1. Vegetables

ഓണക്കൃഷിക്ക് തയ്യാറെടുക്കാൻ സമയമായി : വിത്തിട്ട് തുടങ്ങാം

പച്ചക്കറി കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ വില ലഭിക്കുന്ന സമയം ഓണക്കാലമാണ്. വളരെ ആസൂത്രിതമായി കൃഷിയിറക്കുന്നവര്‍ക്ക് മാത്രമേ യഥാസമയം വിളവെടുക്കാന്‍ കഴിയാറുള്ളൂ.

Arun T

പച്ചക്കറി കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ വില ലഭിക്കുന്ന സമയം ഓണക്കാലമാണ്. വളരെ ആസൂത്രിതമായി കൃഷിയിറക്കുന്നവര്‍ക്ക് മാത്രമേ യഥാസമയം വിളവെടുക്കാന്‍ കഴിയാറുള്ളൂ. ശാസ്ത്രീയമായി കൃഷി ചെയ്യാനൊരുങ്ങുകയാണെങ്കില്‍ വിത്തിടുന്നതിന്/തൈ നടുന്നതിന് രണ്ടാഴ്ച മുമ്പ് നിലമൊരുക്കല്‍ തുടങ്ങണം. നല്ല വെയില്‍ കിട്ടുന്ന സ്ഥലമാണ് പച്ചക്കറി കൃഷിക്ക് തിരഞ്ഞെടുക്കേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 'ആഴത്തില്‍ കിളച്ച് അകലത്തില്‍ നടണം' എന്നാണ് ചൊല്ല്.

നിലം മൊത്തമായി കിളച്ചാണ് കൃഷിയ്ക്കൊരുങ്ങുന്നതെങ്കില്‍ സെന്റിന് രണ്ട് കിലോഗ്രാം കുമ്മായം/ഡോളമൈറ്റ് ചേര്‍ത്ത് ഈര്‍പ്പം ഉറപ്പുവരുത്തി രണ്ടാഴ്ച കിടക്കാന്‍ അനുവദിക്കണം. തടം മാത്രം എടുക്കുകയാണെങ്കില്‍ 2 കിലോ കുമ്മായ വസ്തുവിനെ തടത്തിന്റെ എണ്ണം കൊണ്ട് ഹരിച്ച് കിട്ടുന്ന അളവ് കുമ്മായം ഓരോ തടത്തിലും ചേര്‍ത്തുകൊടുക്കണം. അടിവളമായി അഴുകി പൊടിഞ്ഞ ചാണകം, ചാരം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേര്‍ത്ത് മണ്ണ് നന്നായി വെട്ടിയറഞ്ഞ് വിതയ്ക്കുകയോ നടുകയോ ചെയ്യണം. മഴക്കാലത്താണ് കൃഷിയെങ്കില്‍ വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ അല്പം ഉയരത്തില്‍ തടമൊരുക്കുന്നതാണ് നല്ലത്.

ഇത്തവണ തിരുവോണം ഇനി നൂറ്റിയമ്പത് ദിവസത്തോളം മാത്രം. ഇനി ഓരോയിനം പച്ചക്കറിയും വിളവെടുത്തു തുടങ്ങാന്‍ എത്ര ദിവസം വേണമെന്ന് നോക്കാം.

1. പാവല്‍- കിലോയ്ക്ക് 60-70 രൂപ ഉറപ്പായും കിട്ടുന്ന പച്ചക്കറിയാണ് പാവല്‍. മൊസേക് രോഗവും കായീച്ചയുമാണ് പ്രധാന വെല്ലുവിളികള്‍. നന്നായി പരിചരിക്കുകയാണെങ്കില്‍ 60-65 ദിവസം മുതല്‍ വിളവെടുത്ത് തുടങ്ങാം. ജൂണ്‍ മാസം പകുതിയോടെ കൃഷി തുടങ്ങാം. പോളി ബാഗിലോ ട്രേയിലോ തൈകള്‍ ഉണ്ടാക്കി നിര്‍ത്തണം. ശക്തമായ മഴക്കാലത്തായിരിക്കും തൈ നടേണ്ടി വരിക എന്നോര്‍ക്കണം. തടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതെ വേണം തയ്യാറാക്കാന്‍. പറ്റിയ ഇനങ്ങള്‍ പ്രീതി, മായ, പ്രിയങ്ക. ഒരു സെന്റില്‍ 10 തടങ്ങള്‍ എടുക്കണം. രണ്ട് മീറ്റര്‍ അകലത്തില്‍.

2. പടവലം- വലിയ പരിചരണമില്ലാതെ നല്ല വിളവ് തരും പടവലം. കൃഷിരീതികളെല്ലാം പാവലിനെപ്പോലെ തന്നെ. ചുവന്ന മത്തന്‍ വണ്ടുകളും കായീച്ചയും ആമവണ്ടും ഇലതീനിപ്പുഴുക്കളും മുഖ്യവെല്ലുവിളികള്‍. രണ്ട് മീറ്റര്‍ അകലത്തില്‍ സെന്റില്‍ 10 തടങ്ങള്‍ നട്ട് 55-60 ദിവസം മുതല്‍ കായ്പിടിച്ചു തുടങ്ങും. ജൂണ്‍ മാസം പകുതിയോടെ വിത്തിടാം. പറ്റിയ ഇനങ്ങള്‍ കൗമുദി, ബേബി മനുശ്രീ, വൈറ്റ് ആന്റ് ഷോര്‍ട്ട് മുതലായവ.

3. ചീര- ഓണക്കാലത്ത് അത്രയധികം ഡിമാന്‍ഡ് ചീരയ്ക്കില്ല. മാത്രമല്ല ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മഴക്കാലം ചീരയ്ക്ക് അത്ര പഥ്യമല്ല. ഇലപ്പുള്ളി രോഗവും കൂടുതലായിരിക്കും. മഴമുറയുണ്ടെങ്കില്‍ വിജയകരമായി കൃഷി ചെയ്യാം. ഒരു മാസം കൊണ്ട് വിളവെടുക്കാം. പറ്റിയ ഇനങ്ങള്‍ അരുണ്‍, CO-1, കൃഷ്ണശ്രീ, രേണുശ്രീ, കണ്ണാറ ലോക്കല്‍.

4. വെണ്ട- നട്ട് 45 ദിവസം മുതല്‍ വിളവെടുക്കാം. ജൂലായ് ആദ്യം കൃഷി തുടങ്ങാം. അല്‍പ്പം ഉയരത്തില്‍ പണകള്‍ എടുത്ത് കൃഷി ചെയ്യണം. രണ്ട് പണകള്‍ തമ്മില്‍ രണ്ടടി അകലവും പണയിലെ ചെടികള്‍ തമ്മില്‍ 40 സെ.മീ. അകലവും നല്‍കണം. നരപ്പ് രോഗം, ഇലചുരുട്ടിപ്പുഴു, ഇലപ്പുള്ളി രോഗം എന്നിവയെ കരുതിയിരിക്കണം. പറ്റിയ ഇനങ്ങള്‍ അര്‍ക്ക അനാമിക, ആനക്കൊമ്പന്‍, അരുണ (ചുവന്നയിനം), സുപ്രീം പ്രൈം (മാഹികോ), സാഹിബ മുതലായവ ഒരു സെന്റില്‍ 150 തടങ്ങള്‍ എടുക്കാം.

6. മുളക്, വഴുതന, തക്കാളി- മൂന്ന് പേരും ഒരേ കുടുംബക്കാര്‍. വാട്ടരോഗത്തിനെതിരെ മുന്‍ കരുതല്‍ എടുക്കണം. കുമ്മായപ്രയോഗം, ട്രൈക്കോഡെര്‍മ്മയാല്‍ സമ്പൂഷ്ടീകരിച്ച ചാണകപൊടി,  കലക്കി രണ്ടാഴ്ചയിലൊരിക്കല്‍ തടം കുതിര്‍ക്കല്‍ എന്നിവ നിശ്ചയമായും ചെയ്തിരിക്കണം. പ്രോട്രേകളില്‍ തൈകളുണ്ടാക്കി നാലാഴ്ച കഴിയുമ്പോള്‍ പറിച്ചുനടണം. ഏപ്രില്‍ മാസത്തില്‍ തൈകളുണ്ടാക്കാന്‍ തുടങ്ങണം. മെയ് ആദ്യം പറിച്ചുനടണം. തക്കാളി കൃഷിക്ക് അത്ര പറ്റിയ സമയമല്ല. പറിച്ചുനട്ട് 75 ദിവസം മുതല്‍ വിളവെടുക്കാം.

പറ്റിയ ഇനങ്ങള്‍

1. മുളക്- സിയാര, ബുള്ളറ്റ്, ഉജ്ജ്വല, മഞ്ജരി, ജ്വാലാമുഖി , അനുഗ്രഹ, വെള്ളക്കാന്താരി- അകലം 45 സെ.മീ X 45 സെ.മീ.
2. തക്കാളി- അനഘ അര്‍ക്ക രക്ഷക് മനുപ്രഭ - അകലം 60 X 60 സെ.മീ.
3. വഴുതന- സൂര്യ, ശ്വേത, നീലിമ, ഹരിത കൂടാതെ അസംഖ്യം സങ്കരയിനങ്ങളും-അകലം 90 സെ.മീ. X 60 സെ.മീ. നന്നായി ഇലച്ചാത്തുള്ളതുകൊണ്ട് ഈ അകലം പാലിക്കണം.
മുളക്, വഴുതന എന്നിവ പറിച്ചുനടാന്‍ ഏറ്റവും പറ്റിയ സമയം മെയ് മാസമാണ്.

6 വള്ളിപ്പയര്‍- വര്‍ഷത്തില്‍ ഏതു സമയത്തും പയര്‍ കൃഷി ചെയ്യാം. തണ്ടീച്ച, ചിത്രകീടം, ചാഴി, കായ്തുരപ്പന്‍ പുഴുക്കള്‍, മൊസേക് രോഗം എന്നിവയെ കരുതിയിരിക്കണം. ചാഴിയെ നിയന്ത്രിക്കുക അതീവ ദുഷ്‌കരം. നട്ട് 50 - 55 ദിവസത്തില്‍ വിളവെടുപ്പ് തുടങ്ങാം. ജൂണ്‍ മാസം പകുതിയോടെ കൃഷി തുടങ്ങണം. ലോല, ജ്യോതിക, ശാരിക, എന്‍.എസ്. 621, ബബ്ലി, റീനു, ഭോല, പുട്ടി സൂപ്പര്‍, സുമന്ത്, മൊണാര്‍ക്ക്, വി.എസ്. -13, ഷെഫാലി എന്നിവ. നീളത്തില്‍ പണ കോരി കുത്തനെ പടര്‍ത്തി വളര്‍ത്താം. ഒന്നരയടി അകലത്തില്‍ വിത്തിടാം. പരന്ന പന്തലില്‍ ആണെങ്കില്‍ രണ്ട് മീറ്റര്‍ അകലത്തില്‍ നടാം. നൈട്രജന്‍ വളങ്ങള്‍ അധികമായാല്‍ പൂക്കാന്‍ താമസം വരും. തുടക്കത്തില്‍ തന്നെ 2 ശതമാനം വീര്യത്തില്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിച്ചു തുടങ്ങണം. തൈകളുടെ ഇലകളില്‍ നിന്ന് നീരൂറ്റിക്കുടിച്ച് കുരുടിപ്പിക്കുന്ന ഒരു തരം ഈച്ചയാണ് പുതിയ വില്ലന്‍.

7. വെള്ളരി- നട്ട് 55-60 ദിവസത്തില്‍ വിളവെടുപ്പാരംഭിക്കാം. ജൂണ്‍ മാസം പകുതിയോടെ കൃഷിയാരംഭിക്കാം. വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ അല്പം ഉയരത്തില്‍ തടം എടുക്കണം. രണ്ട് വരികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലവും വരിയിലെ ചെടികള്‍ തമ്മില്‍ ഒന്നരമീറ്റര്‍ അകലവും പാലിക്കണം. ഒരു സെന്റില്‍ 13 തടങ്ങള്‍ എടുക്കാം. ചുവന്ന മത്തന്‍ വണ്ടുകളും കായീച്ചയുമാണ് പ്രധാന വെല്ലുവിളികള്‍. വലിയ കായ്കള്‍ തരുന്ന മുടിക്കോട് ലോക്കല്‍, ചെറിയ കായ്കള്‍ തരുന്ന സൗഭാഗ്യ എന്നിവയാണ് പ്രധാന ഇനങ്ങള്‍.

8. മത്തന്‍, കുമ്പളം- നട്ട് 100-105 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുത്ത് തുടങ്ങാം. മെയ് മാസം പകുതിയോടെ കൃഷി ആരംഭിക്കാം. വരികള്‍ തമ്മില്‍ നാലരമീറ്ററും വരികളിലെ ചെടികള്‍ തമ്മില്‍ 2 മീറ്റര്‍ അകലവും പാലിക്കണം. കെ.എ.യു. ലോക്കല്‍, ഇന്ദു, നെയ്ക്കുമ്പളം, അമ്പിളി, സുവര്‍ണ്ണ, സരസ്, ഡിസ്‌ക്കോ മത്തന്‍ (ചെറുത്) എന്നിവ മത്തങ്ങയുടെ ഇനങ്ങള്‍.

മത്തന്‍ വണ്ടുകള്‍, കായീച്ച, ഇലപ്പുള്ളി രോഗം എന്നിവയെ കരുതിയിരിക്കണം.

9. ചുരയ്ക്ക- വലിയ കീടരോഗ ബാധയില്ലാത്ത പച്ചക്കറി. അര്‍ക്ക ബഹാര്‍ മികച്ചയിനം. തറയിലും പന്തലിലും പടര്‍ത്താം. 3 X 3 മീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത് നടാം. തടമൊന്നിന് 15 കി.ഗ്രാം ജൈവവളം നല്‍കണം. നന്നായി പടരുന്നതിനാല്‍ വള്ളി വീശി തുടങ്ങുമ്പോള്‍ മേല്‍വളം നല്‍കണം. കായീച്ചയെ കരുതിയിരിക്കണം.

ശരിയായ അകലം പാലിച്ചു കൃഷി ചെയ്യണം. വിത്തില്‍ സ്യൂഡൊമൊണാസ് പുരട്ടി പാകണം. മണ്ണിന്റെ പുളിപ്പ് ക്രമീകരിക്കാന്‍ കുമ്മായം/ഡോളമൈറ്റ് എന്നിവ ഉപയോഗിക്കണം.

അടിവളമായി അഴുകിപൊടിഞ്ഞ ചാണകം, ചാരം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി, പി.ജി.പി.ആര്‍, വാം എന്നിവ ഉപയോഗിക്കണം. ആഴ്ചയിലൊരിക്കല്‍ വളച്ചായ, ഹരിതഗുണപണ്ടലം, പഞ്ചഗവ്യം, ജീവാമൃതം, ഫിഷ് അമിനോ ആസിഡ് എന്നിവയിലൊന്ന് ഒഴിച്ചുകൊടുക്കണം. കീടങ്ങളെ കുടുക്കാന്‍ കെണികളും വെയ്ക്കണം

പ്രമോദ് മാധവന്‍/അഗ്രികള്‍ച്ചറല്‍ ഓഫീസര്‍

English Summary: prepare now for onam farming : time has come for seed sowing

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds