<
Features

50 ഏക്കറിൽ കരിമ്പ് - വാഴ കൃഷി, ഇടവിള കൃഷി രീതി, ഒരു കോടി രൂപയുടെ വാർഷിക വരുമാനം - ഹിമാൻഷു നാഥ് സിംഗിന്റെ വിജയകഥ

ഹിമാൻഷു നാഥ് സിംഗിന്റെ വിജയകഥ
ഹിമാൻഷു നാഥ് സിംഗിന്റെ വിജയകഥ

ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ പുരോഗമന കർഷകനായ ഹിമാൻഷു നാഥ് സിംഗ് ഇന്ന് ആധുനിക കൃഷി, നവീകരണ ചിന്ത, ശാസ്ത്രീയ സമീപനം എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ നിരവധി കർഷകർക്ക് പ്രചോദനമായിരിക്കുകയാണ്. കൃഷിയെക്കുറിച്ച് യുവാക്കൾക്കിടയിൽ നിരാശ ഉയരുന്ന സമയത്ത്, ശാസ്ത്രീയ രീതിയിൽ കൃഷി ചെയ്താൽ അത് ഒരു വ്യവസായത്തേക്കാൾ മികച്ചതാക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.

ഏകദേശം 50 ഏക്കർ ഭൂമിയിൽ കരിമ്പ്, വാഴ എന്നിവയും മറ്റു വിളകളും കൃഷി ചെയ്യുന്ന ഹിമാൻഷു നാഥ് സിംഗ് ഇന്ന് വർഷത്തിൽ ഏകദേശം ഒരു കോടി രൂപയുടെ വരുമാനം നേടുന്നു. ട്രെഞ്ച് രീതി, ഇടവിള കൃഷി രീതി, ഉയർന്ന സാന്ദ്രതാ കൃഷിരീതി, ജൈവ രീതികൾ, നാട്ടുവിദ്യ അടിസ്ഥാനമാക്കിയ യന്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് അദ്ദേഹം കൃഷിച്ചെലവ് കുറച്ച് ഉത്പാദനം വർധിപ്പിച്ചു.

കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം നേടാൻ ആഗ്രഹിക്കുന്ന കർഷകർക്ക് അദ്ദേഹത്തിന്റെ കൃഷിരീതി ഒരു വലിയ പ്രചോദനമാണ്. അദ്ദേഹവുമായി നടത്തിയ വിശദമായ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ:

Make India Organic, Natural and Profitable (MIONP) വേദിയിൽ ഹിമാൻഷു നാഥ് സിംഗ്
Make India Organic, Natural and Profitable (MIONP) വേദിയിൽ ഹിമാൻഷു നാഥ് സിംഗ്

ചോദ്യം: ആദ്യം താങ്കളെ സ്വയം പരിചയപ്പെടുത്താമോ?

ഉത്തരം: ഞാൻ ഹിമാൻഷു നാഥ് സിംഗ്, ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയാണ് എന്റെ ദേശം. ഞങ്ങളുടെ ഫാം ബിസ്വാൻ തഹസീലിൽ സ്ഥിതിചെയ്യുന്നു. 'ഖംബാപൂർ ഫാം' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കഴിഞ്ഞ 50-60 വർഷങ്ങളായി ഞങ്ങളുടെ കുടുംബം കൃഷിയാണ് പിന്തുടരുന്നത്. എന്റെ അച്ഛൻ കൃഷിയിൽ നിരന്തരം പുതിയ പരീക്ഷണങ്ങൾ നടത്തി വരികയായിരുന്നു. അത് തന്നെയാണ് ബാല്യം മുതൽക്കേ തന്നെ എന്നെ പ്രചോദിപ്പിച്ചത്.

ആരുടേയും നിർബന്ധം കൊണ്ടല്ല ഞാൻ കൃഷിയിലേക്ക് വന്നത്; താല്പര്യവും ഇഷ്ടവുമാണ് ഇതിന് കാരണം. ബിരുദപഠനം ചെയ്യുന്നതിനിടെ അച്ഛന് സഹായം ആവശ്യമാണെന്ന് മനസ്സിലായി. അങ്ങനെ ഞാൻ വയലിലേക്ക് പോകാൻ തുടങ്ങി. പിന്നീട് കൃഷി എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.

ഇന്ന് അതേ പാരമ്പര്യം ഞാൻ മുന്നോട്ട് കൊണ്ടുപോകുകയാണ്. നിലവിൽ ഏകദേശം 50 ഏക്കറിൽ കൃഷി ചെയ്യുന്നു. പ്രധാന വിളകൾ കരിമ്പും വാഴയുമാണ്. അതോടൊപ്പം ഗോതമ്പ്, കടുക് എന്നിവയും വിളചക്രത്തിന്റെ ഭാഗമായി കൃഷി ചെയ്യുന്നു. എല്ലാം ചേർന്ന് ഏകദേശം ഒരു കോടി രൂപയാണ് ഇന്നെന്റെ വാർഷിക വരുമാനം.

ചോദ്യം: ഇപ്പോൾ നിങ്ങൾ ഏത് കരിമ്പ് ഇനങ്ങളാണ് കൃഷി ചെയ്യുന്നത്?

ഉത്തരം: ഇപ്പോൾ എന്റെ ഫാമിൽ 9-10 കരിമ്പ് ഇനങ്ങളുണ്ട്. കാരണം ഞാൻ വിത്തുത്പാദനവും നടത്തുന്നുണ്ട്. പ്രധാനമായും 0118, 0238, 16202, 13231, 15023, 14201, 13235 തുടങ്ങിയ ഇനങ്ങളാണുള്ളത്.

0238 ഇനത്തിനെ മറികടക്കാൻ ഇതുവരെ മറ്റൊരു ഇനത്തിനും കഴിഞ്ഞിട്ടില്ല. എന്നാൽ പുതിയ ഇനങ്ങളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 0118, 14201 എന്നിവ വളരെ നല്ല ഇനങ്ങളാണ്. 18231 പുതിയതായി പുറത്തിറങ്ങിയതും വളരെ പ്രതീക്ഷ നൽകുന്നതുമാണ്.

ഹിമാൻഷു നാഥ് സിംഗിന്റെ കരിമ്പ് തോട്ടം
ഹിമാൻഷു നാഥ് സിംഗിന്റെ കരിമ്പ് തോട്ടം

ചോദ്യം: കരിമ്പ് നട്ടുപിടിപ്പിക്കാൻ ഏറ്റവും നല്ല സമയം ഏതാണ്?

ഉത്തരം: ഞാൻ കൂടുതലായും കരിമ്പ് നടുന്നത് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ്. ഇതിലൂടെ ഇടനിലക്കൃഷി എളുപ്പമാകുകയും വിളചക്രം ശരിയായി നിലനിൽക്കുകയും ചെയ്യുന്നു. ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ നടീൽ വളരെ കുറവാണ്.

ചോദ്യം: കരിമ്പ് കൃഷിയിൽ നിങ്ങൾ ഏത് ആധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്?

ഉത്തരം: ഞങ്ങൾ ട്രെഞ്ച് രീതിയിലാണ് കൃഷി ചെയ്യുന്നത്. ഇതിൽ വരികൾക്കിടയിൽ 5 മുതൽ 5.5 അടി വരെ അകലം നൽകുകയും ചെടികൾക്കിടയിൽ 1 മുതൽ 1.5 അടി വരെ ദൂരം പാലിക്കുകയും ചെയ്യുന്നു.

ആദ്യകാലത്ത് മൂന്ന് മുളകൾ ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് സിംഗിൾ ബഡ് സാങ്കേതിക വിദ്യയിലേക്ക് മാറി. ഇതിലൂടെ വിത്തിന്റെ ചെലവ് ഗണ്യമായി കുറഞ്ഞു. എന്നാൽ ഉത്പാദനത്തിൽ കുറവൊന്നും ഉണ്ടായിട്ടില്ല.

ട്രെഞ്ച് രീതിയുടെ പ്രധാന ഗുണം വരികൾക്കിടയിൽ മതിയായ ഇടം ലഭിക്കുന്നതാണ്. അതിൽ കടുക്, ഉരുളക്കിഴങ്ങ്, പച്ചക്കറികൾ എന്നിവ ഇടവിളയായി കൃഷി ചെയ്യുന്നു. ഇതിലൂടെ കരിമ്പിന്റെ തുടക്കച്ചെലവ് തന്നെ തിരിച്ചുപിടിക്കാനും അധിക വരുമാനം നേടാനും സാധിക്കുന്നു.

ചോദ്യം: ഇപ്പോൾ ഒരു ഹെക്ടറിന് എത്ര വിളവ് ലഭിക്കുന്നു?

ഉത്തരം: ഒരു ഹെക്ടറിന് ശരാശരി 1,000 മുതൽ 1,100 ക്വിന്റൽ വരെ കരിമ്പ് വിളവെടുക്കാൻ സാധിക്കുന്നു. ഇത് 2,470 ക്വിന്റൽ വരെ ഉത്പാദനം നേടിയിട്ടുണ്ട്. അന്ന് അതിന് ഉത്തർപ്രദേശിൽ തന്നെ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു.

ശരിയായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാൽ ഉത്പാദനം പലമടങ്ങ് വർധിപ്പിക്കാമെന്ന് ഈ നേട്ടം തെളിയിച്ചു.

ഹിമാൻഷു നാഥ് സിംഗ്
ഹിമാൻഷു നാഥ് സിംഗ്

ചോദ്യം: കരിമ്പ് കൃഷിയിൽ കർഷകർ ചെയ്യുന്ന ഏറ്റവും വലിയ പിഴവ് എന്താണ്?

ഉത്തരം: മണ്ണ് ശരിയായി തയ്യാറാക്കാത്തതാണ് ഏറ്റവും വലിയ തെറ്റ്. പലരും വെറുതെ ഉഴുത് വിതയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ മണ്ണിന്റെ ശരിയായ തയ്യാറെടുപ്പ് ഏറ്റവും പ്രധാനപ്പെട്ട ഘടകം തന്നെയാണ്.

അതുപോലെ നല്ല വിത്ത് തിരഞ്ഞെടുക്കൽ, ശരിയായ ജലസേചന സംവിധാനം, സമയബന്ധിതമായ പുല്ല് നിയന്ത്രണം എന്നിവയും അനിവാര്യമാണ്. കൃഷിയിൽ സമയ നിയന്ത്രണത്തിന് വളരെ വലിയ പ്രാധാന്യമുണ്ട്.

ചോദ്യം: ചെലവ് കുറച്ച് കൂടുതൽ ഉത്പാദനം എങ്ങനെ നേടാം?

ഉത്തരം: ആദ്യം ട്രെഞ്ച് രീതി സ്വീകരിക്കണം. അതോടൊപ്പം ഇടവിളക്കൃഷിയും നിർബന്ധമായും ചെയ്യണം. ഇതിലൂടെ അധിക വരുമാനം ലഭിക്കുകയും ചെലവ് കുറയുകയും ചെയ്യും.

രണ്ടാമത്തെ പ്രധാന കാര്യം യന്ത്രവൽക്കരണമാണ്. തൊഴിലാളി ചെലവ് കുറയ്ക്കാൻ കർഷകർ യന്ത്രവൽക്കരണത്തിലേക്ക് മാറണം.

ഹരിത വളപ്രയോഗം, ചാണകം, ജൈവരീതികൾ എന്നിവയും കൂടുതൽ ഉപയോഗിക്കണം. ഇതിലൂടെ മണ്ണിന്റെ ഗുണമേന്മ മെച്ചപ്പെടുകയും ദീർഘകാലത്തിൽ ഉത്പാദനം വർധിക്കുകയും ചെയ്യും.

ചോദ്യം: ഏത് ഇടവിളയാണ് കൂടുതൽ ലാഭകരം?

ഉത്തരം: അത് പ്രദേശത്തിന്റെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. മുമ്പ് ഞാൻ ഉരുളക്കിഴങ്ങും പച്ചക്കറികളും കൃഷി ചെയ്തിരുന്നു. അതിൽ നല്ല ലാഭവുമുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ പ്രദേശത്ത് കുരങ്ങുകളുടെ ശല്യം കൂടുതലായതിനാൽ നഷ്ടം ഉണ്ടായി.

അതുകൊണ്ടാണ് ഇപ്പോൾ മഞ്ഞ കടുക് കൂടുതലായി കൃഷി ചെയ്യുന്നത്. എങ്കിലും ഉരുളക്കിഴങ്ങ് തന്നെയാണ് മികച്ച ഇടവിള. കാരണം അത് കരിമ്പിനെ പ്രതികൂലമായി ബാധിക്കില്ല.

ചോദ്യം: വാഴകൃഷി ആരംഭിക്കാൻ കാരണമെന്ത്?

ഉത്തരം: തുടർച്ചയായി കരിമ്പ് കൃഷി ചെയ്യുന്നത് മണ്ണിന്റെ ശക്തി കുറയ്ക്കും. അതിനാൽ വിളചക്രം അനിവാര്യമാണ്. ആ ചിന്തയോടെയാണ് വാഴകൃഷി ആരംഭിച്ചത്.

വാഴകൃഷി മണ്ണിൽ ജൈവപദാർഥ അവശിഷ്ടം വർധിപ്പിക്കുന്നു. ചെടികളുടെ അവശിഷ്ടങ്ങൾ പ്രകൃതിദത്ത വളമായി പ്രവർത്തിക്കുന്നു. പിന്നീട് അതേ സ്ഥലത്ത് കരിമ്പ് കൃഷി ചെയ്യുമ്പോൾ മികച്ച ഉത്പാദനം ലഭിക്കുന്നു.

ചോദ്യം: ഒരു വാഴച്ചെടിയിൽ നിന്ന് എത്ര വിളവ് ലഭിക്കുന്നു?

ഉത്തരം: ശരാശരിയായി ഒരു ചെടിയിൽ നിന്ന് 25 കിലോ വിളവ് ലഭിക്കുമെന്ന് കണക്കാക്കുന്നു. ചില ചെടികളിൽ അത് 28 മുതൽ 30 കിലോ വരെ എത്തും. എങ്കിലും വിളവ് എപ്പോഴും ശരാശരിയുടെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്.

ക്യാബേജ് പാടം
ക്യാബേജ് പാടം

ചോദ്യം: വാഴകൃഷിയിൽ നിങ്ങൾ നടത്തിയ നവീകരണങ്ങൾ എന്തൊക്കെയാണ്?

ഉത്തരം: വാഴകൃഷിയിൽ ഏറ്റവും കൂടുതൽ ചെലവായത് ചെടികൾക്ക് മണ്ണ് കയറ്റുന്ന ജോലിയിലായിരുന്നു. ഇതിനായി ഞാൻ ഒരു മിനി ട്രാക്ടറിലേക്ക് ചക്രക്കലപ്പ ഘടിപ്പിച്ച് ഒരു നാട്ടുവിദ്യായന്ത്രം നിർമ്മിച്ചു.

മുമ്പ് 5-7 തൊഴിലാളികൾ 10 ദിവസം കൊണ്ട് ചെയ്ത ജോലി ഇപ്പോൾ ഒരു ദിവസം കൊണ്ട് ഏകദേശം 5 ഹെക്ടർ വരെ ചെയ്യാൻ സാധിക്കുന്നു. ഇതിലൂടെ തൊഴിലാളി ചെലവ് വളരെ കുറയ്ക്കാനും സാധിച്ചു.

അതോടൊപ്പം ഉയർന്ന സാന്ദ്രതാ കൃഷിയും ആരംഭിച്ചു. മുമ്പ് ഒരു ഏക്കറിൽ 1,100 ചെടികളായിരുന്നു. ഇപ്പോൾ 1,550-1,600 ചെടികൾ വരെ നട്ടുപിടിപ്പിക്കുന്നു.

ഹിമാൻഷു നാഥ്‌ സിംഗിന് കിട്ടിയ പുരസ്കാരങ്ങൾ
ഹിമാൻഷു നാഥ്‌ സിംഗിന് കിട്ടിയ പുരസ്കാരങ്ങൾ

ചോദ്യം: ഉയർന്ന ഉത്പാദനത്തിന് രാസവളങ്ങൾ അനിവാര്യമാണോ?

ഉത്തരം: അല്ല. ഞങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് മണ്ണിന്റെ ആരോഗ്യത്തിലാണ്. ചാണകം, പച്ചിലവളം, ജീവാമൃതം, ഘന ജീവാമൃതം തുടങ്ങിയവ ഉപയോഗിക്കുന്നു. ക്രമേണ ജൈവകൃഷിയിലേക്കാണ് ഞങ്ങൾ നീങ്ങുന്നത്.

കർഷകർക്ക് ഉടൻ ഫലം വേണമെന്നതാണ് പ്രശ്നം. രാസവളങ്ങൾ പ്രയോഗിച്ചാൽ ഉടൻ ഫലം കാണാം. എന്നാൽ ജൈവരീതികൾക്ക് സമയം വേണം. ദീർഘകാലത്തിൽ മണ്ണിനെ സംരക്ഷിക്കുന്നത് ഇവയാണ്.

ഇന്ന് മണ്ണിന്റെ ഈർപ്പം നിലനിർത്താനുള്ള കഴിവ് കുറയുന്നു. ഭൂമി വരണ്ടുപോകുന്നു. വേരുകളുടെ വളർച്ച ശരിയായി നടക്കാത്ത അവസ്ഥയാണ്. ഇപ്പോൾ തന്നെ ശ്രദ്ധിക്കാത്ത പക്ഷം ഭാവിയിൽ കൃഷി കൂടുതൽ ബുദ്ധിമുട്ടിലാകും.

ചോദ്യം: ഭാവിയിൽ തൊഴിലാളിരഹിത കൃഷി സാധ്യമാകുമോ?

ഉത്തരം: പൂർണമായും തൊഴിലാളികളില്ലാത്ത കൃഷി ഇപ്പോൾ സാധ്യമല്ല. എന്നാൽ 80-90 ശതമാനം വരെ യന്ത്രവൽക്കരണം സാധ്യമാണ്.

ഇന്ന് നിരവധി യന്ത്രങ്ങൾ ലഭ്യമാണ്. പക്ഷേ അവയുടെ വില ചെറുകിട കർഷകർക്ക് താങ്ങാൻ കഴിയുന്നതല്ല. ഭാവിയിൽ യന്ത്രങ്ങൾ വിലകുറഞ്ഞാൽ കൃഷി കൂടുതൽ എളുപ്പമാകും.

കൃഷി ജാഗരൺ സംഘടിപ്പിച്ച 'മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സ്' ൽ ദേശീയ പുരസ്‌കാരം സ്വീകരിക്കുന്ന ഹിമാൻഷു നാഥ്‌ സിംഗ്
കൃഷി ജാഗരൺ സംഘടിപ്പിച്ച 'മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സ്' ൽ ദേശീയ പുരസ്‌കാരം സ്വീകരിക്കുന്ന ഹിമാൻഷു നാഥ്‌ സിംഗ്

ചോദ്യം: എപ്പോഴെങ്കിലും കൃഷി വിട്ട് ഔദ്യോഗികമായി ജോലി ചെയ്യണമെന്നു തോന്നിയിട്ടുണ്ടോ?

ഉത്തരം: ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. എന്റെ അച്ഛൻ സ്ഥിരമായി കൃഷിയിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ആളുകൾ അദ്ദേഹത്തിന്റെ വയൽ കാണാൻ വരുമായിരുന്നു. അത് എന്നെ എപ്പോഴും പ്രചോദിപ്പിച്ചു. കൃഷിയിൽ കഠിനാധ്വാനത്തിന്റെ ഫലം കാണുമ്പോൾ അതിലേറെ സന്തോഷം മറ്റൊന്നിലും ഇല്ല.

ചോദ്യം: കർഷകർക്ക് നിങ്ങൾ നൽകുന്ന സന്ദേശം എന്താണ്?

ഉത്തരം: ഇന്നത്തെ കാലഘട്ടത്തിൽ പരമ്പരാഗതരീതിയിൽ മാത്രം കൃഷി ചെയ്യാൻ കഴിയില്ല. കർഷകർ പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കണം. മണ്ണിന്റെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കൃഷിയെ ഒരു ബിസിനസായി തന്നെ കാണണം.

ശരിയായ പദ്ധതി, ശാസ്ത്രീയ ചിന്ത, ക്ഷമ എന്നിവയോടെ പ്രവർത്തിച്ചാൽ കൃഷിയും വലിയ ലാഭം നൽകുന്ന മേഖലയായി മാറുമെന്നതിൽ സംശയമില്ല.


English Summary: Sugarcane - banana cultivation on 50 acres, intercropping method, annual income of one crore rupees - Himanshu Nath Singh's success story

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds