Features

ചോളക്കൃഷി തുടങ്ങാം

നമ്മുടെ ധാന്യ-ഭക്ഷ്യ വിളകളിൽ പ്രധാനപ്പെട്ട ഒന്നാണ് ചോളം. നമ്മുടെ സംസ്ഥാനത്ത് ഇത് ഇനിയും വേണ്ടത്ര വ്യാപിച്ചിട്ടില്ല. അങ്ങിങ്ങായി ചിലര് കുറച്ചു നടുന്നു എന്നു മാത്രം. എന്നാല് നമ്മുടെ തൊട്ടടുത്ത കർണാടകം, തമിഴ്നാട് തുടങ്ങി ആന്ധ്രയിലും വടക്കെ ഇന്ത്യയില് വ്യാപകമായും നെല്ല്, ഗോതമ്പ്, ചോളം എന്ന ക്രമത്തില് ഇത് കൃഷിചെയ്ത് ഉപയോഗിക്കുകയും ആദായമുണ്ടാക്കുകയും ചെയ്യുന്നു. 


കേരളത്തിലും ഈ കൃഷി നന്നായി ചെയ്യാവുന്നതാണ്. സ്റ്റാർച്ചും വിറ്റാമിനുകൾ, കാത്സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുമെല്ലാം ഇതില് ധാരാളമുണ്ട്. അരിക്കും, ഗോതമ്പിനും ഇടയില് നമുക്ക് ചോളത്തിനും ഇടംകൊടുക്കേണ്ടതുണ്ട്. 

കൃഷിരീതി ഇങ്ങനെയാണ്. കേരളത്തില് നല്ല നീർവാർച്ചയുള്ള മണ്ണിൽ എല്ലാ കാലാവസ്ഥയിലും ചോളം കൃഷിചെയ്യാവുന്നതാണ്. മഴയെ ആശ്രയിച്ചാവുമ്പോൾ ജൂൺ മുതൽ ആഗസ്ത്-സെപ്തംബർ വരെ കൃഷിയിറക്കാം. 

ഒരേക്കറില് നടാൻ എട്ടു കി.ഗ്രാം വിത്ത് മതി. നിലം നന്നായി ഉഴുത് കട്ട ഉടച്ച് പരുവപ്പെടുത്തിയശേഷം 10 സെന്റിന് ഒരു ടൺ കാലിവളമോ കമ്പോസ്റ്റോ ചേർത്തുകൊടുക്കുക. മഴക്കാലത്ത് ചെറിയതറ നീളത്തിലെടുത്ത് അതിൽ വിത്ത് നടാം. രണ്ടു തറ തമ്മിൽ രണ്ടടി (60 സെ. മീ.)യും ചെടി തമ്മിൽ ഒരടി (30 സെ. മീ.)യും അകലത്തില് വിത്ത് നടാം.

വിത്തു മുളച്ച് ഒരുമാസമാകുമ്പോൾ കള നീക്കംചെയ്ത് രാസവളം ചേർക്കണം. സാധാരണ രീതിയില് ഏക്കറിന് 50 കി.ഗ്രാം യൂറിയ, 25 കി.ഗ്രാം മ്യൂററ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്കി മണ്ണ് ചേര്ത്തുകൊടുക്കണം. പിന്നീട് രണ്ടുമാസം കഴിഞ്ഞാല് 50 കി.ഗ്രാം പൊട്ടാഷും, പുഷ്ടികുറവാണെങ്കില് 50 കി.ഗ്രാം യൂറിയയും നല്കാം. രോഗങ്ങളില് മഴക്കാലത്ത് "കട ചീയല്' ഉണ്ടാകാം. ഇതു തടയാന് 20 ഗ്രാം സ്യൂഡൊമോണസ് എന്ന ജൈവ കുമിള്നാശിനി (20 ഗ്രാം ഒരുലിറ്റര് വെള്ളത്തില് കലര്ത്തി) ചുവട്ടില് ഒഴിച്ചുകൊടുക്കണം. രാസപദാര്ഥമെങ്കില് ഫൈറ്റലാന് നാലു ഗ്രാം ഒരുലിറ്ററില് തളിക്കുക. 

തണ്ടുതുരപ്പന് പുഴുവിനെ കാണുന്നുവെങ്കില് വേപ്പെണ്ണ ലായനി തളിച്ചാല് മതി.

വിളവെടുപ്പ്: മഴക്കാലത്ത് 120 ദിവസംകൊണ്ടും വേനലില് 90-110 ദിവസംകൊണ്ടും വിളവെടുക്കാം. ചോളക്കതിരിന്റെ പുറം പൊളി തവിട്ടുനിറമാകുമ്പോൾ ഒടിച്ചെടുത്ത് പാളിയോടെ നാലു ദിവസം വെയിലിൽ ഉണക്കണം. പിന്നീട് മെതിച്ചെടുക്കുക. വൃത്തിയാക്കിയ ധാന്യം നാലുദിവസംകൂടി വെയിലിൽ ഉണക്കി സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യാം. 

പച്ചക്കറി വിളകളായ തക്കാളി, വഴുതന, മുളക് എന്നിവയ്ക്കുള്ള വാട്ടരോഗം ഒരുപരിധിവരെ പ്രതിരോധിക്കാന് ഇടയിൽ ചോളം നട്ടാൽ മതിയാകുമെന്നു കണ്ടിട്ടുണ്ട്.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox