നെ. മണ്ണിലേക്ക് ഇതിന്റെ വേരുകൾ നല്ലപോലെ ആഴ്ന്നു ഇറങ്ങുന്നത് കൊണ്ട് ശക്തമായ കാറ്റു വീഴ്ച്ച പോലും ഇതിനെ ബാധിക്കില്ല. മറ്റു കാലങ്ങളെ അപേക്ഷിച്ചു മഴക്കാലത്തു ഇത് നന്നായി വളരും. ആഗോളവിപണിയിൽ ഇതിന്റെ വിത്തുകൾക്ക് മൂല്യം കൂടുതൽ ആയതു കൊണ്ടും, വാഴയിലയ്ക്ക് ആവശ്യക്കാർ ഏറെ ആയതിനാലും കല്ലുവാഴ ഈ സസ്യലോകത്തു നിന്ന് തന്നെ അകന്നുപോയിക്കൊണ്ടിരുകയാണ് . അതിനാൽ ഇതിന്റെ പ്രാധാന്യം മനസിലാക്കി കല്ലുവാഴക്കൃഷി ചെയ്താൽ വൻ നേട്ടം കൊയ്യാം. ഇത്തരം അപൂർവയിനം വാഴകൾ ഇന്നലകളിലെ ഓർമചിത്രം ആകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കൂടെ കടമയാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അറിയുമോ കശുവണ്ടിപ്പരിപ്പിനേക്കാൾ പോഷക ഗുണമുള്ള കശുമാങ്ങയെ?
Share your comments