നവംബർ 26 ദേശീയ ക്ഷീര ദിനം! എല്ലാ കൊല്ലവും നവംബർ 26 നാണ് ഇന്ത്യയിൽ ദേശീയ ക്ഷീര ദിനമായി ആഘോഷിക്കുന്നത്. ഡോ.വർഗീസ് കുര്യൻ്റെ ജൻമ ദിനം ബഹുമാനിക്കുന്നതിനായാണ് ഈ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയിലെ ധവള വിപ്ലവത്തിൻ്റെ പിതാവ് എന്ന് അറിയപ്പെടുന്ന വർഗീസ് കുര്യനാണ് പാലുൽപ്പാദനത്തനെ മെച്ചപ്പെടുത്തുന്നതിനായി പാലുൽപ്പാദനം വ്യവസായവൽക്കരിച്ച് വിപ്ലവം സൃഷ്ടിച്ചത്. അങ്ങനെ ഇന്ത്യയുടെ മിൽക്ക് മാൻ എന്ന വിശേഷണവും അദ്ദേഹത്തിന് നേടിയെടുത്തു.
2014 നവംബർ 26 നാണ് ദേശീയ ക്ഷീര വികസന ബോർഡും (NDDB) ഇന്ത്യൻ ഡയറി അസോസിയേഷനും (IDA) ചേർന്ന് ആദ്യത്തെ ദേശീയ ക്ഷീരദിനം പ്രഖ്യാപിച്ചത്.
ഈ ദിനത്തിൽ ഡോ. കുര്യന്റെ പ്രയത്‌നങ്ങളെ സ്മരിക്കുകയും പാലിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചും പോഷകമൂല്യത്തെക്കുറിച്ചും ആളുകളെ ബോധവൽക്കരിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ക്ഷീര വികസന ബോർഡിൻ്റെ സ്ഥാപകനും ആദ്യ ചെയർമാനുമാണ് കുര്യൻ. ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിൻ്റെ ചെയർമാനായി 34 വർഷം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ക്ഷീര വ്യവസായത്തിലെ വിപ്ലവം
ഇന്ത്യയിലെ ക്ഷീര വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചത് വർഗീസ് കുര്യനാണ്. രാജ്യത്തെ ക്ഷീര വ്യവസായത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു, സമർപ്പിത പ്രവർത്തനങ്ങളിലൂടെ, മുഴുവൻ വ്യവസായത്തെയും മാറ്റിമറിക്കുക മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്. ഇന്ന് രാജ്യത്തിന്റെ മൊത്തത്തിലുള്ള ജിഡിപിയിൽ 5.3% മൂല്യം സംഭാവന ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ സ്വാശ്രയ വ്യവസായത്തിനാണ് അദ്ദേഹം അടിത്തറയിട്ടത്. അമുൽ എന്ന പ്രമുഖ ബ്രാൻഡിനെ സ്ഥാപിച്ചതും അദ്ദേഹമാണ്.
കാർഷിക മേഖലയുടെ നട്ടെല്ലാണ് ക്ഷീര മേഖല എന്ന് വേണമെങ്കിൽ പറയാം. കാരണം 2 പതിറ്റാണ്ടായി ലോക രാജ്യങ്ങളെയെല്ലാം പിന്‍തള്ളി പാലുല്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് എത്തി നിക്കുന്നത് ഇന്ത്യയാണ്.
ധവള വിപ്ലവം
രാജ്യത്തെ മൊത്തത്തിലുള്ള പാൽ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനായാണ് ഡോ.വർഗീസ് കുര്യൻ ധവള വിപ്ലവം ഇന്ത്യയിൽ കൊണ്ടുവന്നത്. വിപ്ലവത്തിന്റെ ഒരു പ്രധാന ഭാഗം 'ഓപ്പറേഷൻ ഫ്ലഡ്' ആയിരുന്നു, ഇത് ഉൽപ്പാദിപ്പിക്കുന്ന പാലിന് ന്യായമായ വില നൽകാൻ കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്. വിപ്ലവത്തെക്കുറിച്ചുള്ള ചില പ്രധാന കാര്യങ്ങൾ ചുവടെ കൊടുക്കുന്നു:
ധവളവിപ്ലവത്തിന്റെ കാലത്ത്, പ്രവർത്തിക്കുന്ന കർഷകരെ പാൽ ഉൽപാദനത്തിന്റെയും വിൽപ്പനയുടെയും ചുമതല ഏൽപ്പിക്കുകയും അതിന്റെ ഫലമായി ക്ഷീര വ്യവസായം മികച്ച രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു.
ഗ്രാമീണ വരുമാനത്തിൽ ഉണ്ടായ വർധന പിന്നീട് ജിഡിപി വർധിപ്പിക്കാൻ കാരണമായി.
2016-ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി മാറി.
കേരളത്തിലെ ക്ഷീര വ്യവസായം
കേരളത്തിൽ 1962ലാണ് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ നിർദ്ദേശപ്രകാരം ക്ഷീരവികസന വകുപ്പ് രൂപീകൃതമായത്. പശുവളർത്തൽ എങ്ങനെ ആദായകരമാക്കാം എന്നും തൽഫലമായി ക്ഷീരകർഷകർക്ക് സാമൂഹിക സാമ്പത്തിക സുസ്ഥിരത എങ്ങനെ കൈവരിക്കാം എന്നതുമായിരുന്നു വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്ന് പറയുന്നത്. ക്ഷീരവികസന വകുപ്പ് സംസ്ഥാനത്തെ തീറ്റപ്പുൽകൃഷി വികസന പദ്ധതിയുടെ നോഡൽ ഏജൻസിയും കൂടിയാണ്.
വകുപ്പിന്റെ തുടക്കത്തിൽ വാർഷിക ഉല്പാദനം 2 ലിറ്റർ ആയിരുന്നത് ഇപ്പോൾ 25.20 ലക്ഷം മെട്രിക് ടൺ ആയി നിൽക്കുന്നുണ്ട്. ഇതിൽ ക്ഷീരസംഘങ്ങൾ സംഭരിക്കുന്നത് 6.64 ലക്ഷം മെട്രിക് ടൺ ആണ്. കേരളം പാലുല്പാദനത്തിൽ ശരാശരി 80% സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഏകദേശം 3.29 ലക്ഷം ക്ഷീരകർഷകർ നാളിതുവരെ ഈ വകുപ്പിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
റെക്കോർഡ് നേട്ടം
കേരളത്തിൽ കഴിഞ്ഞ ഓണക്കാലത്തെ പാൽവിൽപ്പനയിൽ മിൽമയ്ക്ക് റെക്കോഡ് നേട്ടമാണ് സ്വന്തമായത്.
സെപ്റ്റംബർ 4 മുതൽ 7 വരെയുള്ള നാല് ദിവസങ്ങളിലായി തൊണ്ണൂറ്റിയഞ്ച് ലക്ഷത്തോളം (94,59,576 )ലിറ്റർ പാക്കറ്റ് പാലാണ് വിറ്റത്. മുൻവർഷത്തെ അപേക്ഷിച്ച് 11.12 ശതമാനം വർധനവാണുള്ളത്. തിരുവോണ ദിവസം മാത്രം മുപ്പത്തിയഞ്ച് ലക്ഷത്തിലധികം (35,11,740) ലിറ്റർ പാൽ വിൽപ്പന നടന്നു.
പാല് മാത്രമല്ല തൈര് വിൽപ്പനയിലും മിൽമ നേട്ടമുണ്ടാക്കി. സെപ്റ്റംബർ 4 മുതൽക്കുള്ള നാലു ദിവസങ്ങളിലായി പതിനൊന്നു ലക്ഷത്തിലധികം (11,30,545) കിലോ തൈരാണ് വിറ്റത്. തിരുവോണത്തിന് മാത്രം മൂന്നേമൂക്കാൽ ലക്ഷം (3,45,386) കിലോ തൈരും വിറ്റു.
കേരളത്തിലെ പശുക്കളുടെ പ്രതിദിന ശരാശരി പാൽ ഉല്പാദനക്ഷമതയായ 10.2 കിലോഗ്രാം ദേശീയ ശരാശരിയേക്കാൾ മുകളിലാണെന്നാണ് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറയുന്നത്. ദേശീയ ശരാശരി 7.5 കിലോഗ്രാമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുള ഉല്‍പ്പന്നങ്ങളുടെ വിപണന മേളയൊരുക്കി കേരള ബാംബൂ ഫെസ്റ്റ് 27 മുതല്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും
Share your comments